Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രി സൂര്യനെ പോലെ, അടുത്തു  പോയാല്‍ കരിഞ്ഞു പോകും-എംവി ഗോവിന്ദന്‍

തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്‍ സൂര്യനെ പോലെയാണെന്നും അടുത്തുപോയാല്‍ കരിഞ്ഞുപോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കറ പുരളാത്ത കൈയ്യാണ് മുഖ്യമന്ത്രിയുടേത്. അദ്ദേഹത്തിന്റേത് സംശുദ്ധ രാഷ്ട്രീയമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം. തൃശ്ശൂരില്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോഡി നടത്തിയ വിമര്‍ശനത്തോടും രൂക്ഷമായ ഭാഷയില്‍ അദ്ദേഹം പ്രതികരിച്ചു.
സ്ത്രീ ശാക്തീകരണത്തിന്റെ കേരള മോഡല്‍ കുടുംബശ്രീയാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. സ്ത്രീ ശാക്തീകരണ ചരിത്രത്തില്‍ നിന്ന് ബോധപൂര്‍വ്വം ചില പേരുകള്‍ പ്രധാനമന്ത്രി മോഡി ഒഴിവാക്കി. സ്വര്‍ണക്കടത്ത് കേസ് കൈകാര്യം ചെയ്യേണ്ടത് കേന്ദ്ര ഏജന്‍സികളാണെന്നും വിമാനത്താവളം കേന്ദ്ര നിയന്ത്രണത്തിലാണെന്നും പിന്നെ എവിടെയാണ് സ്വര്‍ണക്കടത്ത് കേസ് പോയതെന്നും അദ്ദേഹം ചോദിച്ചു.
ആളെ പറ്റിക്കാന്‍ പൈങ്കിളി കഥയുമായി ഇറങ്ങുകയാണ് ബിജെപിയും പ്രധാനമന്ത്രിയുമെന്നും അദ്ദേഹം വിമര്‍ശിച്ചു. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ എന്തായിരുന്നു തടസമെന്ന് ചോദിച്ച അദ്ദേഹം ഇപ്പോഴത്തെ പ്രതികരണം രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടിയുള്ള വാദം മാത്രമാണെന്നും വിമര്‍ശിച്ചു. കേസിന്റെ പ്രധാന ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും കേന്ദ്രത്തിനുമാണ്. വലിയ പ്രചാരവേലയ്ക്ക് തുടക്കം കുറിക്കുന്നുവെന്ന് മാത്രമേയുള്ളൂ. സ്വര്‍ണക്കത്ത് വസ്തുതാപരമായി അന്വേഷിക്കണം.
മതനിരപേക്ഷ ഉള്ളടക്കത്തോടെ വര്‍ഗീയതയെ ചെറുക്കാന്‍ കഴിയണമെന്ന് അയോധ്യ വിഷയത്തില്‍ അദ്ദേഹം പ്രതികരിച്ചു. ഇത് കോണ്‍ഗ്രസ് തിരിച്ചറിയണമെന്നും കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വനിതാ സംവരണം വോട്ട് തട്ടുന്നതിനുള്ള തന്ത്രങ്ങളാണ്, അതിനുള്ള കാര്യങ്ങള്‍ ബിജെപി ചെയ്യുകയാണ്. വനിതാ സംവരണ ബില്ലൊക്കെ അതിന്റെ ഭാഗമാണ്. ഗുസ്തി താരങ്ങളുടെ കാര്യത്തില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ മൗനം പാലിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Latest News