കൊച്ചി - കൊച്ചി ജലമെട്രോയ്ക്കായി നിര്‍മ്മിച്ച വൈദ്യുതി ബോട്ടുകള്‍ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സരയൂ നദിയിലൂടെ സര്‍വീസ് തുടങ്ങാന്‍ യു പി സര്‍ക്കാര്‍ ' അടിച്ചു മാറ്റി'. ബോട്ടുകള്‍ അയോധ്യയില്‍ എത്തിയതിന്റെ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നപ്പോഴാണ് കേരള സര്‍ക്കാര്‍ ഇക്കാര്യം അറിയുന്നത്. കൊച്ചി ജലമെട്രോ അതോറിറ്റിക്കായി (കെ ഡബ്ല്യു എം എല്‍) നിര്‍മ്മിച്ച ബോട്ടുകള്‍ കേരള സര്‍ക്കാറിനെ പോലും അറിയിക്കാതെ കൊച്ചി കപ്പല്‍ശാലയില്‍ നിന്ന് കൊണ്ടു പോകുകയായിരുന്നു. രണ്ടു വൈദ്യുതി ബോട്ടുകളാണ് ഇങ്ങനെ കടത്തികൊണ്ടുപോയത്. അയോധ്യയിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരാണസിയിലുമാണ് ഈ ബോട്ടുകള്‍ സര്‍വീസ് നടത്തുക.. കൊച്ചി ജലമെട്രോയ്ക്ക് മാര്‍ച്ച് മാസത്തിനുള്ളില്‍ 11 ബോട്ടുകള്‍ നല്‍കാനുള്ള കരാറിന്റെ ഭാഗമായി നിര്‍മിച്ച ബോട്ടുകളാണ് പദ്ധതിക്ക് പിന്നില്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ടുള്ളതിനാല്‍ കേന്ദ്രത്തിന്റെ അനുമതിയോടെ യു പി സര്‍ക്കാര്‍ കടത്തിക്കൊണ്ടു പോയത്. കേരളത്തില്‍ നിന്നു കൊണ്ടുപോയ ബോട്ടുകള്‍ അയോധ്യ ക്ഷേത്ര ഉദ്ഘാടനത്തോടനുബന്ധിച്ച് ജനുവരി 22ന് സര്‍വീസ് ആരംഭിക്കും. 50 സീറ്റുകളുള്ള 100 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടുകളാണിത്.