കൽപറ്റ- വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകൾക്ക് ഫയൽ കാണാനില്ലെന്ന് മറുപടി നൽകുന്നത് ശിക്ഷാർഹമാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ എ.അബ്ദുൽ ഹക്കീം. വയനാട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര സർക്കാർ പാസാക്കിയ പബ്ലിക് റെക്കോർഡ്‌സ് ആക്ട് പ്രകാരം അഞ്ച് വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഫയൽ കാണാതാകുന്ന പരാതിയിൽ വിവരാവകാശ നിയമവും പബ്ലിക് റെക്കോർഡ്‌സ് ആക്ടും സമാന നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ ഉത്തരവായിട്ടുണ്ട്. വിവരാവകാശ അപേക്ഷകളിൽ ഫയലുകൾ കാണാനില്ലെന്ന മറുപടി ആശാസ്യകരമല്ല. ഇത്തരം നടപടികൾ ഫയലുകൾ മറച്ചു വെക്കുന്നതിന്റെ സൂചനയാണ്.
ജനങ്ങൾ സർക്കാരിനെ കാണുന്നത് ഉദ്യോഗസ്ഥരിലൂടെയാണ്. അവരുടെ പെരുമാറ്റം സർക്കാരിനെ വിലയിരുത്താൻ കാരണമാകുന്നു. ഫയലിൽ വിവരം ഉണ്ടായിട്ടും അപേക്ഷകർക്ക് ലഭ്യമാക്കാൻ സന്നദ്ധമാകാത്ത പ്രവണത ശരിയല്ല. ഇത്തരക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും. വിവരാവകാശ മറുപടിയിൽ ബന്ധപ്പെട്ട എസ്.പി.ഒയുടെ പേര്, തസ്തിക, അപ്പീൽ അതോറിറ്റിയുടെ പേര്, തസ്തിക, ഔദ്യോഗിക വിലാസം എന്നിവ നിർബന്ധമായും നൽകണം. അല്ലാത്തവർ സെക്ഷൻ 10ന്റെ നിർദേശം ലംഘിക്കുകയാണ്.
എന്നാൽ, ഉദ്യോഗസ്ഥരുടെ സമയവും പൊതുമുതലും നഷ്ടമാവുന്ന രീതിയിൽ അനാവശ്യമായി ഹരജിക്കാർ ഇടപെടരുത്. വിവരാവകാശ അപേക്ഷ ലഭിച്ച് ആദ്യ അഞ്ച് ദിവസത്തിനകം പ്രാഥമിക നടപടി സ്വീകരിക്കണം. വിവരാവകാശ ഓഫീസർ അപേക്ഷകളിൽ ആവശ്യപ്പെടുന്ന വിവരം മറ്റൊരു ഓഫീസിലാണ് ഉള്ളതെങ്കിൽ വിവരാവകാശ നിയമം 6(3) പ്രകാരം അവിടേക്ക് അയക്കണം. അത്തരം ഘട്ടത്തിൽ വീണ്ടും അപേക്ഷാ ഫീസ് വാങ്ങരുത്.
കൽപറ്റ ടൗണിലെ ഒരു കെട്ടിടത്തിന് നിർമാണാനുമതി നൽകിയതുമായി ബന്ധപ്പെട്ട അപേക്ഷയിൽ ചോദ്യം വ്യക്തമല്ലെന്ന് മറുപടി നൽകിയ മുനിസിപ്പൽ എസ്.പി.ഒക്കെതിരെ വിവരാവകാശ നിയമം സെക്ഷൻ 20(1) പ്രകാരം ശിക്ഷാ നടപടി സ്വീകരിക്കുമെന്നു കമ്മീഷണർ വ്യക്തമാക്കി.
ഹാന്റെക്‌സിന്റെ മേഖലാ ഓഫീസുകളിൽ വിവരാവകാശ ഓഫീസർമാരെ നിയമിക്കാത്തതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഡയറക്ടർക്ക് സമൻസ് നൽകി ജനുവരി 11ന് കമ്മീഷൻ ആസ്ഥാനത്ത് നേരിട്ട് എത്താൻ നിർദേശം നൽകിയതായും കമ്മീഷണർ അറിയിച്ചു. സിറ്റിംഗിൽ 11 കേസുകൾ പരിഗണിച്ചു. ഒമ്പതെണ്ണം തീർപ്പാക്കി.