സുല്‍ത്താന്‍ബത്തേരി-വാകേരി മൂടക്കൊല്ലിയില്‍ പന്നി ഫാമില്‍ വന്യജീവി ആക്രമണം. കരികുളത്ത് ശ്രീനേഷിന്റെ ഫാമിലാണ് സംഭവം. ശരാശരി 50 കിലോഗ്രാം തൂക്കമുള്ള 20 ഓളം പന്നികള്‍ ചത്തു. ഫാമില്‍ വന്യജീവി ആക്രമണം ഉണ്ടായത് ഇന്നു രാവിലെയാണ് ഉടമയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഫാമില്‍നിന്നു ഏകദേശം 50 മീറ്റര്‍ അകലെ വനാതിര്‍ത്തിയിലെ കുറ്റിക്കാട്ടില്‍ കൂട്ടിയിട്ട നിലയിലാണ് പന്നികളുടെ ജഡം കണ്ടെത്തിയത്. ഫാമില്‍ രണ്ട് പന്നിക്കുഞ്ഞുങ്ങളെ ചത്തനിലയിലും കണ്ടെത്തി. ഫാം പരിസരത്തു പതിഞ്ഞ കാല്‍പാടുകള്‍ കടുവയുടേതാണെന്ന് സംശയിക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ഡിസംബര്‍ ഒമ്പതിന് ക്ഷീരകര്‍ഷകന്‍ പ്രജീഷിനെ കടുവ പിടിച്ചതിനു ഏകദേശം ഒന്നര കിലോമീറ്റര്‍ മാറിയാണ് പന്നി ഫാം. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിലാണ് മൂടക്കൊല്ലി.
-