Sorry, you need to enable JavaScript to visit this website.

കേരളം ഡെയ്ഞ്ചര്‍ സോണിലാണ്, സ്വയം ഡോക്ടറായി ചമഞ്ഞുള്ള മുറി വൈദ്യം നടക്കില്ല, കുറിപ്പടിയില്ലാതെ ഇനി മരുന്ന് കിട്ടില്ല

കോഴിക്കോട് - തിന്നാനും കുടിക്കാനുമുള്ള സാധനങ്ങളോട് മലയാളികള്‍ക്ക് എന്നും അമിതമായ ആസക്തിയാണ്. അത് ഭക്ഷണമായാലും മദ്യമായാലും മലയാളി വാരിവലിച്ച് കഴിക്കുകയും കുടിക്കുകയും ചെയ്യും. എന്നാല്‍ അടുത്ത കാലത്തായി മരുന്നുകളും മലയാളികള്‍ വാരിവലിച്ച് കഴിക്കുകയാണ്. മരുന്നുകള്‍, പ്രത്യേകിച്ച് ആന്റിബയോട്ടിക് മരുന്നുകള്‍ കഴിച്ച് രോഗം വിലയ്ക്ക് വാങ്ങുന്ന മലയാളികളുടെ എണ്ണം വന്‍ തോതില്‍ വര്‍ധിച്ചു വരികയാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ആന്റിബയോട്ടിക് മരുന്നുകളില്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് മലയാളികള്‍ എത്തിത്തുടങ്ങിയിരിക്കുന്നു. ആന്റിബയോട്ടിക്ക് മരുന്നുകളുടെ അമിതമായ ഉപയോഗം മൂലം വലിയ അത്യാപത്തിലേക്കാണ് കേരളം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന ആരോഗ്യ വിദ്ഗധരുടെ മുന്നറിയിപ്പുകളൊന്നും ആരും കേള്‍ക്കുന്നില്ല. വേണ്ടിടത്തും വേണ്ടാത്തിടത്തും ആന്റിബയോട്ടിക് മരുന്നകള്‍ കഴിച്ച് കഴിച്ച് അതിനെ വെല്ലാന്‍ ശേഷിയുടെ അതിമാരകമായ രോഗങ്ങളുണ്ടാക്കുന്ന വെറസുകളെ നമ്മള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ആന്റിബയോട്ടിക് മരുന്നുകളുടെ അമിത ഉപയോഗത്തിന്റെ ഭീഷണി ലോകമാകെ നേരിടുമ്പോള്‍ ഇതിന്റെ ഏറ്റവും അപകടകരമായ അവസ്ഥയില്‍ റെഡ് സോണിലാണ് കേരളം. ഇതിനെതിരെ സര്‍ക്കാര്‍ തലത്തില്‍ ജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണങ്ങള്‍ ഒരുപാട് നടത്തി നോക്കി, ഡോക്ടര്‍മാരുടെ കുറിപ്പടി നിയന്ത്രിച്ചു , പക്ഷ മലയാളികള്‍ ശീലം മാറ്റില്ല, നേരം വെളുത്താന്‍ ആന്റിബയോട്ടിക് മരുന്നുകള്‍ക്കായി മെഡിക്കല്‍ ഷോപ്പിലേക്ക് നെട്ടോട്ടമാണ്. എതായാലും ഇനി അത് നടപ്പില്ല, ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് ഇനി ആന്റിബയോട്ടിക് മരുന്നുകള്‍ വാങ്ങാന്‍ കഴിയില്ല. അതിനുള്ള ഉത്തരവ് സംസ്ഥാന ആരോഗ്യ വകുപ്പില്‍ നിന്ന് പുറത്തിറങ്ങി കഴിഞ്ഞു. ഇനി ആരും സ്വയം ഡോക്ടര്‍ ചമഞ്ഞ് മരുന്നിനായി മെഡിക്കല്‍ ഷോപ്പിലേക്ക് പോകേണ്ടെന്ന് ചുരുക്കം. 

 

 

ഇതിലും വലിയ അത്യാപത്ത് വരാനില്ല

ജലദോഷപ്പനി വന്നാല്‍ പോലും മലയാളിക്ക് ആന്റിബയോട്ടിക് മരുന്നുകള്‍ ഇല്ലാതെ പറ്റില്ല. ഓരോ രോഗത്തിനുമുള്ള ആന്റിബയോട്ടിക്ക് മരുന്നുകളുടെ പേരുകള്‍ കൊച്ചു കുട്ടികള്‍ക്ക് വരെ അറിയാമെന്ന സ്ഥിതിയാണ്. രോഗം വന്നാല്‍ ഡോക്ടറുടെ കുറിപ്പടി പോലുമില്ലാതെ സ്ഥിരമായി ആന്റിബയോട്ടിക് വാങ്ങിക്കഴിക്കുന്നു. ഇതിലൂടെ വലിയ അത്യാപത്താണ് നമ്മള്‍ ഓരോുത്തരും സൃഷ്ടിക്കുന്നത്. സ്ഥാനത്തും അസ്ഥാനത്തും ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് രോഗത്തിന് കാരണമാകുന്ന അണുക്കളെ കൂടുതല്‍ ശക്തിയോടെ ശരീരത്തിലേക്ക് എത്താന്‍ സഹായിക്കുകയാണ് ഇതിലൂടെ ചെയ്തു കൊണ്ടിരിക്കുന്നത്. ആന്റിബയോട്ടിക് മരുന്നുകളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്ന ബാക്ടീരിയകള്‍ അതിന്റെ പ്രതിരോധ ശേഷിയെ മറികടക്കുകയാണ്. ഇനി ഒരു മരുന്നും ഏശാത്ത രീതിയില്‍ ബാക്ടീരിയകള്‍ നമ്മെ കീഴടക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ തലമുറ മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്‍ക്ക് പോലും വലിയ അത്യാപത്താണ് അതുണ്ടാക്കാന്‍ പോകുന്നതെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കണ്ടുപിടിക്കാന്‍ പോലും പറ്റാത്ത പുതിയ രോഗങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതിന്റെ ഏറ്റവും പ്രധാന കാരണം ആന്റിബയോട്ടിക് മരുന്നുകളുടെ അമിത ഉപയോഗമാണെന്ന് മുന്നറിയിപ്പുകള്‍ ആരും കണക്കിലെടുക്കുന്നില്ല. ആരോഗ്യത്തോടെ ജീവിക്കേണ്ട ഭാവി തലമുറയാണ് ഇതിലൂടെ ഏറ്റവും വലിയ ഭീഷണി നേരിടുന്നത്.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അധികൃതര്‍ ഡോക്ടര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു. പനി തലവേദന, അലര്‍ജി എിവയടക്കമുള്ള സാധാരണ രോഗങ്ങള്‍ക്ക് പോലും ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കുന്നത് വ്യാപകമാണെും ഇത് രോഗികളില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും മരണത്തിന് വരെ കാരണമാകുകയും ചെയ്യുമെന്നായിരുന്നു മുന്നറിയിപ്പ്. 

ഓപ്പറേഷന്‍ അമൃത്

ഓപ്പറേഷന്‍ അമൃത് എന്ന പേര് കേള്‍ക്കാന്‍ ഒരു സുഖമൊക്കെയുണ്ട്. എന്നാല്‍ ആന്റിബയോട്ടിക് മരുന്നുകളുടെ അമിത ഉപയോഗം കേരളത്തില്‍ എല്ലാ പരിധികളും വിട്ടു പോയതോടെ കഴിഞ്ഞ ദിവസം സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ച പരിപാടിയാണിത്. ഇതും കൂടി പരാജയപ്പെട്ടാല്‍ പിന്നെന്ത് എന്നത് ഒരു വലിയ ചോദ്യ ചിഹ്നമാണ്. അതുകൊണ്ട് തന്നെ പൊതുജനങ്ങളുടെ പങ്കാളിത്തം ഏറ്റവും അധികം വേണ്ട കാര്യമാണിതെന്ന് മന്ത്രി തന്നെ പറയുന്നു. ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ഇന്റര്‍വെന്‍ഷന്‍ ഫോര്‍ ടോട്ടല്‍ ഹെല്‍ത്ത് എന്നതിന്റെ ചുരുക്കപ്പരാണ് അമൃത്. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മെഡിക്കല്‍ ഷോപ്പുകള്‍ ആന്റിബയോട്ടിക് മരുന്നുകള്‍ വില്‍പ്പന നടത്തുന്നത് തടയുന്നതിനും അത്യാവശ്യമില്ലാത്ത അവസരങ്ങളില്‍ ആന്റിബയോട്ടിക് മരുന്നുകള്‍ എഴുതി നല്‍കുന്നതില്‍ നിന്ന് ഡോക്ടര്‍മാരെ പിന്തിരിപ്പിക്കുന്നതിനും വേണ്ടിയുള്ള പരിപാടിയാണിത്. ഇതിനായി ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം തുടര്‍ച്ചയായ പരിശോധനകള്‍ നടത്തും. അംഗീകൃത ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ഇനി മുതല്‍ ആന്റിബയോട്ടിക് മരുന്നുകള്‍ കിട്ടില്ല. മെഡിക്കല്‍ സ്റ്റോറുകള്‍ അങ്ങനെ വില്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കം കര്‍ശന നടപടിയിലേക്ക് നീങ്ങും. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് മരുന്നുകള്‍ വില്‍ക്കുന്നതല്ല എന്ന ബോര്‍ഡ് എല്ലാ മരുന്നു ഷോപ്പുകള്‍ക്ക് മുന്നിലും പ്രദര്‍ശിപ്പിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. കുറിപ്പടിയില്ലാതെ മരുന്നുകള്‍ വില്‍ക്കുന്നുണ്ടോയെന്നറിയാന്‍ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ രഹസ്യ പരിശോധനകള്‍ തുടര്‍ച്ചയായി ഉണ്ടാകും. മാത്രമല്ല രോഗി ഒന്നു തുമ്മിയാല്‍ അനാവശ്യമായി ആന്റിബയോട്ടിക് മരുന്നുകള്‍ എഴുതി വിടുന്ന ഡോക്ടര്‍മാരെയും നിയന്ത്രിക്കാന്‍ തന്നെയാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.

 

കുറിപ്പടി ഒരിക്കല്‍ കിട്ടിയാല്‍ മതി പിന്നെ കാലാകാലം

സ്വയം ഡോക്ടര്‍മാര്‍ ചമയുന്ന ശീലം മലയാളിയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. ഒരു രോഗത്തിനുള്ള ആന്റിബയോട്ടിക് മരുന്ന് ഡോക്ടര്‍ ഒരിക്കല്‍ മാത്രം എഴുതിയാല്‍ മതി പിന്നെ വര്‍ഷങ്ങളോളം എപ്പോള്‍ രോഗം വന്നാലും മെഡിക്കല്‍ ഷോപ്പില്‍ പോയി ആ മരുന്ന് വാങ്ങി കഴിക്കുന്ന മലയാളിയുടെ ശീലം വലിയ തോതില്‍ കൂടി വരികയാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.  ഈ ശീലമാണ് രോഗത്തിന് ഒരു മരുന്നും ഏല്‍ക്കാത്ത രീതിയില്‍ വലിയ അത്യാപത്തിലേക്ക് കേരളത്തെ കൊണ്ടു പോകുന്നത്. നല്ല വിലയുള്ള, വിറ്റാല്‍ താരതമ്യേന ഉയര്‍ന്ന കമ്മീഷന്‍ കിട്ടുന്ന ആന്റിബയോട്ടിക് മരുന്നുകള്‍ ഒരു കുറിപ്പടിയുമില്ലാതെ വില്‍ക്കാന്‍ മെഡിക്കല്‍ ഷോപ്പുകാര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. കുറിപ്പടിയൊന്നും വേണ്ട രോഗം എന്തെന്ന് പറഞ്ഞാല്‍ മെഡിക്കല്‍ ഷോപ്പിലെ ഫാര്‍മസിസ്റ്റ് മുതല്‍ ബില്ലടിക്കാന്‍ ഇരിക്കുന്നവര്‍ വരെ ആന്റിബയോട്ടിക് മരുന്നുകള്‍ എടുത്തു തരും.  എല്ലാ ആന്റിബയോട്ടിക്കുകളും എല്ലാത്തരം രോഗാണുബാധക്കും യോജിക്കുന്നതല്ല. പ്രത്യേകതരം രോഗാണുക്കള്‍ക്കനുസരിച്ച് പ്രത്യേകം ആന്റിബയോട്ടിക്കുകളാണ് ഉപയോഗിക്കേണ്ടത്. അതുകൊണ്ട് തന്നെ തെറ്റായ രീതിയിലുള്ള ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം മറ്റ് പല രോഗങ്ങളിലേക്കും നയിക്കുന്നു.
ആന്റിബയോട്ടിക് മരുന്നുകള്‍ ഒരു നിശ്ചിത കാലയളിവിലേക്ക് കഴിക്കാനുള്ളതാണ്. രോഗം മാറിയാല്‍ പോലും അതിന്റെ കോഴ്‌സ് പൂര്‍ത്തിയാക്കണം. എന്നാല്‍ രോഗം മാറുന്നതോടെ മരുന്ന് കഴിക്കല്‍ പാതി വഴിയില്‍ ഉപേക്ഷിക്കുകയാണ് ബഹുഭൂരിഭാഗവും ചെയ്യുന്നത്. ഇത് രോഗാണുക്കള്‍ക്ക് മരുന്നുകളുടെ പ്രതിരോധ ശേഷിയെ മറികടന്ന് കൂടുതല്‍ കരുത്തോടെ പല വിധത്തിലുള്ള രോഗം പരത്താനുള്ള ശേഷി കിട്ടുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഡോക്ടര്‍മാരും വില്ലന്‍മാര്‍

ഏത് രോഗത്തിനും അത്യാവശ്യമല്ലെങ്കില്‍ പോലും ആന്റിബയോട്ടിക് മരുന്നുകള്‍ എഴുതിക്കൊടുക്കുന്ന രീതി ഡോക്ടര്‍മാര്‍ക്കിടയിലും വര്‍ധിച്ചു വരുന്നുണ്ട്. ലോകാരോഗ്യ സംഘടനയും മെഡിക്കല്‍ രംഗത്തെ വിദേഗ്ധരുമെല്ലാം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. അത് ഏതാണ്ട് പൂര്‍ണ്ണമായും ശരിയാണ്. ആന്റിബയോട്ടിക് മരുന്ന് കഴിക്കാതെ രോഗം മാറില്ലെന്ന് ചികിത്സക്കെത്തുന്ന രോഗിയെ കണ്ടയുടന്‍ പറയുന്ന ഡോക്ടര്‍മാര്‍ ഉണ്ട്. എല്ലാവരും ഈ ഗണത്തില്‍ പെടുന്നവരാണ് എന്നല്ല പറയുന്നത്. മരുന്നു കമ്പനികളുടെ പ്രലോഭനത്തിന് വഴങ്ങി നിസ്സാര രോഗങ്ങള്‍ക്ക് പോലും ആന്റിബയോട്ടിക് മരുന്നുകള്‍ എഴുതി വിടുന്ന ഡോക്ടര്‍മാര്‍ നിവധിയുണ്ട്. അവര്‍ പറയുന്നത് കേട്ടാണ് ചെറിയ രോഗം വരുമ്പോള്‍ പോലും മലയാളികള്‍ ആന്റിബയോട്ടിക് മരുന്നുകള്‍ തേടി മെഡിക്കല്‍ ഷോപ്പുകളിലേക്ക് ഓടുന്നത്. സ്ഥിരമായി ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കുന്ന രോഗികളില്‍ കാലക്രമേണ രോഗ പ്രതിരോധം നഷ്ടപ്പെടുന്നു. അതിനാല്‍ കൂടുതല്‍ ഡോസില്‍ വീണ്ടും ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കുകയോ അല്ലെങ്കില്‍ ഒന്നിലധികം ആന്റിബയോട്ടിക് മരുന്നുകള്‍ ഒരുമിച്ച് നല്‍കുകയോ ആണ് ചെയ്യുന്നത്. ഇതാണ് ഏറ്റവും വലിയ അപകടം. നിര്‍ഭാഗ്യ വശാല്‍ കേരളത്തില്‍ ഇപ്പോള്‍ ഇതാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രതിരോധ ശേഷി നഷ്ടപ്പെട്ട് കൂടുതല്‍ മാരക രോഗങ്ങളെ ക്ഷണിച്ചു വരുത്തുകയാണ്.

കേരളം മുന്നേ നടന്നു,പക്ഷേ..

ആന്റിബയോട്ടിക് മരുന്നുകളുടെ വ്യാപകമായ ദുരുപയോഗം ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തിലാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് അഞ്ച് വര്‍ഷം മുന്‍പ് തന്നെ സംസ്ഥാന ആരോഗ്യ വകുപ്പ് കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനിന് രൂപം നല്‍കിയത്. ഇന്ത്യയില്‍ മാത്രമല്ല. ദക്ഷിണ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി കേരളത്തിലാണ് ഈ പദ്ധതി നിലവില്‍ വന്നത്. കേരളത്തില്‍ ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗവും അതുകൊണ്ടുണ്ടാകുന്ന ആപത്തും എത്ര വലുതാണെന്ന ഇതിലൂടെ തന്നെ വ്യക്തമാകും. 2018 ഒക്ടോബറിലാണ് ഈ പദ്ധതിക്ക് തുടക്കം കറിച്ചതെങ്കിലും ആന്റിബയോട്ടിക് ദുരുപയോഗം തടയുന്നതിനുള്ള ശ്രമങ്ങളൊന്നും ഇത് വരെ കാര്യമായി ഏശിയിട്ടില്ല. അഞ്ച് വര്‍ഷം മുന്‍പുള്ളതിനേക്കാള്‍ ഗുതുതരമാണ് ഇപ്പോഴത്തെ സ്ഥിതിഗതികള്‍. കുറുപ്പടിയില്ലാതെ ആന്റിബയോട്ടിക് മരുന്നുകള്‍ വില്‍ക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ്.

 

Latest News