Sorry, you need to enable JavaScript to visit this website.

അയോധ്യ വീണ്ടും രാഷ്ട്രീയ ആയുധമാകുമ്പോൾ

ഭഗവാൻ ശ്രീരാമന്റെ പേരിലാണ് അയോധ്യയിലെ ക്ഷേത്രം ഉയരുന്നത്. രാമരാജ്യം മനസ്സിൽ താലോലിച്ച ഒരു നേതാവുണ്ടായിരുന്നു ഇന്ത്യക്ക്, മഹാത്മാ ഗാന്ധി. അദ്ദേഹത്തിന്റെ രാമനെയല്ല ആർ.എസ്.എസ് പ്രതിനിധാനം ചെയ്യുന്നത്. നീതിയുടെ ഉപാസകനായ, ശാന്തിയുടെ പ്രതീകമായ, കാരുണ്യത്തിന്റെ കടലായ ദശരഥ രാജാവിന്റെ മൂത്ത മകനും വിഷ്ണുവിന്റെ അവതാരവുമായ രാമനാണ് ഗാന്ധിജിയുടെ ഗീതയിലെ രാമൻ.



 
ബി.ജെ.പി ഉൾപ്പെട്ട സംഘ്പരിവാറിന് അയോധ്യ കേവലം മറ്റൊരു ക്ഷേത്രമല്ല. അത് അവരുടെ നാഗരിക സ്വത്വത്തിന്റെ പുനരുജ്ജീവനത്തെ പ്രതീകപ്പെടുത്തുന്ന ഒന്നാണ്. മുറിവേറ്റ ഒരു നാഗരികതയുടെ യഥാർത്ഥ സ്ഥാനം വീണ്ടെടുക്കാനുള്ള ശ്രമമായിട്ടാണ് അവരതിനെ കണക്കാക്കുന്നത്. അതുവഴി ഇന്ത്യയെ ഭാരതമെന്ന പേരിൽ ഒരു സമ്പൂർണ ഹിന്ദു രാഷ്ട്രമാക്കുന്നതിന്റെ തുടക്കമാകുകയാണ്. പലകുറി ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതും മറ്റു പലരും വ്യക്തമാക്കിയ പോലെ, ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണ്. ഹിന്ദു അല്ലാത്തവർക്ക് രണ്ടാംകിട പൗരന്മാരായി ജീവിക്കുകയോ രാജ്യം വിടുകയോ  ആവാം.
 
പ്രധാനമായും മൂന്ന് നിർണായക നീക്കങ്ങളാണ് ആർ.എസ്.എസ് 1970 കൾ മുതൽ രാഷ്ട്രീയ വളർച്ചക്ക് വേണ്ടി ചെയ്തിരിക്കുന്നത്. അതിൽ ആദ്യ ഘട്ടത്തിൽ, ഹിന്ദുക്കളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ വേണ്ടി വി.എച്ച്.പി രുപീകരിച്ചുകൊണ്ട് രാജ്യത്തുടനീളം തീർത്ഥ യാത്രകൾ സംഘടിപ്പിച്ചു; ആർ.എസ്.എസിനെ ശക്തിപ്പെടുത്തി ദേശീയ പ്രാധാന്യമുള്ള ശക്തിയായി വളർത്തി; 1977 ൽ ജനസംഘം വഴി തെരഞ്ഞെടുപ്പിൽ നേരിട്ടിടപെട്ടു; 1980 ൽ ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിച്ചു. രണ്ടാമതായി, രാം ജന്മഭൂമി പ്രസ്ഥാനമുണ്ടാക്കി; രഥയാത്ര നടത്തി; 1992 ൽ ബാബ്‌രി മസ്ജിദ് പൊളിച്ചുകളഞ്ഞു; ജനാധിപത്യ വ്യവസ്ഥിതിക്കകത്തുനിന്ന് രാജ്യം ഭരിക്കുന്ന ഏകാധിപത്യ കക്ഷിയായി ബിജെപിയെ വളർത്തി പലതവണ അധികാരത്തിലെത്തിച്ചു.  
 
മൂന്നാമത്തേത്തും നിർണായകമായതുമായ നീക്കമാണ് 22 ന് അയോധ്യയിൽ നടക്കാൻ പോകുന്ന പ്രാണപ്രതിഷ്ഠ. അതോടെ 2024 ൽ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യം നേടുകയാണ്. 1925 ൽ കേശവ് ബലിറാം ഹെഗ്ഡെവാറിന്റെ നേതൃത്വത്തിൽ നാഗ്പൂരിൽ സെപ്റ്റംബർ 27 നാണ് ആർ.എസ്.എസ് രൂപീകരിക്കപ്പെട്ടത്. നൂറാം വാർഷികത്തിൽ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് അവർ പ്രവർത്തിച്ചത്. അത്തരമൊരു ഏകശിലാ രാഷ്ട്രത്തിൽ മറ്റു ജനവിഭാഗങ്ങളുടെ അവസ്ഥ അചിന്തനീയമാണ്. ഹിറ്റ്‌ലറുടെ ജർമനിയും സ്റ്റാലിന്റെ റഷ്യയും ബർമയിലെ റോഹിൻഗ്യരും ഫലസ്തീനിലെ ജനതയും മറ്റും അനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ ഫാസിസമാണ് ഈ ഏകാധിപത്യത്തിന്റെ അടിത്തറ. ധാർമികത ഒട്ടുമേയില്ല.
 
ആർ.എസ്.എസിന്റെ രണ്ടാമത് സർസംഘ്ചാലക് ആയിരുന്ന ഗുരുജി ഗോൾവാൾക്കറുടെ 'നാം, അഥവാ നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു' എന്ന ഗ്രന്ഥത്തിൽ ഹിന്ദുരാഷ്ട്രത്തിലെ അഹിന്ദുക്കളെ കുറിച്ച് ഇങ്ങനെയാണ് പറയുന്നത്: 'ഹിന്ദുരാഷ്ട്രത്തിന്റെ മഹദ്വത്കരണമൊഴിച്ച് മറ്റൊരാശയവും അവരിൽ ഉണ്ടാകരുത്. അതായത് ഹിന്ദു വംശത്തിന്റേതല്ലാത്ത മറ്റൊരു നിലനിൽപിനെ ഉപേക്ഷിക്കണം, അല്ലെങ്കിൽ ഒന്നും അവകാശപ്പെടാതെ, ഒരു ആനുകൂല്യവും ചോദിക്കാതെ, ഒരു തരത്തിലുള്ള മുൻഗണനക്കും അവകാശമില്ലാതെ ഹൈന്ദവ രാജ്യത്തിന്റെ കീഴിൽ കഴിയാം- ഒരു പൗരന്റെ അവകാശം പോലും ലഭിക്കാതെ.' 1939 ൽ രചിക്കപ്പെട്ട ഈ ഗ്രന്ഥം ആർ.എസ്.എസ് സംഘടനയുടെ ബൈബിൾ ആണെന്നാണ് വിശേഷിപ്പിക്കുന്നത്. വിചാരധാര എന്ന ഗോൾവാൾക്കറുടെ മറ്റൊരു കൃതിയിൽ ജനാധിപത്യത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: 'ജനങ്ങൾക്കു വേണ്ടി, ജനങ്ങളാൽ' എന്ന ജനാധിപത്യാശയം രാഷ്ട്രഭരണത്തിൽ എല്ലാവരും തുല്യരാണെന്ന അർത്ഥത്തിൽ, ഒരളവോളം പ്രായോഗിക തലത്തിലെ മിത്താകുന്നു.' ഈ പുസ്തകത്തിലാണ് ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളായി മുസ്‌ലിംകൾ, ക്രിസ്ത്യാനികൾ, കമ്യൂണിസ്റ്റുകാർ എന്നിവരെ പ്രഖ്യാപിക്കുന്നത്.
 
മേൽസൂചിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങളിലെ സ്‌തോഭജനകമായ ഈ വിധ്വംസക ആശയങ്ങളെ പിന്നീട് പലപ്പോഴായി ഗോൾവാൾക്കറും ഇപ്പോഴത്തെ സർസംഘ്ചാലക് മോഹൻ ഭാഗവതും തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും വസ്തുത അങ്ങനെയല്ല. ആർ.എസ്.എസ് നേതാക്കളായ രാജേന്ദ്ര സിംഗ്, ഭാവ്റാവു ദേവരസ് എന്നിവർ 1978 ൽ 'നാം, അഥവാ നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു' എന്ന ഗ്രന്ഥത്തിന്റെ കർതൃത്വത്തെപ്പറ്റി ഔദ്യോഗികമായി അഭിപ്രായപ്രകടനം നടത്തിയിരുന്നു. 'ഇന്ത്യ ചരിത്രപരമായി ഓർമക്കപ്പുറത്തുള്ള കാലം മുതലേ ഒരു ഹിന്ദു രാജ്യമായിരുന്നു എന്ന ആശയം പ്രചരിപ്പിക്കുന്നതിന് ശാസ്ത്രീയാടിത്തറ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഗോൾവാൾക്കർ ഈ കൃതി രചിച്ചത്' എന്നാണ് അവരുടെ പ്രസ്താവന.
 
എന്നല്ല, ഗോൾവാൾക്കർക്ക് ശേഷം 1973 മുതൽ 1994 വരെ ആർ.എസ്.എസ് തലവനായിരുന്ന ബാലാസാഹിബ് ദേവറസിന്റെ കാലത്താണ് 1983 ലെ നെല്ലി കൂട്ടക്കൊലകളും ഭഗൽപൂർ കലാപവും ഭീവണ്ടി കലാപവും മുർഷിദാബാദ് കലാപവും പലപ്പോഴായി മീററ്റിലും ഉത്തർപ്രദേശിലെ വിവിധ ഇടങ്ങളിലും നടന്ന കലാപങ്ങളും അരങ്ങേറിയത്. ഇതിലെല്ലാം ഇരകളാക്കപ്പെട്ടത് മുസ്‌ലിംകൾ മാത്രമായിരുന്നു. 2014 ൽ നരേന്ദ്ര മോഡി അധികാരത്തിൽ വന്നതു മുതൽ മാംസത്തിന്റെയും വേഷത്തിന്റെയും പേരിൽ രാജ്യത്തുടനീളം സംഭവിച്ചുകൊണ്ടിരിക്കുന്നതും ഈ ആശയങ്ങളുടെ നടപ്പിലാക്കൽ തന്നെയാണ്.
 
ഭഗവാൻ ശ്രീരാമന്റെ പേരിലാണ് അയോധ്യയിലെ ക്ഷേത്രം ഉയരുന്നത്. രാമരാജ്യം മനസ്സിൽ താലോലിച്ച ഒരു നേതാവുണ്ടായിരുന്നു ഇന്ത്യക്ക്, മഹാത്മാ ഗാന്ധി. അദ്ദേഹത്തിന്റെ രാമനെയല്ല ആർ.എസ്.എസ് പ്രതിനിധാനം ചെയ്യുന്നത്. നീതിയുടെ ഉപാസകനായ, ശാന്തിയുടെ പ്രതീകമായ, കാരുണ്യത്തിന്റെ കടലായ ദശരഥ രാജാവിന്റെ മൂത്ത മകനും വിഷ്ണുവിന്റെ അവതാരവുമായ രാമനാണ് ഗാന്ധിജിയുടെ ഗീതയിലെ രാമൻ.
 
രാവണനുമായുള്ള യുദ്ധത്തിൽ, ബോധക്ഷയത്തിൽനിന്നും അദ്ദേഹം കരകയറും വരെ സമയം അനുവദിച്ച കാരുണ്യവാനായ രാമൻ. രാവണന്റെ മുതുകിൽ ഒരു മുറിവ് കാണുമ്പോൾ രാവണൻ ഓടാൻ ശ്രമിച്ചപ്പോൾ തന്നിൽനിന്നും സംഭവിച്ചതാകുമോ, എങ്കിൽ തന്റെ വിജയത്തിന് ആധികാരികതയെന്ത് എന്ന് സന്ദേഹിച്ച നീതിമാനായ രാമൻ. കോസല രാജ്യത്തിലെ ഓരോ പൗരനും രാമൻ രാജാവാകണമെന്നാഗ്രഹിച്ചപ്പോൾ, ദശരഥൻ തന്റെ ഭാര്യമാരിലൊരാളായ കൈകേയിക്ക് നൽകിയ വാഗ്ദാനം പാലിക്കണമെന്നും രാമനുപകരം  സഹോദരനായ ഭരതനെ രാജാവായി കിരീടമണിയിക്കണമെന്നും ശഠിക്കുമ്പോൾ സസന്തോഷം കാട്ടിലേക്ക് പരിത്യാഗിയായി പോകുന്ന വിശാല ഹൃദയനായ രാമൻ. 
 
ഇങ്ങനെയൊരു ദൈവാവതാരത്തിന്റെ പേരിലാണ് 'ജയ് ശ്രീറാം' കൊലവിളികൾ തെരുവിൽ മുഴങ്ങുന്നത്; മനുഷ്യരെ കൊല്ലുന്നത്, വയറ് കീറി കുട്ടിയെ പുറത്തെടുത്ത് പെട്രോൾ ഒഴിച്ച് കത്തിക്കുന്നത്, ഈ രാജ്യം വിട്ടുപോകണമെന്ന് ആക്രോശിക്കുന്നത്, ട്രെയിനിൽ വേഷം നോക്കി വെടിവെച്ച് കൊല്ലുന്നത്, യുവാക്കളെ പിടിച്ച് ജയിൽ നിറക്കുന്നത്, അകറ്റി നിർത്തുന്നത്, പശുവിന്റെ പേര് പറഞ്ഞ് കൊന്ന് മരത്തിൽ കെട്ടിത്തൂക്കുന്നത്, കുറ്റവാളിയെന്ന് സംശയിക്കുമ്പോഴേക്ക് വീടടിച്ച് തകർക്കുന്നത്.   മര്യാദാപുരുഷനായ ശ്രീരാമന്റെ മഹദ് മൂല്യങ്ങൾ പുലരാൻ വേണ്ടിയാവേണ്ട രാംലല്ലയുടെ പ്രതിഷ്ഠ രാമഗുണങ്ങൾക്ക് വിരുദ്ധമായി ഭവിക്കുന്ന ആസുര കാലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇത് ഹിന്ദുധർമമല്ല, ഫാസിസത്തിന്റെ മദമിളകൽ മാത്രമാണ്.

Latest News