ആലപ്പുഴ -ആലപ്പുഴയിൽ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഉത്തർപ്രദേശ് 302ന് പുറത്ത്. രണ്ടാം ദിനം ആദ്യ സെഷനിൽ 19.3 ഓവറിൽ 58 റൺസ് കൂട്ടിച്ചർക്കാനേ സന്ദർശകർക്ക് കഴിഞ്ഞുള്ളു. യുപിയ്ക്കായി റിങ്കുസിങ് 92 റൺസെടുത്തു. രണ്ടാം ദിനം ബേസിൽ തമ്പിയും ജലജ് സക്സേനയുമാണ് കേരളത്തിനായി പന്തെറിഞ്ഞു തുടങ്ങിയത്. ഏഴാം ഓവറിൽ ധ്രുവ് ചന്ദ് ജുറിലിനെ സെക്കൻഡ് സ്ലിപ്പിൽ കൃഷ്‌ണപ്രസാദിന്റെ കൈകളിലെത്തിച്ച് ബേസിൽ ആക്രമണം തുടങ്ങിവെച്ചു. പിന്നാലെയെത്തിയ സൗരഭ് കുമാർ (20) റിങ്കുവിന് മികച്ച പിന്തുണ നൽകി മുന്നോട്ട് പോകുന്നതിനിടെ രോഹൻ കുന്നുമ്മലിന്റെ ഡയറക്‌ട് ത്രോയിൽ റൺഔട്ട് ആകുകയായിരുന്നു. പിന്നീട് എം ഡി നിധീഷിന്റെ ഊഴമായിരുന്നു. എറിഞ്ഞ ആദ്യപന്തിൽ റിങ്കുസിങിനെ കീപ്പർ വിഷ്‌ണു വിനോദിന്റെയും രണ്ടാം പന്തിൽ യാഷ് ദയാലിനെ (0) ഒന്നാം സ്ലിപ്പിൽ രോഹന്റെ കൈയിലെത്തിച്ചും നിധീഷ് ഇരട്ടപ്രഹരമേൽപ്പിച്ചു. ഉച്ചഭക്ഷണ സമയം വരെ പിടിച്ചുനിൽക്കാനായിരുന്നു പിന്നീട് യുപിയുടെ ശ്രമം. എന്നാൽ 83 ആം ഓവറിലെ നാലാം പന്തിൽ കുൽദീപ് യാദവിനെ (5) ബേസിൽ തമ്പിയുടെ കൈകളിലെത്തിച്ച് ജലജ് സക്സേന യുപി ഇന്നിങ്സിന് ആദ്യം കുറിച്ചു.