കൊച്ചി- പോഷകാഹാരമില്ലാത്ത ഗർഭിണികളുടെ എണ്ണം ഏറ്റവും കൂടുതൽ ഗുജറാത്തിലായിരിക്കുമ്പോഴാണ് ഏറ്റവും മാന്യമായ പരിഗണന കിട്ടുന്ന കേരളത്തിലുള്ള സ്ത്രീകളെ ശാക്തീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോഡി തൃശൂരിൽ എത്തിയതെന്ന് എ.ഐ.ടി.യു.സി. അഖിലേന്ത്യ ജനറൽ സെക്രട്ടറി അമർജിത് കൗർ. വോട്ടുകിട്ടാൻ എന്ത് തന്ത്രവും കളിക്കുന്നയാളാണ് നരേന്ദ്രമോഡിയെന്നും ഇത് ജനങ്ങൾ തിരിച്ചറിയണമെന്നും അവർ പറഞ്ഞു.എറണാകുളം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ എ.ഐ.ടി.യു.സി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കൗർ.
മണിപ്പൂരിൽ യുവതികൾ പൊതുനിരത്തിൽ തുണിയുരിയപ്പെട്ടപ്പോൾ നോക്കിനിന്ന മോഡിക്ക് വോട്ടിനായി ബിഷപ്പുമാരെയും പൗരപ്രമുഖരേയും പ്രീതിപ്പെടുത്താൻ ഒരു മടിയുമില്ല. രാജ്യത്തിനായി ഗുസ്തിയിൽ മെഡൽ വാങ്ങിയ സ്ത്രീതാരങ്ങളോട് മോഡിയും അനുചരൻ അമിത്ഷായും ചെയ്തത് രാജ്യം കണ്ടതാണ്. ഇന്ത്യയുടെ അഭിമാനമാേവണ്ടിയിരുന്ന വനിതാ താരങ്ങളെ ലൈംഗീകമായി ചൂഷണം ചെയ്ത ബ്രിജ്ഭൂഷനെ സംരക്ഷിക്കുകയാണ് ബി.ജെ.പി. ചെയ്തത്. ഇപ്പോഴും ഇക്കാര്യത്തിൽ സ്ത്രീകൾക്ക് അനുകൂലമായ ഇടപെടൽ നടത്താൻ ബി.ജെ.പിക്കും മോഡിക്കും കഴിയുന്നില്ല. സ്വന്തം സംസ്ഥാനത്ത് പൊതുജനത്തിന്റെ മുന്നിൽ ബലാത്സംഗം ചെയ്യപ്പെട്ട ബിൽക്കിസ് ബാനുവിന് അവസാനം നീതി കിട്ടിയത് സുപ്രീം കോടതിയിൽ നിന്നാണ്.അതും സ്വന്തം സംസ്ഥാനത്തുനിന്നും മഹാരാഷ്ട്രയിലേക്ക് മാറ്റി വിചാരണ നടത്തിയ ശേഷം.
യുവാക്കൾക്കും യുവതികൾക്കുമായി അഗ്‌നിവീർ പദ്ധതി പ്രഖ്യാപിച്ച കേന്ദ്ര സർക്കാരിന്റെ യാഥാർഥ മുഖം രണ്ട് യുവാക്കളുടെ മരണത്തോടെയാണ് പുറത്തുവന്നത്. സൈനികർ കൊല്ലപ്പെടുമ്പോൾ കുടുംബത്തിന് ലഭിക്കുന്ന യാതൊരു ആനുകൂല്യങ്ങളും ഈ മരിച്ച യുവാക്കളുടെ കുടുംബത്തിന് ലഭ്യമായിരുന്നില്ല. ഉപരിവിദ്യാഭ്യാസം നടത്തേണ്ട സമയത്ത് രാജ്യത്തെ രാഷ്ട്രീയത്തിൽനിന്ന് യുവതലമുറയെ മാറ്റിനിർത്താനുള്ള വഴിയായാണ് അഗ്‌നിവീറിനെ ബി.ജെ.പി. കാണുന്നത്.രാജ്യത്തെ ക്രിമിനൽ നിയമങ്ങളെ ആകെ മാറ്റിയെഴുതി സർക്കാരിനെതിരായ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാനാണ് മോഡി സർക്കാർ ശ്രമിക്കുന്നത്. തൊഴിലാളികൾ അടക്കമുള്ളവരുടെ പ്രതിരോധസ്വരങ്ങൾ ഇല്ലാതാക്കുന്നതിനുള്ള നിയമം പാസാക്കുമ്പോൾ എതിർപ്പ് ഉയർത്തുന്ന എം.പിമാർ ഉണ്ടാവരുതെന്ന തീരുമാനത്തിന്റെ പേരിലാണ് ഇരു സഭകളിലെയും എം.പി മാരെ പുറത്താക്കിയശേഷം നിയമം പാസാക്കിയത്.
അമേരിക്കൻ സാമ്രാജ്യത്തിന്റെ ദാസരായി ഇന്ത്യൻ ജനതയെ മാറ്റാനാണ് മോഡിയുടെ ശ്രമം. ഫലസ്തീൻ ജനതയുടെ സ്വതന്ത്ര അസ്തിത്വത്തിന് എന്നും പിന്തുണ നൽകിയ സമൂഹമാണ് ഇന്ത്യക്കാർ. സാമ്രാജ്യത്വ ദാസന്മാരായി അമേരിക്കൻ നിലപാടാണ് ശരിയെന്ന നിലയിൽ ഫലസ്തീൻ ചെറുത്തുനിൽപ്പിനെ തള്ളിപ്പറയുന്ന ഇന്ത്യൻ നിലപാടിന് ഇവിടെ ആരാധകർ കുറവാണെന്ന് അമർജിത് കൗർ പറഞ്ഞു
മോഡിയുടെ സംസ്ഥാനത്തുനിന്നുള്ള യുവാക്കളെയാണ് മതിയായ രേഖകളില്ലാതെ ഫ്രാൻസിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടയിൽ തിരിച്ചയച്ചത്. ഓരോരുത്തരിലും നിന്നും 80 ലക്ഷം വീതം ഈടാക്കിയിരുന്നു. രാജ്യത്തു തൊഴിലില്ലായമയുടെ വർധനവാണ് യുവാക്കളെ ഏതു വിധേനയും വിദേശത്തേക്ക് കടക്കാൻ പ്രേരിപ്പിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.