കൊച്ചി- പ്രളയ ദുരിതം നേരിട്ടറിയാന്‍ തെക്കന്‍ കേരളത്തിലെ വിവിധയിടങ്ങളില്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍ കണ്ണന്താനം നടത്തുന്ന പര്യടനങ്ങക്കെതിരെ സോഷ്യല്‍ മീഡിയില്‍ ട്രോളോട് ട്രോള്‍. കഴിഞ്ഞ ദിവസം ചെങ്ങനാശേരി എസ്.ബി ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ കണ്ണന്താനം രാത്രി അവിടെ കഴിഞ്ഞിരുന്നു. രാത്രി ഇവിടെ കിടന്ന് ഉറങ്ങുന്ന ചിത്രങ്ങളും മന്ത്രി തന്നെ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തതാണ് പ്രളയ ദുരിതത്തിന്റെ ഇടവേളയ്ക്കു ശേഷം ട്രോളന്‍മാര്‍ക്ക് നല്ല വിഭവമായി മാറിയത്. ഉറങ്ങുമ്പോള്‍ ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യാവുന്ന ഓപ്ഷന്‍ ഫേസ്ബുക്കിലുണ്ടോ എന്നായിരുന്നു മിക്കവരുടേയും സംശയം. ഇതിന് ഒരു ആപ്പ് ഫേസ്ബുക്കിലുണ്ടെന്നും അതിന് 'കണ്ണാപ്പ്' എന്നാണ പേരെന്നുമായിരുന്നു ലെന ഡേവിസ് ഡാനിയലിന്റെ കമന്റ്. ഉറങ്ങുന്ന ഫോട്ടോ വൈറലാകുകുയും ട്രോളുകള്‍ പരക്കുകയും ചെയ്തതോടെ കണ്ണന്താനം ഒരു ചെറിയ വിശദീകരണ പോസ്റ്റിട്ടതും ട്രോളന്‍മാര്‍ ആഘോഷിച്ചു.
ഉറങ്ങുന്ന ഫോട്ടോ തന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന പേഴ്‌സണല്‍ സ്റ്റാഫാണ് പോസറ്റ് ചെയ്തതെന്നായിരുന്നു കണ്ണന്താനം ബുധനാഴ്ച രാവിലെ പോസ്റ്റിട്ടത്. ഇതും ചിരിപടര്‍ത്തി. ഈ പോസ്റ്റിനു താഴെ മന്ത്രിയുടെ മുന്‍ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടി നിരവധി ചോദ്യങ്ങളാണ് ഉന്നയിക്കപ്പെട്ടത്. കേരളത്തിന് ഇനി ആവശ്യം ഭക്ഷണമോ വസ്ത്രമോ അല്ലെന്നും പ്ലംബര്‍മാരേയും ഇലക്ട്രീഷ്യന്‍മാരേയുമാണ് ആവശ്യമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് പരാമര്‍ശിക്കവെ മന്ത്രി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ചെങ്ങനാശേരി ദുരിതാശ്വാസ ക്യാമ്പിലെത്തിയ മന്ത്രി കഴിച്ചത് പിവിസി പൈപ്പുകളും ഇന്‍സുലേഷനുകളുമായിരുന്നോ എന്നാണ് റോഷന്‍ തോമസ് കമന്റിട്ടത്.