തൃശൂര്‍ - തൃശൂരിലെ കട്ടില് കണ്ട് പനിക്കേണ്ടെന്നാണ് തൃശൂര്‍ ലോകസഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിനിറങ്ങുന്ന സുരേഷ് ഗോപിയോട് എല്‍ ഡി എഫും യു ഡി എഫും ഒരേ സ്വരത്തില്‍ പറയുന്നത്. തൃശൂരില്‍ ഇത്തവണ സുരേഷ് ഗോപി വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യത്തില്‍ ഇടതിനും വലതിനും സംശയമൊന്നുമില്ലെങ്കിലും ജയത്തിനടുത്തേക്ക് സുരേഷ് ഗോപി എത്തില്ലെന്ന ശുപാപ്തി വിശ്വാസത്തിലാണ് അവര്‍. എന്നാല്‍ തൃശൂര്‍ ലോകസഭാ സീറ്റിന്റെ കട്ടില് കണ്ട് സുരേഷ് ഗോപി മാത്രമല്ല, സാക്ഷാല്‍ നരേന്ദ്ര മോഡി തന്നെ പനിച്ചു തുടങ്ങിയെന്നാണ് കഴിഞ്ഞ ദിവസം തൃശൂരില്‍ നരേന്ദ്ര മോഡി നടത്തിയ റോഡ് ഷോയുടെയും വനിതാ സമ്മേളനത്തിന്റെയും ബാക്കി പത്രമായി ബി ജെ പി നേതാക്കളില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍
പ്രധാനമന്ത്രി തൃശൂരിലെത്തിയത് എന്തിന് ?
രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി ജെ പി ഔദ്യോഗികമായി പ്രചാരണം ആരംഭിച്ചിട്ടില്ല. എന്നാല്‍ പറയാതെ പറഞ്ഞുകൊണ്ട് ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രധാനമന്ത്രി ആദ്യമായി രംഗത്തിറങ്ങുന്നത് സുരേഷ് ഗോപിക്ക് വേണ്ടിയാണ്. റോഡ് ഷോയിലോ, വനിതാ സമ്മേളനത്തിലോ സുരേഷ് ഗോപിയെക്കുറിച്ച് ഒരക്ഷരം നരേന്ദ്ര മോഡി മിണ്ടിയില്ലെങ്കിലും അത് സുരേഷ് ഗോപിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണെന്ന് വര്‍ത്തമാന രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളിലൂടെ കടന്ന് പോകുന്ന എല്ലാവര്‍ക്കുമറിയം. പ്രധാനമന്ത്രിയുടെ ഉള്ളിലിരിപ്പ് അറിയാവുന്നതുകൊണ്ട് തന്നെയാണ് തൃശൂരില്‍ അക്കൗണ്ട് തുറക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും മറ്റ് മുതിര്‍ന്ന നേതാക്കളും പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏത് രീതിയില്‍ മുന്നോട്ട് കൊണ്ടുപോകണമെന്നത് സംബന്ധിച്ച് പാര്‍ട്ടി ദേശീയ നേതൃത്വത്തിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂരിലെത്തിയ നരേന്ദ്ര മോഡി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതയാണ് ബി ജെ പി നേതാക്കളില്‍ നിന്ന് ലഭിക്കുന്ന സൂചന. ഉടന്‍ തന്നെ ദേശീയ നേതൃത്വവുമായി ഇത് സംബന്ധിച്ച് വിശദമായ ചര്‍ച്ച നടക്കുമെന്നും അറിയുന്നു.
മോഡിയുടെ ' ചാരന്‍മാര്‍ '
തൃശൂരില്‍ സുരേഷ് ഗോപി മത്സരിച്ചാല്‍ പാര്‍ട്ടിക്കുണ്ടാകുന്ന സാധ്യതകളെക്കുറിച്ച് വളരെ കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്വന്തം താല്‍പര്യത്തില്‍ നരേന്ദ്ര മോഡി തൃശൂരിലെത്തിയത്. പാര്‍ട്ടി സംസ്ഥാന നേതൃത്വം നല്‍കിയ കണക്കുകളോ വിവരങ്ങളോ അല്ല ഇതിനായി പ്രധാനമന്ത്രി ആശ്രയിച്ചതെന്നാണ് പാര്‍ട്ടി നേതാക്കളില്‍ നിന്ന് കിട്ടുന്ന വിവരം. പാര്‍ട്ടി നേതാക്കളല്ലാത്തവരും എന്നാല്‍ ബി ജെ പിയുമായി അടുപ്പം പുലര്‍ത്തുന്നവരുമായ ചില പ്രമുഖരെ സുരേഷ് ഗോപിയുടെ തൃശൂരിലെ സാധ്യതകളെ വിലയിരുത്താന്‍ നരേന്ദ്ര മോഡി ഏല്‍പ്പിച്ചിരുന്നു. ആ ' ചാരപ്പണി ' അവര്‍ ഭംഗിയായി നിറവേറ്റുകയും ചെയ്തു. അവരില്‍ നിന്ന് വളരെ പോസറ്റീവായ പ്രതികരണമാണ് ലഭിച്ചതെന്ന് അറിയുന്നു. പാര്‍ട്ടി വോട്ടുകളല്ല മറിച്ച് വ്യക്തിപരമായി വലിയ തോതില്‍ വോട്ട് പിടിക്കാനുള്ള ശേഷി കഴിഞ്ഞ ഏതാനും വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് സുരേഷ് ഗോപി നേടിയെടുത്തതയാണ് പ്രധാനമന്ത്രിക്ക് കിട്ടിയ റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ കേരളത്തിലെ സാധ്യതകളെക്കുറിച്ച് ഇവിടുത്തെ പാര്‍ട്ടി നേതൃത്വത്തോട് ചോദിക്കുന്നതില്‍ കാര്യമില്ലെന്ന് നരേന്ദ്ര മോഡിയും അമിത്ഷായുമെല്ലാം മനസ്സിലാക്കി കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ലോകസഭാ -നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ജയസാധ്യതയെപ്പറ്റി പാര്‍ട്ടി സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കണ്ട് കണ്ണ് കള്ളിയവരാണ് ദേശീയ നേതൃത്വം. തള്ളി മറിക്കുന്ന കാര്യത്തില്‍ കേരളത്തിലെ ബി ജെ പി നേതാക്കള്‍ കേമന്‍മാരാണെന്ന് നരേന്ദ്ര മോഡിക്ക് നന്നായറിയാം.
ബി ജെ പിയുടെയല്ല, മോഡിയുടെ ' സ്വന്തം പയ്യന്‍ '
സുരേഷ് ഗോപി തൃശൂരില്‍ ബി ജെ പിയുടെ ലേബല്‍ സ്ഥാനാര്‍ത്ഥിയായിരിക്കില്ല, മറിച്ച് നരേന്ദ്ര മോഡിയുടെ സ്ഥാനാര്‍ത്ഥിയാണ്. അതായത് തെരഞ്ഞടുപ്പ് പ്രചാരണങ്ങളിലടക്കം കാര്യമായ റോള്‍ കേരളത്തിലെ ബി ജെ പി നേതൃത്വത്തിന് തൂശൂര്‍ മണ്ഡലത്തില്‍ ഉണ്ടായിരിക്കുകയില്ലെന്നര്‍ത്ഥം. എന്നാല്‍ എല്ലാം ഡല്‍ഹിയില്‍ ഇരുന്ന് മോഡിയും അമിത് ഷായും തീരുമാനിക്കും. അവരുടെ ഉത്തരവുകള്‍ കൃത്യമായി നടപ്പാക്കുകയെന്നതായിരിക്കും തൃശൂരിലെ പാര്‍ട്ടി നേതൃത്വത്തിന്റെ ഉത്തരവാദിത്തം. ബി ജെ പിയുടെ കേരളത്തിലെ പ്രധാന ഭാരവാഹികള്‍ക്കടക്കം വ്യക്തിപരമായി സുരേഷ് ഗോപിയോട് വലിയ മമതയില്ല. ഇവരില്‍ പലരെയും സുരേഷ് ഗോപി മൈന്‍ഡ് ചെയ്യുന്നില്ലെന്നും തന്നിഷ്ടം നടപ്പാക്കുന്നുവെന്നുമാണ് സുരേഷ് ഗോപിക്കെതിരെയുള്ള ഇവരുടെ പരാതി. എന്നാല്‍ സുരേഷ് ഗോപിക്കെതിരെ 'കമാ 'എന്ന് മിണ്ടാന്‍ പോലും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ നേതാക്കളില്‍ ആര്‍ക്കും ധൈര്യമില്ല. മിണ്ടിയാല്‍ മോഡി നേരിട്ട് ചീട്ട് കീറും. പാരവെപ്പിന് നേരത്തെ പലരും ശ്രമിച്ചു നോക്കിയതാണ്. മോഡിയില്‍ നിന്ന് പണി പാലും വെള്ളത്തില്‍ കിട്ടുമെന്ന് അറിയാവുന്നത് കൊണ്ട് ആ ആശ പലരും മുളയിലേ നുള്ളിക്കളഞ്ഞു. സുരേഷ് ഗോപിയുടെ വലം കൈയ്യായി പ്രവര്‍ത്തിച്ച് മോഡിയുടെ പ്രീതി പിടിച്ചെടുക്കുകയെന്ന തന്ത്രം പയറ്റാനാണ് നേതാക്കളില്‍ പലരുടെയും ഇപ്പോഴത്തെ ശ്രമം. നേതാക്കളില്‍ മിത്രമാര് ശത്രുവാര് എന്ന് കൃത്യമായി ഉറപ്പിക്കാന്‍ കഴിയാത്തത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള സുരേഷ് ഗോപിയുടെ നീക്കങ്ങളെല്ലാം സ്വന്തം നിലയിലാണ്. അതിന് പിന്നാലെ പോകുകയെന്ന ഗതികേടിലാണ് ബി ജെ പി സംസ്ഥാന നേതൃത്വം..
തൃശൂര്‍ സുരേഷ് ഗോപി ഇങ്ങെടുക്കുമോ?
നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിന്റെ തലേദിവസം തന്നെ ' ബി ജെ പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ വിജയപ്പിക്കുക ' , 'തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപി ' തുടങ്ങിയ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത് കൃത്യമായ ലക്ഷ്യത്തോട് കൂടി തന്നെയാണ്. ഒൗദ്യോഗികമായല്ലെങ്കിലും തെരഞ്ഞെടുപ്പിന് ഇനിയും മൂന്നോ നാലോ മാസങ്ങള്‍ ബാക്കിയിരിക്കേ ഇത്തരത്തില്‍ പരസ്യമായി തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് ബി ജെ പിയുടെ ചരിത്രത്തില്‍ അപൂര്‍വ്വമായിരിക്കും. അതിനെതിരെ മറുത്ത് ഒരക്ഷരം പറയാനുള്ള ധൈര്യം പാര്‍ട്ടിയിലെ ഒരു നേതാവിനുമുണ്ടായില്ല. മോഡിയുടെ മനസ്സ് സുരേഷ് ഗോപി കീഴടക്കി കഴിഞ്ഞുവെന്ന് അവര്‍ക്കെല്ലാം ബോധ്യമുണ്ട്.
കട്ടില് കണ്ട് പനിക്കുന്നത് മോഡിയും കൂടിയാണ്
തൃശൂരിലെ കട്ടില് കണ്ടിട്ട് പനിക്കുന്നത് സുരേഷ് ഗോപി മാത്രമല്ല നരന്ദ്ര മോഡിയും കൂടിയാണ്. കേരളത്തില്‍ നിന്ന് ലോകസഭാ സീറ്റില്‍ സ്വന്തമായി ഒരു വിജയം എന്നത് നരേന്ദ്ര മോഡിയുടെ സ്വപ്‌നം മാത്രമല്ല, അഭിമാന പ്രശ്‌നം കൂടിയാണ്. ഇത്തവണയെങ്കിലും കേരളം ബാലികേറാമലയല്ലെന്ന് തെളിയിച്ചില്ലങ്കില്‍ രാജ്യം മുഴുവന്‍ കാടിളക്കി നടക്കുന്ന മോഡിക്ക് അതില്‍പരം നാണക്കേടുണ്ടാകില്ല. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം ബ്രോയ്‌ലര്‍ കോഴിക്കുഞ്ഞിനെ വളര്‍ത്തുന്ന രീതിയില്‍ ചോദിക്കുന്നതെല്ലാം കൊടുത്ത് മോഡി സുരേഷ് ഗോപിയെ വളര്‍ത്തിയെടുത്തത്. 2019 ലെ തെരഞ്ഞെടുപ്പിലെ സെലിബ്രേറ്റി മാത്രമായിരുന്ന സുരേഷ് ഗോപിയല്ല 2024 ലെ സുരേഷ് ഗോപി. ജനങ്ങളെ വലിയ രീതിയില്‍ കൈയ്യിലെടുക്കാന്‍ മാത്രം തത്രജ്ഞനായ രാഷ്ട്രീയ ഒറ്റയാനായി മോഡിയുടെ തണലില്‍ സുരേഷ് ഗോപി വളര്‍ന്നിരിക്കുന്നു. അതുകൊണ്ട് തന്നെ തൂശൂരിലെ പനിക്കട്ടില്‍ സുരേഷ് ഗോപിക്കുള്ളതാണെന്ന് മോഡി ഉറച്ച് വിശ്വസിക്കുന്നു.
വോട്ട് കണക്ക് പറയുന്നതെന്ത്?
കഴിഞ്ഞ അഞ്ച് ലോകസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ട് കണക്കിന്റെ അടിസ്ഥാനത്തിലാണ് തൃശൂരില്‍ സുരേഷ് ഗോപി പച്ച തൊടില്ലെന്ന് എല്‍ ഡി എഫും യു ഡി എഫും ഉറച്ച് വിശ്വിക്കുന്നത്. കഴിഞ്ഞ അഞ്ച് ലോകസഭാ തെരഞ്ഞെടുപ്പില്‍ ആറ് ശതമാനത്തില്‍ നിന്ന് 28 ശതമാനത്തിന്റെ വളര്‍ച്ചയാണ് ബി ജെ പിയുടെ വോട്ട് ബാങ്കില്‍ തൃശൂരില്‍ ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട കാര്യമുണ്ട്. 2014 ല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ എത്തുമ്പോഴേക്കും മൊത്തം 11.15 ശതമാനം വോട്ട് മാത്രമാണ് ബി ജെ പിക്കുണ്ടായിരുന്നത്. 2019 ലെ ലോകസഭയിലേക്ക് സുരേഷ് ഗോപി മത്സരിച്ചപ്പോള്‍ വോട്ട് വിഹിതം ഒറ്റയടിക്ക് 28.2 ശതമാനമായി ഉയര്‍ന്നു. അതായത് 17 ശതമാനത്തിന്റെ വലിയ വര്‍ധന. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ സുരേഷ് ഗോപിക്ക് കിട്ടിയത് 31.3 ശതമാനം വോട്ട്. വിജയിച്ച് സി പി ഐ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 34.25 ശതമാനം വോട്ട്. അതായത് വോട്ട് വ്യത്യാസം കേവലം മൂന്ന് ശതമാനം മാത്രം. ഇവിടെയാണ് സുരേഷ് ഗോപിയും നരേന്ദ്ര മോഡിയും ഒരുപാട് സ്വപ്‌നങ്ങള്‍ മെനയുന്നത്. കാരണം പഴയ സുരേഷ് ഗോപിയേക്കാളും മോഡിയുടെ പുതിയ സുരേഷ് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. അതിന്റെ ഗുണം തെരഞ്ഞെടുപ്പിലുമുണ്ടാകുമെന്ന് അവര്‍ ന്യായമായും വിശ്വസിക്കുന്നു. കഴിഞ്ഞ ദിവസം നരേന്ദ്ര മോഡി തൃശൂരിലെത്തിയത് ഒരു തുടക്കം മാത്രമാണ്. സുരേഷ് ഗോപിക്കായി അരയും തലയും മുറുക്കി തെരഞ്ഞെടുപ്പിന് മുന്‍പ് ഇനിയും മോഡി ദല്‍ഹിയില്‍ നിന്ന് തൃശൂരിലേക്ക് വിമാനം കയറുമെന്നുറപ്പ്.