Sorry, you need to enable JavaScript to visit this website.

ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷി നടത്തി; പോലീസ് പിടിയിലായി

കൊച്ചി- ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പോലീസ് പിടിയില്‍. നോര്‍ത്ത് പറവൂര്‍ കെടാമംഗലം ദേവസ്വം പറമ്പ് മഞ്ഞനക്കര വീട്ടില്‍ സുധീഷ് (34) ആണ് പറവൂര്‍ പോലീസിന്റെ പിടിയിലായത്. 

ഓപ്പറേഷന്‍ ക്ലീന്‍ എറണാകുളം റൂറല്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പതിമൂന്ന് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. 

വഴിക്കുളങ്ങരയില്‍ ഓട്ടോ വര്‍ക്ക്‌ഷോപ്പ് വാടകയ്‌ക്കെടുത്ത് നടത്തുകയാണ് ഇയാള്‍. വര്‍ക്ക് ഷോപ്പിന്റെ വളപ്പില്‍ ആളൊഴിഞ്ഞ ഭാഗത്താണ് കഞ്ചാവ് നട്ടു വളര്‍ത്തിയത്. മൂന്ന് ഗ്രോ ബാഗുകളിലായി പന്ത്രണ്ട് കഞ്ചാവ് ചെടിയും തറയില്‍ ഒരെണ്ണവുമായിരുന്നു നട്ടത്. രണ്ട് മാസം മുമ്പാണ് വിത്ത് പാകിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. തൈകള്‍ക്ക് 18 സെന്റീമീറ്ററായിരുന്നു ഉയരമുണ്ടായിരുന്നത്. ഇത്രയും കഞ്ചാവ് ചെടികള്‍ പിടികൂടുന്നത് ആദ്യമായാണ്.

അഞ്ചുവര്‍ഷമായി ഇയാള്‍ വര്‍ക്ക്ഷാപ്പ് നടത്തുന്നുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചു. ഡി. വൈ. എസ്. പി. എം. കെ. മുരളി, ഇന്‍സ്‌പെക്ടര്‍ ഷോജോ വര്‍ഗീസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ സി. ആര്‍. ബിജു, പ്രശാന്ത്. പി. നായര്‍, സെല്‍വരാജ്, എം. എം. മനോജ്, കെ. കെ. അജീഷ്, സീനിയര്‍ സി. പി. ഒമാരായ ഷെറിന്‍ ആന്റണി, കെ. എസ്. ജോസഫ് സി. പി. ഒ ടി. ജെ. അനീഷ്, കെ. കെ. കൃഷ്ണ ലാല്‍, കെ. ടി. മൃദുല്‍, മധു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. 

ഓപ്പറേഷന്‍ ക്ലീനിന്റെ ഭാഗമായി കഴിഞ്ഞ മാസം പറവൂരില്‍ നിന്നും 1.84 കിലോഗ്രാം എം. ഡി. എം. എ പിടികൂടിയിരുന്നു.

Latest News