ആലപ്പുഴ: പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സി പി എം നേതാവ് ജി.സുധാകരന്‍ വീണ്ടും രംഗത്ത്. കായംകുളത്ത് താന്‍ മത്സരിച്ചപ്പോള്‍ ചിലര്‍ കാലുവാരിയെന്ന് ജി.സുധാകരന്‍ പറഞ്ഞു. കാലുവാരല്‍ കലയായി കൊണ്ടു നടക്കുന്നവര്‍ കായംകുളത്തുണ്ട്. തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയായ കെ കെ ചെല്ലപ്പന്‍ തനിക്കെതിരെ നിന്നു. പാര്‍ട്ടി ശക്തി കേന്ദ്രമായ പത്തിയൂരിലും വോട്ട് കുറഞ്ഞു. താന്‍ മത്സരിച്ച് വിജയിച്ചതെല്ലാം യു ഡി എഫിന് മുന്‍തൂക്കമുള്ള സീറ്റുകളിലായിരുന്നുവെന്നും ഇടതുപക്ഷക്കാരുടെ മനസ് ശുദ്ധമായിരിക്കണമെന്നും സുധാകരന്‍ പറഞ്ഞു. കായംകുളത്ത് നടന്ന പിഎ.ഹാരിസ് അനുസ്മരണത്തിലാണ് സുധാകരന്റെ വിമര്‍ശനം. കഴിഞ്ഞ ദിവസം നവ കേരള സദസിനിടെയുണ്ടായ അതിക്രമങ്ങള്‍ക്കെതിരെയും ജി സുധാകരന്‍ വിമര്‍ശനമുന്നയിച്ചിരുന്നു. മറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ലവമെന്ന് പറയുന്നത് ശരിയല്ലെന്നും പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്കും സ്വീകാര്യത ഉണ്ടാകണമെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു.