കോഴിക്കോട് - തട്ടം പരാമര്‍ശത്തില്‍ സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിനെതിരായ കേസില്‍ പരാതിക്കാരിയായ വി പി സുഹറയ്ക്കെതിരെ സമസ്ത. ധാര്‍മിക ബോധത്തോടെ ജീവിക്കുന്ന സ്ത്രീകളെ സുഹ്റ വെല്ലുവിളിക്കുകയാണെന്ന് സമസ്ത കുറ്റപ്പെടുത്തി. ഉമര്‍ ഫൈസി മുക്കം നടത്തിയത് പണ്ഡിതനെന്ന നിലയിലുള്ള ധര്‍മമാണെന്നാണ് സമസ്തയുടെ നിലപാട്. മാധ്യമ ശ്രദ്ധ നേടാനുള്ള വിലകുറഞ്ഞ ഏര്‍പ്പാടാണ് സുഹ്റയുടേതെന്നും സമസ്ത കുറ്റപ്പെടുത്തി.
എന്നാല്‍ താന്‍ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങളില്‍ വന്നതെന്നും തട്ടമിടാത്തവര്‍ അഴിഞ്ഞാട്ടക്കാരികളാണ് എന്ന പരാമര്‍ശം നടത്തിയിട്ടില്ലെന്നും ഉമ്മര്‍ ഫൈസി പ്രതികരിച്ചു. തട്ടമിട്ട് അഴിഞ്ഞാടാന്‍ ആരെയും അനുവദിക്കില്ല എന്നാണ് പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമസ്തയുടെ വിമര്‍ശനം തുടരുമ്പോഴും കേസുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് എഴുത്തുകാരിയും പ്രോഗ്രസീവ് മുസ്ലിം വിമന്‍സ് ഫോറം പ്രസിഡന്റുമായ വി പി സുഹ്റയുടെ തീരുമാനം.സുഹ്റയുടെ പരാതിയില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് നടക്കാവ് പൊലീസ് ഉമര്‍ ഫൈസി മുക്കത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.