പത്തനംതിട്ട - മരിച്ചെന്ന് കരുതി ബന്ധുക്കള്‍ മൃതദേഹം മറവ് ചെയ്ത ആളെ ജീവനോടെ കണ്ടെത്തി. അപ്പോള്‍ ശരിയ്ക്കും മരിച്ചതാര് എന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് പോലീസ്. ഡിസംബര്‍ 30 ന് നിലയ്ക്കല്‍ എം. ആര്‍. കവലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് മഞ്ഞത്തോട് സ്വദേശി രാമന്‍ ബാബു എന്ന് കരുതി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മറവ് ചെയ്യുകയായിരുന്നു. എന്നാല്‍ രാമന്‍ ബാബുവിനെ ഇന്ന് ഉച്ചയോടെ കോന്നി കൊക്കാത്തോട്ടില്‍ വെച്ച് കണ്ടെത്തുകയായിരുന്നു. രാമന്‍ ബാബുവിന്റെ മക്കള്‍ തിരിച്ചറിഞ്ഞത് കൊണ്ടാണ് മൃതദേഹം വിട്ടുകൊടുത്തതെന്നാണ് പോലീസിന്റെ വിശദീകരണം. മറവ് ചെയ്ത മൃതദേഹം യഥാര്‍ത്ഥത്തില്‍ ആരുടേതാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. ശബരിമല തീര്‍ഥാടന പാതയില്‍ ഇലവുങ്കലിനും നിലയ്ക്കലിനും മധ്യേ റോഡിനോടു ചേര്‍ന്ന് വയോധികന്റെ മൃതദേഹം പരുക്കുകളോടെ ഉറുമ്പ് അരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ആദിവാസി ഊരില്‍ ഉള്ള രാമന്‍ ബാബു ആണെന്ന് സംശയം വരികയും കുടുംബം എത്തി മൃതദേഹം പരിശോധിക്കുകയും ചെയ്തു. രാമന്‍ ബാബുവിന് അലഞ്ഞു തിരിയുന്ന സ്വഭാവവും ഓര്‍മക്കുറവുമുണ്ട്. മൃതദേഹത്തിലെ അടയാളങ്ങളും ധരിച്ചിരുന്ന വസ്ത്രങ്ങളും രാമന്‍ ബാബുവിന്റേതായി സാമ്യം തോന്നിയതിനെ തുടര്‍ന്നാണ് മൃതേദഹം അടക്കം ചെയ്തത്. ഇത് സംസ്‌കാരത്തിനായി വിട്ടുകൊടുത്ത പോലീസ് ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ്.