ജിദ്ദ- സൗദി ഹജ് മന്ത്രാലയ അധികൃതരുമായി 2024 ലെ ഹജ് കരാറൊപ്പിടുന്നതിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, കേന്ദ്ര ന്യൂനപക്ഷവകുപ്പ് മന്ത്രി സ്മൃതി ഇറാനി എന്നിവര്‍ ജനുവരി ഏഴിന് ജിദ്ദയിലെത്തും. ഹജ് കരാറൊപ്പിടല്‍ ചടങ്ങിനു ശേഷം രാത്രി ഇന്ത്യന്‍ കമ്യൂണിറ്റി പ്രതിനിധികള്‍ക്ക് കേന്ദ്രമന്ത്രിമാരുമായി സംവാദം നടത്തുന്നതിനുള്ള സൗകര്യവുമേര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള 1,75,000 ഹജ് ്തീര്‍ഥാടകരുടെ പാര്‍പ്പിടം, യാത്ര, മറ്റു ക്രമീകരണങ്ങള്‍ എന്നിവയെക്കുറിച്ചും എംബസി / കോണ്‍സുലേറ്റ് അധികൃതരുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തും. ഇന്ത്യന്‍ ഹാജിമാരുടെ റജിസ്‌ട്രേഷന്‍ നടപടികള്‍ ഇക്കഴിഞ്ഞ ഡിസംബര്‍ നാലിന് ആരംഭിച്ചിരുന്നു.
സുഡാനിലെ സംഘര്‍ഷകാലത്ത് അവിടെയുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനും അവരെ നാട്ടിലേക്ക് സുഗമമായി എത്തിക്കുന്നതിനുമുള്ള അടിയന്തര നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നതിന് കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ കഴിഞ്ഞ ഏപ്രില്‍ അവസാനം ഒരാഴ്ച ജിദ്ദയിലുണ്ടായിരുന്നു. ഓപ്പറേഷന്‍ കാവേരി എന്ന വിജയകരമായ ഓപ്പറേഷനിലൂടെ നിരവധി ഇന്ത്യക്കാരെ സുഡാനിലെ സംഘര്‍ഷമേഖലയില്‍ നിന്ന് ഒഴിപ്പിച്ച് ജിദ്ദ വഴി നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു.