കൊച്ചി -കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളും ഭരണവും മൂലമുള്ള രാജ്യത്തിന്റെ അപകടകരമായ അവസ്ഥകള്‍ക്കെതിരെയുള്ള ഒരു ബദല്‍ എന്ന നിലയില്‍ മാതൃകയായി മാറിയ സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായ ഉപരോധത്തിലൂടെ പ്രതിസന്ധിയിലാക്കുവാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. എ ഐ ടി യു സി സംസ്ഥാന സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന് അര്‍ഹതപ്പെട്ട 57000 കോടിയോളം രൂപ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തത് മൂലം കേരളത്തിലെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണത്തിലും വികസന പദ്ധതികള്‍ക്കും മറ്റു ക്ഷേമ പദ്ധതികള്‍ക്കും ആവശ്യമായ ഫണ്ടിന്റെ അപര്യാപ്തത അലട്ടുകയാണ്.
പൊതുമേഖലയെ തകര്‍ക്കുന്ന സമീപനം കേന്ദ്രം കൈക്കൊള്ളുമ്പോള്‍ കേരളത്തില്‍ പൊതുമേഖലയെ സംരക്ഷിക്കുന്ന നയമാണ് നമ്മള്‍ പിന്തുടരുന്നത്. ഒരു സ്ഥാപനവും സ്വകാര്യവത്കരിച്ചിട്ടില്ല , ഒരു തൊഴിലാളിയേയും പിരിച്ചുവിട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സപ്ലൈകോയുടെ ഫലപ്രദമായ പ്രവര്‍ത്തനം ഉള്ളത് കൊണ്ടാണ് പൊതുവിപണിയില്‍ വലിയ വിലക്കയറ്റം ഉണ്ടാകാത്തത് ' . കോവിഡ് കാലത്ത് 6000 കോടിയോളം രൂപ ചിലവഴിച്ചാണ് കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കിയത്. സബ്‌സിഡികളും ആനുകൂല്യങ്ങളും വെട്ടിക്കുറക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. റേഷന്‍ കടകള്‍ വേണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട് , ഛത്തിസ്ഗഡും പോണ്ടിച്ചേരിയിലും പൊതുവിതരണ സമ്പ്രദായം നിര്‍ത്തലാക്കി. മാഹിയിലെ 17 റേഷന്‍ കടകളും തുറന്നിട്ട് രണ്ടു വര്‍ഷത്തോളമായി.. കേരളത്തില്‍ 87 ലക്ഷം കുടുംബങ്ങള്‍ ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ കടകളില്‍ നിന്നും വാങ്ങുന്നുണ്ട്. വിശപ്പ് രഹിത മുദ്രാവാക്യം മാത്രമല്ല ,അതി ദരിദ്രരരായ ഒരാളുപോലും ഇല്ലാത്ത ഒരു കേരളത്തെ സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. കേരളത്തിന്റെ നിലനില്‍പ്പിനായി കേന്ദ്ര അവഗണനക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.