തിരുവനന്തപുരം - സഭാ വിശ്വാസികളുടെ പ്രതിഷേധത്തിന് പിന്നാലെ, ബി.ജെ.പിയിൽ ചേർന്നതിൽ വിശദീകരണവുമായി നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യൻ. സഭയാണ് തനിക്ക് വലുതെന്നും സഭ നേതൃത്വം പറഞ്ഞാൽ ബി.ജെ.പിയിൽ ചേർന്ന തീരുമാനം മാറ്റുമെന്നുമാണ് അദ്ദേഹം പറയുന്നത്. ഫാ. ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യൻ സമൂഹത്തിലെ 47 പേർ ബി.ജെ.പിയുടെ ക്രിസ്തുമസ് സ്‌നേഹ സംഗമത്തിൽ വെച്ച് ബി.ജെ.പി അംഗത്വമെടുത്തിരുന്നു.
കേന്ദ്രമന്ത്രി വി മുരളീധരന്റെ സാന്നിധ്യത്തിൽ ബി.ജെ.പിയിൽ ചേർന്ന ഫാ. ഷൈജു കുര്യനെതിരേ പരസ്യ പ്രതിഷേധവുമായി ഓർത്തഡോക്‌സ് സഭാ വിശ്വാസികൾ റാന്നിയിലെ ഇട്ടിപ്പാറ അരമനയ്ക്കു മുന്നിലെത്തിയതിന് പിന്നാലെയാണ് അവശ്യമെങ്കിൽ തീരുമാനം മാറ്റാമെന്ന് ഫാദർ നിലപാട് വ്യക്തമാക്കിയത്. പ്രതിഷേധത്തെ തുടർന്ന് ഭദ്രാസന കൗൺസിൽ യോഗം മാറ്റിയെന്നും മെത്രാപ്പോലീത്ത മുങ്ങിയെന്നും വിശ്വാസികൾ പ്രതികരിച്ചു.
അതിനിടെ, ബി.ജെ.പിയിൽ ചേർന്ന ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യൻ ക്രിമിനൽ കേസുകളിൽ അടക്കം ഉടൻ പ്രതിയാകുമെന്നും ഇത് പ്രതിരോധിക്കാനാണ് ബി.ജെ.പിയിൽ അംഗത്വമെടുത്തതെന്നും ആരോപണമുണ്ട്. ഗൂഢമായ ഇത്തരം നീക്കങ്ങളിലൂടെ സഭയെ അവഹേളിച്ച ഫാ. ഷൈജുവിനെ ഭദ്രാസന ചുമതലയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സഭാ അധ്യക്ഷന് പരാതി നൽകിയതായും വിവരമുണ്ട്.