അബുദാബി - എംബാമിംഗ് സര്‍ട്ടിഫിക്കറ്റ് കേന്ദ്ര സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്ത ശേഷം മാത്രമേ മൃതദേഹങ്ങള്‍ നാട്ടിലയക്കാനുള്ള അപ്രൂവല്‍ ദല്‍ഹിയില്‍നിന്ന് നല്‍കൂ എന്ന നിബന്ധന മൂലം പ്രവാസികളുടെ മൃതദേഹം നാട്ടിലയക്കുന്നത് വൈകുന്നു. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച് വിമാന ടിക്കറ്റ് എടുക്കണമെങ്കില്‍ ദല്‍ഹിയില്‍നിന്നു അനുമതി ലഭിക്കാന്‍ കാത്തിരിക്കേണ്ട അവസ്ഥയാണ് വന്നു ചേര്‍ന്നിരിക്കുന്നത്.
യു.എ.ഇയിലെ നിയമ നടപടികള്‍ (ഡെത്ത് സര്‍ട്ടിഫിക്കറ്റ്, റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ) പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ എംബാമിംഗ് കൂടി കഴിഞ്ഞ് തൊട്ടടുത്ത സമയത്തെ എയര്‍ലൈനില്‍ നിന്നു അപ്രൂവലെടുത്ത് കയറ്റി വിടുന്ന പ്രക്രിയയാണിപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം കാരണം അനിശ്ചിതമായി വൈകുന്നത്. അപ്രൂവല്‍ ലഭിക്കുന്നത് വരെ എയര്‍ലൈന്‍ ടിക്കറ്റ് എടുക്കാനാവാത്ത സ്ഥിതിയാണ്. പുതിയ ചട്ടം എടുത്തുകളയണമെന്ന് നിരവധി പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.