കണ്ണൂർ - കണ്ണൂർ കോർപ്പറേഷനിൽ പുതിയ മേയർ സ്ഥാനാർഥിയായി മുസ്‌ലിഹ് മഠത്തിലിനെ പ്രഖ്യാപിച്ചു. ടി.ഒ.മോഹനൻ മേയർ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഐക്യജനാധിപത്യ മുന്നണിയുടെ ധാരണ അനുസരിച്ചു ഇനിയുള്ള രണ്ടു വർഷം മേയർ സ്ഥാനം മുസ്ലിം ലീഗിനാണ്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് മേയർ സ്ഥാനാർത്ഥിയായി മുസ് ലിഹ് മഠത്തിലിനെ പ്രഖ്യാപിച്ചത്.
മുസ്ലിം ലീഗ് കോർപ്പറേഷൻ കൗൺസിൽ പാർട്ടി ലീഡർ ആയ മുസ് ലീഹിന് കണ്ണൂരിൽ പ്രത്യേക പരിചയപ്പെടുത്തലുകൾ ആവശ്യം ഇല്ല. ലീഗ് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും ലീഗ് രാഷ്ട്രീയത്തെ ഹൃദയത്തിലേറ്റി വന്ന മുസ്ലിഹ് വിവിധ പാർട്ടി സ്ഥാനങ്ങളിലും, കണ്ണൂർ മുനിസിപ്പൽ കൗൺസിലർ ആയും, കഴിഞ്ഞ മൂന്ന് വർഷം കോർപ്പറേഷൻ കൗൺസിലർ ആയും കഴിവ് തെളിയിച്ചത് ആണ്. രാഷ്ട്രീയത്തിനതീതമായി സൗഹൃദം കാത്തു സൂക്ഷിക്കുന്ന വ്യക്തിത്വത്തിനുടമയാണിദ്ദേഹം.