ബംഗളൂരു- ഇന്ത്യയുടെ സൂര്യപര്യവേക്ഷണ ദൗത്യം ആദിത്യ എല്‍ 1 ശനിയാഴ്ച ലക്ഷ്യത്തിലെത്തും. ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് ലഗ്രാഞ്ച് പോയിന്റ് 1ന് (എല്‍1) ചുറ്റുമുള്ള ഹാലോഭ്രമണപഥത്തിലാണ് പേടകം ചുവടുറപ്പിക്കുന്നത്. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് എല്‍1 പോയിന്റ്. ഭൂമിയില്‍ നിന്നു സൂര്യനിലേക്കുള്ള ദൂരത്തിന്റെ ഒരു ശതമാനം മാത്രമാണ് ഈ ദൂരം. മുഴുവന്‍ സമയവും സൂര്യനെ തടസങ്ങളില്ലാതെ നിരീക്ഷിക്കാനാകുമെന്നതാണു ഭൂമിക്കും സൂര്യനുമിടയിലെ എല്‍1 പോയിന്റിന്റെ സവിശേഷത. ഗ്രഹണകാലത്തു പോലും ആദിത്യയുടെ കാഴ്ചയ്ക്ക് തടസങ്ങളുണ്ടാവില്ല. അവിടെ നിന്നു സൂര്യനെ നിരീക്ഷിക്കുന്ന പേടകം സൗരവാതങ്ങളെയും കൊറോണയെയും കുറിച്ച് പുതിയ അറിവുകള്‍ മാനവരാശിക്ക് സമ്മാനിക്കും.
125 ദിവസം നീളുന്ന ബഹിരാകാശ സഞ്ചാരത്തിനു സമാപനം കുറിച്ചാണ് ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്തെത്തുന്നത്. ചന്ദ്രയാന്‍ 3ലൂടെ ചാന്ദ്രപര്യവേക്ഷണത്തില്‍ പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കിയതിനു പിന്നാലെയാണു സൂര്യ ദൗത്യത്തിലെ വിജയം.
സെപ്റ്റംബര്‍ രണ്ടിനു രാവിലെ 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നു പി എസ് എല്‍ വി സി57ലായിരുന്നു ആദിത്യയുടെ വിക്ഷേപണം. 63 മിനിറ്റിനു ശേഷം പേടകത്തെ ഭൂമിക്കു ചുറ്റുമായി ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ സ്ഥാപിച്ചു. പിന്നീടു പലതവണ ഭ്രമണപഥം ഉയര്‍ത്തിക്കൊണ്ടായിരുന്നു യാത്ര. ഭൂമിയുടെയും സൂര്യന്റേയും ആകര്‍ഷണബലം തുല്യമായി വരുന്ന ലഗ്രാഞ്ച് പോയിന്റില്‍ പേടകത്തിന് കുറഞ്ഞ ഇന്ധനച്ചെലവില്‍ നിലനില്‍ക്കാനാകും.
ഫോട്ടൊസ്ഫിയര്‍ മുതല്‍ കൊറോണ വരെയുള്ള സൂര്യന്റെ അന്തരീക്ഷത്തെയും സൗരവാതങ്ങളെയും നിരീക്ഷിക്കാന്‍ ഏഴ് ഉപകരണങ്ങളാണ് 1480.7 കിലോഗ്രാം ഭാരമുള്ള പേടകത്തിലുള്ളത്.