ന്യൂയോര്‍ക്ക് - അമേരിക്കയും കരീബിയന്‍ ദ്വീപുകളും സംയുക്തമായി വിരുന്നൊരുക്കുന്ന ഈ വര്‍ഷത്തെ ട്വന്റി20 ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ജൂണ്‍ 29നാണ്. ആറ് മാസം ശേഷിക്കെയാണ് മത്സരക്രമം തയാറായിരിക്കുന്നത്. ഇന്ത്യ കഴിഞ്ഞ വര്‍ഷാവസാനം ആതിഥ്യമരുളിയ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം പുറത്തുവിട്ടത് ടൂര്‍ണമെന്റിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെയാണ്. അതില്‍തന്നെ വീണ്ടും പല മാറ്റങ്ങളും വരുത്തി.
ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന് ന്യൂയോര്‍ക്കിലെ ഐസന്‍ഹോവര്‍ പാര്‍ക്ക് വേദിയൊരുക്കും. ഇന്ത്യയുടെ ആദ്യ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളും ന്യൂയോര്‍ക്കിലും നാലാമത്തേത് ഫ്‌ളോറിഡയിലുമായിരിക്കും.
ജൂണ്‍ ഒന്നിന് അമേരിക്കയും കാനഡയും തമ്മില്‍ ഡാളസില്‍ ഉദ്ഘാടന മത്സരം കളിക്കും. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ജൂണ്‍ എട്ടിന് ബാര്‍ബഡോസില്‍ ഓസ്‌ട്രേലിയയെ നേരിടും. ഫൈനല്‍ ജൂണ്‍ 29ന് ബാര്‍ബഡോസിലാണ്. സെമിഫൈനലുകള്‍ ഗയാന, ട്രിനിഡാഡ് എന്നിവിടങ്ങളിലും.
ആകെ 55 മത്സരങ്ങളാണ്. വെസ്റ്റിന്‍ഡീസില്‍ ആറ് വേദികളുണ്ട് -കെന്‍സിംഗ്ടണ്‍ ഓവല്‍ (ബാര്‍ബഡോസ്), ബ്രയാന്‍ ലാറ അക്കാദമി (ട്രിനിഡാഡ്), പ്രോവിഡന്‍സ് സ്‌റ്റേഡിയം (ഗയാന), സര്‍ വീവിയന്‍ റിച്ചാഡ്‌സ് സ്‌റ്റേഡിയം (ആന്റിഗ്വ), ഡാരന്‍ സാമി ക്രിക്കറ്റ് ഗ്രൗണ്ട് (സെയ്ന്റ് ലൂസിയ), ആര്‍ണോസ് വെയ്ല്‍ സ്‌റ്റേഡിയം (സെയ്ന്റ് വിന്‍സന്റ്) എന്നിവ. അമേരിക്കയില്‍ ഐസന്‍ഹോവര്‍ പാര്‍ക്കിനും ഫ്‌ളോറിഡയിലെ ലോഡര്‍ഹില്ലിനും പുറമെ ടെക്‌സസിലെ ഗ്രാന്റ് പ്രയറിയിലും കളി നടക്കും. നാല് ഗ്രൂപ്പുകളിലായി 20 ടീമുകള്‍ മത്സരിക്കും.