ന്യൂദല്‍ഹി- കേരളത്തിലെ പ്രളയക്കെടുതി നേരിടാന്‍ വിദേശ സഹായം ആവശ്യമില്ലെന്ന് സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായി സൂചന. വിദേശരാജ്യങ്ങളുടെയും വിദേശ ഏജന്‍സികളുടെയും സഹായം സ്വീകരിക്കേണ്ടതില്ലെന്ന നയം തുടരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
യു.എ.ഇ 700 കോടി രൂപയും ഖത്തര്‍ 35 കോടി രൂപയും സഹായം പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ ഐക്യരാഷ്ട്ര സംഘടനയും മാലദ്വീപും ജപ്പാനും സഹായം വാഗ്ദാനം ചെയ്തു. എന്നാല്‍ ദുരന്തങ്ങളുണ്ടാകുമ്പോള്‍ രക്ഷപ്രവര്‍ത്തനങ്ങളും പുനരധിവാസവും ഒറ്റയ്ക്കു നടപ്പാക്കാനുള്ള ശേഷിയുണ്ടെന്നതാണ് ഇന്ത്യ സമീപകാലത്ത് സ്വീകരിച്ചിട്ടുള്ള നിലപാട്.
2004 നുശേഷം വിദേശ രാജ്യങ്ങളില്‍നിന്നോ വിദേശ ഏജന്‍സികളില്‍ നിന്നോ സമ്പത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ ഇന്ത്യ സ്വീകരിച്ചിട്ടില്ല. കേരളത്തിനു സഹായം വാഗ്ദാനം ചെയ്ത എല്ലാ രാജ്യങ്ങള്‍ക്കും നന്ദി അറിയിച്ചിട്ടുണ്ടെങ്കിലും 15 വര്‍ഷമായി തുടരുന്ന നയം മാറ്റേണ്ടതില്ലെന്നാണു കേന്ദ്രസര്‍ക്കാര്‍ നിലപാട്.
ഭരണാധികാരികള്‍ അടക്കം വിദേശത്തുള്ളവര്‍ക്കു വ്യക്തിപരമായി ദുരിതാശ്വാസനിധിയിലേക്കു സംഭാവന നല്‍കാമെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.