കാസര്‍കോട് - പ്രവാസി ബിസിനസുകാരനുമായ കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനെ വ്യാജ പോക്‌സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി അഭിഭാഷകനും പോലീസും ഉള്‍പ്പെടുന്ന സംഘം 15 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. ഇത് സംബന്ധിച്ച് യുവാവ് ജില്ലാ പോലീസ് മേധാവിക്കും ഐ ജിക്കും പരാതി നല്‍കി. പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവത്തിന്റെ തുടക്കം. യുവാവ് കാസര്‍കോട് സ്വദേശിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനായ്ി വീട്ടിലെത്തി പെണ്ണു കണ്ടു. എന്നാല്‍, പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ല എന്നറിഞ്ഞത് കൊണ്ട് ആ കല്യാണത്തില്‍ നിന്ന് പിന്മാറി. കല്യാണം വേണ്ടെന്ന് വെച്ചതിന് ശേഷം യുവാവ് വിദേശത്തേക്ക് പോയി. പിന്നീട് കഴിഞ്ഞ മാസം അവസാനം മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. ഈ സമയത്താണ് ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ യുവാവിനെതിരെ വ്യാജ പരാതി എത്തുന്നത്. യുവാവ് നേരത്തെ കല്യാണം ആലോചിച്ച പെണ്‍കുട്ടിയുടെ ബന്ധുവാണ് ഈ കുട്ടിയെ പീഡിപ്പിച്ചതായി പരാതി നല്‍കിയത്. എന്നാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ല, പകരം 15 ലക്ഷം നല്‍കണമെന്നും അത് നല്‍കിയാല്‍ പരാതി പിന്‍വലിക്കാമെന്നും പരാതിക്കാര്‍ യുവാവിനോട് പറഞ്ഞു. താന്‍ പണം നല്‍കാന്‍ തയ്യാറാകാത്തതോടെ നിരന്തരം ഫോണ്‍ വിളികളായെന്ന് യുവാവ് പറയുന്നു. പോക്‌സോ കേസായിരുന്നിട്ടും കേസ് ഒത്തു തീര്‍പ്പാക്കാന്‍ ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെടുന്നതിന്റെ ഫോണ്‍ കോള്‍ റിക്കാര്‍ഡ് ചെയ്തത് യുവാവ് പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്്. നൗഫല്‍, കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകനായ അഡ്വ. നുസൈബ്, ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ ഷൈന്‍ എന്നിവര്‍ക്കെതിരെയാണ് യുവാവ് ജില്ലാ പോലീസ് മേധാവി, ഐ ജി എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.