കൊല്ലം - അപ്പീലുകളുടെ കുത്തൊഴുക്കിനെ തുടര്‍ന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മത്സരങ്ങള്‍ താളം തെറ്റുന്നു. സമയക്രമം പാലിക്കാനാകാതെ പുലര്‍ച്ചെ വരെ മത്സരങ്ങള്‍ നീണ്ടു പോകുന്ന സ്ഥിതിയാണ്. അപ്പീല്‍ ബാഹുല്യത്തില്‍ സംഘാടകര്‍ വലയുകയാണ്. മുന്‍സിഫ് കോടതി മുതല്‍ ഹൈക്കോടതി വരെയുള്ള കോടതികളില്‍ നിന്ന് അപ്പീലുമായി വിദ്യാര്‍ത്ഥികള്‍ എത്തിയതോടെ മുഖ്യ വേദിയായ ആശ്രാമം മൈതാനിയില്‍ ഉള്‍പ്പെടെ മല്‍സരങ്ങള്‍ അര്‍ധരാത്രിക്ക് ശേഷമാണ് ഇന്നലെ അവസാനിച്ചത്. അപ്പീലുകളുടെ ബാഹുല്യം കലോല്‍സവ സമയ ക്രമത്തെ താളം തെറ്റിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ഇത് സംബന്ധിച്ച് കോടതികള്‍ ഉചിതമായ തീരുമാനം എടുക്കണം. വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ അഡ്വക്കറ്റ് ജനറലുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. സബ് കോടതി മുതല്‍ ഹൈക്കോടതി വരെ ഉള്ള അപ്പീലുകളുമായാണ് വിദ്യാര്‍ഥികള്‍ മല്‍സരത്തിന് എത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ജില്ലാ തലങ്ങളില്‍ എട്ടും ഒമ്പതും സ്ഥാനങ്ങളില്‍ എത്തിയവര്‍ പോലും അപ്പീലുമായി എത്തുന്നത് മല്‍സര സംഘാടനത്തെ ബാധിക്കുകയാണെന്നും ഇക്കാര്യത്തില്‍ ഉചിതമായ നടപടിയുണ്ടാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ കലോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ നാടന്‍പാട്ട് വേദിയില്‍ പ്രതിഷേധം അരങ്ങേറി. സൗണ്ട് സംവിധാനങ്ങളില്‍ അപാകതയുണ്ടെന്ന പരാതിയുമായി നാടന്‍പാട്ട് കലാകാരന്മാരാണ് പ്രതിഷേധിക്കുന്നത്. മത്സരത്തിന് നാലാം നിലയില്‍ വേദി അനുവദിച്ചതും നാടന്‍ പാട്ടിനോടുള്ള അവഗണനയെന്ന് ആക്ഷേപമാണ് ഇവര്‍ ഉന്നയിക്കുന്നത്.