പാലാ, കോട്ടയം- ഇതെന്നാ മഴയാ. ഞാനെന്റെ ജീവിതത്തി കണ്ടിട്ടില്ല, ഹൗ.. പാലാ-കോട്ടയം റൂട്ടിലെ ചേര്‍പ്പുങ്കല്‍ ബസ് സ്റ്റോപ്പില്‍ കനത്ത മഴയില്‍ ഓടിക്കയറിയ ചെറുതായി മിനുങ്ങിയ മധ്യ വയസ്‌കന്‍ ആശ്ചര്യപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം വരെ കോട്ടയം ജില്ലയില്‍ മഴയുടെ ഒരു ലാഞ്ചനയുമില്ലായിരുന്നു. പെട്ടെന്നാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. ഏഴ് മണിയോടെ കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മഴക്കാലത്തെ ഓര്‍മിപ്പിക്കും വിധം പേമാരി പെയ്തു. തുള്ളിക്കൊരു കുടം പേമാരി കണക്കില്‍. രാത്രി 9 വരെ എംസി റോഡില്‍ ഏറ്റുമാനൂര്‍ വരെ പ്രദേശങ്ങളിലാണ് മഴ കനത്തതെങ്കില്‍ അര്‍ധരാത്രിയായപ്പോള്‍ കോട്ടയം നഗരത്തിലും മഴ പെയ്തു തുടങ്ങി. മണിക്കൂറുകള്‍ നീണ്ട മഴ. കാലാവസ്ഥ നിരീക്ഷകരുടെ കണക്ക് പ്രകോരം വ്യാഴാഴ്ച കോഴിക്കോടും കണ്ണൂരുമുള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളിലാണ് മഴ പ്രതീക്ഷിച്ചിരുന്നത്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ വ്യാഴം അര്‍ധരാത്രിയോടെ കോട്ടയം ജില്ലയിലും അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പുലര്‍ന്നപ്പോള്‍ കേരളത്തില്‍ പലേടത്തും കനത്ത മഴയാണ് ലഭിച്ചത്. കോഴിക്കോടും പാലക്കാടുമെല്ലാം പട്ടികയിലുണ്ട്. ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. രണ്ടു ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
കോഴിക്കോട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കും, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വെള്ളിയാഴ്ച അറിയിച്ചു.