Sorry, you need to enable JavaScript to visit this website.

ബസിറങ്ങിയ ആള്‍ അതേ ബസിനടിയില്‍ പെട്ട് മരിച്ചു, ഓട്ടോമാറ്റിക് വാതില്‍ ഇല്ലാത്തതിനാലെന്ന് വിശദീകരണം

കോട്ടയം -  കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വീണ്ടും അപകട മരണം. കോട്ടയത്തെ കെഎസ്ആര്‍ടിസി സ്്റ്റാന്റ് പുതുക്കി പണിത ശേഷം ഇതു രണ്ടാം തവണയാണ് ഇവിടെ മനുഷ്യജീവന്‍ നഷ്ടമാകുന്നത്.  ബസില്‍ നിന്ന് ഇറങ്ങിയ യാത്രക്കാരന്‍ അതേ ബസിന്റെ അടിയില്‍പെട്ട് മരിക്കുകയായിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 50 വയസ്സു തോന്നിക്കുന്ന പുരുഷനാണു മരിച്ചത്. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വൈകുന്നേരമായിരുന്നു അപകടം. പാലായില്‍ നിന്നു കോട്ടയത്തേക്ക് എത്തിയ ഫാസ്റ്റ് പാസഞ്ചര്‍ ബസ് സ്റ്റാന്റില്‍ എത്തിയ ശേഷം പാര്‍ക്ക് ചെയ്യാനായി പിന്നോട്ട് എടുക്കുമ്പോഴായിരുന്നു അപകടം. ബസ് പിന്നോട്ട് എടുക്കുന്നതിനിടെ പിന്‍വശത്തെ വാതില്‍ തുറന്ന് യാത്രക്കാരന്‍ പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചു. വലിയ ബാഗ് കയ്യിലുണ്ടായിരുന്നതിനാല്‍ ഇദ്ദേഹം വാതിലില്‍ നിന്നുള്ള പിടിവിട്ടു വീഴുകയായിരുന്നെന്നു പോലീസ് പറഞ്ഞു.

വീണയുടന്‍ ബസിന്റെ പിന്‍ചക്രം തലയില്‍ കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു. ഉടന്‍ തന്നെ ഡിപ്പോ അധികൃതര്‍ അഗ്‌നിരക്ഷാസേനയെയും പോലീസിനെയും വിവരം അറിയിച്ചു. അഗ്‌നിരക്ഷാസേനയെത്തി പുറത്തെടുത്ത മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസ് യാത്രക്കാരന്‍ മരിക്കാനിടയായതു ബസിന് ഓട്ടോമാറ്റിക് വാതില്‍ ഇല്ലാത്തതിനാലാണെന്നാണ് അധികൃതരുടെ വിശദീകരണം. ഈ വാതില്‍ ഉണ്ടായിരുന്നെങ്കില്‍ യാത്രക്കാരനു സ്വന്തം ഇഷ്ടത്തിനനുസരിച്ചു വാതില്‍ തുറക്കാനാവില്ല. ബസ് നിര്‍ത്തിയതിനു ശേഷം ഡ്രൈവര്‍ക്കു മാത്രമേ വാതില്‍ തുറക്കാനാവൂ. ഇത് അപകടങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കുമെന്നാണ് വിശദീകരണം.

ബസ് ബോഡി കോഡ് അനുസരിച്ച് ഇപ്പോള്‍ നിര്‍മിക്കുന്ന എല്ലാ വാഹനങ്ങളിലും ന്യുമാറ്റിക് വാതില്‍ നിര്‍ബന്ധമാക്കണമെന്നു നിയമമുണ്ട്. കെഎസ്ആര്‍ടിസി ഭൂരിഭാഗം ബസുകളിലും ഓട്ടോമാറ്റിക് വാതില്‍ ഉണ്ടെങ്കിലും അപകടത്തിന് ഇടയാക്കിയ വണ്ടിയില്‍ ഈ വാതില്‍ ഇല്ലായിരുന്നു. ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെങ്കില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു.

2022 ഒക്ടോബറില്‍ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്ത ശേഷം രണ്ടാം തവണയാണ് സ്റ്റാന്റില്‍ ബസിടിച്ചുളള മരണം. ബസുകളുടെ പാര്‍ക്കിംഗിലുളള ക്രമീകരണത്തിന്റെ പാളിച്ചയാണ് അപകടം ക്ഷണിച്ചുവരുത്തുന്നതെന്ന് അന്നേ ആക്ഷേപം ഉയര്‍ന്നതാണ്. ബസുകള്‍ അതിവേഗത്തില്‍ സ്റ്റാന്റിലേക്ക് കയറുകയും സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യാനായി ്അശ്രദ്ധയോടെ വാഹനം ഓടിക്കുന്നതുമാണ് അപകടത്തിലേക്ക് നയിക്കുന്നതെന്ന് പൊതുവിമര്‍ശനം ഉണ്ട്.

 

 

Latest News