കൊല്ലം- ആശ്രാമം മൈതാനത്തെ മുഖ്യവേദിയില്‍ സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. മുഖ്യന്ത്രി പിണറായി വിജയന്‍ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കലോത്സവം കുട്ടികളുടേതാണെന്നും രക്ഷിതാക്കള്‍ തമ്മില്‍ മത്സരിക്കരുതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ നേതൃത്വത്തില്‍ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടന്നതിന് പിന്നാലെയാണ് കലോത്സവത്തിന് തിരിതെളിയിച്ചത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ് ചടങ്ങിന് സ്വാഗതമര്‍പ്പിച്ചു. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, കെ.രാജന്‍, കെ.ബി.ഗണേഷ്‌കുമാര്‍, ജെ.ചിഞ്ചുറാണി എന്നിവരും എന്‍.കെ പ്രേമചന്ദ്രന്‍ എംപി, മുകേഷ്, എംഎല്‍എ എന്നിവരും പങ്കെടുത്തു. നടി നിഖില വിമല്‍ മുഖ്യാതിഥിയായിരുന്നു.
59 ഇനങ്ങളിലാണ് ആദ്യദിനം മത്സരങ്ങള്‍ നടക്കുന്നത്. മോഹിനിയാട്ടമാണ് ആദ്യത്തെ മത്സരയിനം. പതിനാലായിരത്തോളം മത്സരാര്‍ഥികള്‍ അഞ്ചുദിവസങ്ങളിലായി വിവിധ വേദികളില്‍ എത്തും.