കോട്ടയം - പുതുവത്സരമാഘോഷിക്കാൻ ഗോവയിൽ പോയ വൈക്കം സ്വദേശിയായ യുവാവിന്റെ ദുരൂഹ മരണത്തിൽ പോസ്റ്റ്‌മോർട്ടം റിപോർട്ട് പുറത്ത്. വൈക്കം മറവൻതുരുത്ത് കടുക്കര സ്വദേശി കടുക്കര സന്തോഷ് നിവാസിൽ സഞ്ജയ് സന്തോഷി(19)ന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. യുവാവിന്റെ നെഞ്ചിലും പുറത്തും മർദ്ദനമേറ്റതായാണ് പോസ്റ്റ്‌മോർട്ടം റിപോർട്ടിലുള്ളത്.
വെള്ളത്തിൽ വീഴുന്നതിനു മുമ്പുതന്നെ മർദ്ദനമേറ്റിരുന്നുവെന്ന് സ്ഥിരീകരിക്കുന്നതാണ് റിപോർട്ട്. ഡി.ജെ പാർട്ടിക്കിടെ മർദ്ദനമേറ്റതായാണ് സഞ്ജയുടെ കുടുംബത്തിന് ലഭിച്ച വിവരം. സ്റ്റേജിൽ കയറി നൃത്തം ചെയ്തതാണ് പ്രകോപനത്തിന് കാരണമായി പറയുന്നത്. നൃത്തം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കൃഷ്ണദേവ്, ജയകൃഷ്ണൻ എന്നീ സുഹൃത്തുക്കൾക്കൊപ്പം 29-നാണ് സഞ്ജയ് പുതുവത്സര ആഘോഷത്തിന് ഗോവക്ക് പോയത്. 31ന് വാകത്തൂർ ബീച്ചിൽ ഡി.ജെ പാർട്ടിയിൽ മൂവരും പങ്കെടുക്കുന്നതിനിടെ യുവാവിനെ കാണാതാവുകയായിരുന്നു. പിന്നീട് രണ്ടുദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്താനായത്. അച്ഛൻ സന്തോഷ് ഗോവയിലെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
കാണാതായ ഉടനെ പോലീസിനെ വിവരം അറിയിച്ചെങ്കിലും ആദ്യം പോലീസ് അവഗണിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പ്രതികരിച്ചു. ബിന്ദുവാണ് സഞ്ജയുടെ മാതാവ്. സച്ചിൻ സഹോദരനാണ്.