- ഹിന്ദു-ക്രിസ്ത്യൻ സമൂഹത്തിലെ പുതുതലമുറ കല്യാണം കഴിക്കാൻ പോലും തയ്യാറാവാത്ത അവസ്ഥയുണ്ട്. ഇനി കല്യാണം കഴിച്ചാലും പ്രസവിക്കാൻ തയ്യാറല്ലെന്ന് പറയുന്നവരുണ്ട്. കല്യാണമെന്ന സംവിധാനത്തെ എതിർക്കുന്ന ഒരു സമൂഹവും വളർന്നുവരികയാണ്. ഹിന്ദു-ക്രിസ്ത്യൻ വീടുകളിൽ ഏറിവന്നാൽ ഒരു കുട്ടിയാണുള്ളത്. എന്നാൽ, മുസ്‌ലിം വീടുകളിൽ മൂന്നിരട്ടിയാണെന്നും സ്വാമി ചിദാനന്ദപുരി...
കോഴിക്കോട് - കേരളത്തിലെ ഹിന്ദു-ക്രിസ്ത്യൻ സമൂഹത്തിലെ പുതുതലമുറ സന്താനോത്പാദനത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് പ്രമുഖ ഹൈന്ദവ പണ്ഡിതനും കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി ആവശ്യപ്പെട്ടു.
ഹിന്ദു-ക്രിസ്ത്യൻ സമൂഹത്തിലെ പുതുതലമുറ കല്യാണം കഴിക്കാൻ പോലും തയ്യാറാവാത്ത ഒരു അവസ്ഥയുണ്ട്. ഇനി കല്യാണം കഴിച്ചാലും പ്രസവിക്കാൻ തയ്യാറല്ലെന്ന് പറയുന്നവരുണ്ട്. ഇത്തരത്തിൽ നൂറ് കണക്കിന് കേസുകൾ ആശ്രമത്തിൽ വരാറുണ്ട്. അതിനൊപ്പം കല്യാണമെന്ന വ്യവസ്ഥയെ തന്നെ എതിർക്കുന്ന ഒരു സമൂഹവും ഹിന്ദു-ക്രിസ്ത്യൻ വീടുകളിൽ വളർന്നുവരികയാണ്. ലിവിങ്ങ് ടുഗദർ പോരെ എന്നാണ് പുതു തലമുറ ചോദിക്കുന്നത്. ഇത് പോരെന്നും വിവാഹവും സന്താനോത്പാദനവുമാണ് മുഖ്യമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം. ആ ഒരു ധാരണ നമ്മുടെ മക്കൾക്ക് കൊടുത്തേ മതിയാവു. അതിലൂടെ നമ്മുടെ ധർമത്തിന്റെ പിന്തുടർച്ചയുണ്ടാകു എന്ന് മനസിലാക്കണമെന്നും ചിദാനന്ദപുരി ഓർമിപ്പിച്ചു.
മുസ്‌ലിംകളെ അപേക്ഷിച്ച് കേരളത്തിലെ ഹിന്ദു-ക്രിസ്ത്യൻ കുടുംബങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടെന്നും അദ്ദേഹം ഫേസ് ബുക്കിൽ ഒരു വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. മിക്ക ഹിന്ദു-ക്രിസ്ത്യൻ വീടുകളിലും ഏറിവന്നാൽ ഒരു കുട്ടിയാണുള്ളത്. അതിലൂടെ കേരളത്തിലെ ജനസംഖ്യ നേർപകുതിയാകുന്നു. എന്നാൽ, ഇസ്‌ലാമിക വീടുകളിൽ ആറ് മക്കളാണുള്ളത്. അവിടെ ജനസംഖ്യ മൂന്നിരട്ടിയായി കൂടുകയാണെന്നും ഹിന്ദുവിനും ക്രിസ്ത്യാനിക്കും പകുതിയായി കുറയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൈന എല്ലാ കാര്യത്തിലും നമ്മെക്കാൾ മുന്നിലാണ്. പക്ഷേ, 60 കഴിഞ്ഞവരാണ് അവരുടെ സമൂഹത്തിൽ ഭൂരിഭാഗവും. സമൂഹത്തെ നാളെ മുന്നോട്ട് നയിക്കാൻ ചെറുപ്പക്കാരില്ലാത്ത അവസ്ഥയാണവർക്കുള്ളത്. സാങ്കേതിക മികവിൽ ലോകത്തെ ഞെട്ടിച്ച ജപ്പാനിലും വൃദ്ധൻമാരാണ് കൂടുതൽ. ചെറിയ ഒരു ശതമാനം മാത്രമെ ചെറുപ്പക്കാരുള്ളു. അതേയവസ്ഥ ഇവിടെയുണ്ടാകാൻ പാടില്ലെന്നും അതുകൊണ്ടാണ് സന്താനോത്പാദനത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് ഓർമിപ്പിക്കുന്നതെന്നും പറഞ്ഞു.