കോഴിക്കോട് - മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമാക്കിയാണ് കള്ളക്കടത്ത് നടന്നതെന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ പോലും അന്വേഷണ ഏജന്‍സികള്‍ തയ്യാറാകാത്തതിന്റെ കാരണം വെളിപ്പെടുത്തണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പേരില്‍ മാത്രമാണ് കേസുള്ളത്. മുഖ്യമന്ത്രിയെ തൊടാത്തത് എന്തുകൊണ്ടാണെന്ന് മോഡി വ്യക്തമാക്കണം. ബിജെപിയും സിപിഎമ്മും തമ്മിലുള്ള രഹസ്യധാരണ മൂലമാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തതെന്ന് അദ്ദേഹം ആരോപിച്ചു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹസ്സന്‍. സ്വര്‍ണക്കടത്തു കേസില്‍ പ്രധാനമന്ത്രിയുടെ ആരോപണത്തിന് മുഖ്യമന്ത്രി നേരിട്ട് മറുപടി പറയണം. പാര്‍ട്ടി സെക്രട്ടറി അല്ല ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത്. സ്വര്‍ണക്കടത്തുകാരെ രക്ഷിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസ് ആണെന്ന പാര്‍ട്ടി സെക്രട്ടറിയുടെ ആരോപണം ഗൗരവമുള്ളതാണ്. മുഖ്യമന്ത്രിയുടെ അറിവോ സമ്മതമോ കൂടാതെ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കാന്‍ ഇടയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കണ്ണൂരില്‍ നഴ്‌സുമാരുടെ സംഘടന നടത്തിയ സമരത്തിനിടയില്‍ പൊലീസിനോട് കയര്‍ത്ത കല്ല്യാശേരി എംഎല്‍എ വിജിന്‍ ആരാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ പൊലീസ് തൊപ്പി ഊരിവച്ച മാപ്പ് പറഞ്ഞു പോകുമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. വിജിനെ തിരിച്ചറിയാതിരുന്നത് എസ്‌ഐക്ക് അബദ്ധം പറ്റിയത് കൊണ്ടാണ്. സിപിഎം നേതാവ് ആണെന്ന് അറിഞ്ഞിരുന്നെങ്കില്‍ സല്യൂട്ട് അടിക്കുമായിരുന്നു. വിജിനെതിരെ കേസ് എടുത്താല്‍ തൊപ്പി തെറിക്കുമെന്ന് പൊലീസിന് അറിയാം. അതു കൊണ്ടാണ് നഴ്‌സുമാര്‍ക്കെതിരെ മാത്രം കേസ് എടുത്തതെന്നും ഹസന്‍ പരിഹസിച്ചു. കേരളത്തില്‍ പൊലീസ് രാജാണ് നടക്കുന്നത്. സിപിഎമ്മിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് കെഎസ്‌യു പ്രവര്‍ത്തകനെ കഴുത്തിന് പിടിച്ച് ഞെരിച്ച ഡിസിപിക്കെതിരെ പ്രതിഷേധമുയര്‍ത്തിയ കോണ്‍ഗ്രസ് അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ക്രിമിനിലുകളെ സംരക്ഷിച്ച് പരാതിക്കാര്‍ക്കെതിരെ കേസെടുക്കുന്ന പൊലീസാണ് സംസ്ഥാനത്തുള്ളതെന്നും ഹസന്‍ കുറ്റപ്പെടുത്തി.