Sorry, you need to enable JavaScript to visit this website.

VIDEO നിങ്ങള്‍ എവിടെയാണെന്ന് അധികൃതര്‍ ഉടന്‍ കണ്ടെത്തും; സൗദിയിലെ അനുഭവം വിശദീകരിച്ച് പ്രവാസി

ജിദ്ദ - സൗദിയിലെ സാങ്കേതികവിദ്യയുടെ വികസനവും വ്യാപനവും ജനജീവിതത്തിലുണ്ടാക്കുന്ന സ്വാധീനങ്ങളെയും ഇതിന്റെ നേട്ടത്തെയും കുറിച്ച് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ വിശദീകരിച്ച് ഈജിപ്തുകാരനായ പ്രവാസി മഹ്മൂദ്. പ്രമുഖ ഷോപ്പിംഗ് മാളിലെ പാര്‍ക്കിംഗില്‍ കാര്‍ നിര്‍ത്തി സ്ഥാപനത്തിനകത്തേക്ക് കയറിപ്പോയ നേരത്ത് തന്റെ കാറില്‍ മറ്റൊരാളുടെ കാര്‍ ഇടിക്കുകയായിരുന്നെന്ന് സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയില്‍ മഹ്മൂദ് പറഞ്ഞു.

ഷോപ്പിംഗ് മാളില്‍ പ്രവേശിച്ച് അല്‍പ സമയത്തിനു ശേഷം സുരക്ഷാ വകുപ്പുകളുടെ ഏകീകൃത കണ്‍ട്രോള്‍ നമ്പറായ 911 വഴി ട്രാഫിക് ഡയറക്ടറേറ്റില്‍ നിന്ന് തന്റെ മൊബൈല്‍ ഫോണിലേക്ക് കോള്‍ വന്നു. എന്തിനാണ് ട്രാഫിക് പോലീസ് താനുമായി ബന്ധപ്പെടുന്നത് എന്ന് തുടക്കത്തില്‍ ആശ്ചര്യപ്പെട്ടു. താങ്കള്‍ ഇന്ന ഷോപ്പിംഗ് മാളിലാണെന്നും താങ്കളുടെ കാര്‍ ഷോപ്പിംഗ് മാളിലെ പാര്‍ക്കിംഗിലാണെന്നും ഈ കാറില്‍ മറ്റൊരാളുടെ കാര്‍ ഇടിച്ചിട്ടുണ്ടെന്നും അപകടമുണ്ടാക്കിയ ആള്‍ താങ്കളെ കാത്ത് പാര്‍ക്കിംഗില്‍ നില്‍ക്കുന്നുണ്ടെന്നും എത്രയും വേഗം അയാളുടെ അടുത്ത് എത്തണമെന്നും ഫോണില്‍ സംസാരിച്ച ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഉടന്‍ തന്നെ താന്‍ കാര്‍ പാര്‍ക്കിംഗിലെത്തി. കാറില്‍ ഇടിച്ച ശേഷം അല്‍പസമയം  താങ്കളെ കാത്തുനിന്നുവെന്നും താങ്കളുടെ കാറിന്റെ ചില്ലിനു മുകളില്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയ കടലാസ് തുണ്ട് വെച്ച ശേഷംട്രാഫിക് ഡയറക്ടറേറ്റില്‍ ബന്ധപ്പെട്ട് വിവരം അറിയിക്കുകയുമായിരുന്നെന്ന് അപകടമുണ്ടാക്കിയ ആള്‍ പറഞ്ഞു.

ഡിജിറ്റല്‍ പ്രക്രിയകളിലും ഡാറ്റകള്‍ പ്രയോജനപ്പെടുത്തുന്നതിലും സൗദി അറേബ്യ എത്രമാത്രം പുരോഗതി കൈവരിച്ചിട്ടുണ്ട് എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ലോകത്ത് പല രാജ്യങ്ങളും ഡിജിറ്റൈസേഷനില്‍ ഇത്രയും ഉയര്‍ന്ന നിലവാരത്തിലെത്തിയിട്ടില്ല. ഇതുപോലുള്ള ചെറിയ സംഭവങ്ങളുണ്ടാകുമ്പോള്‍ പോലും ഉടമയുമായി വേഗത്തില്‍ ഫോണില്‍ ബന്ധപ്പെടാന്‍ അധികാരികള്‍ക്ക് സാധിക്കുന്നു.

തന്റെ കാറില്‍ ഇടിച്ച ശേഷം തന്നെ കാത്ത് സ്ഥലത്ത് ഏറെ നേരം നിന്നയാളെ പ്രത്യേകം പ്രശംസിക്കേണ്ടതുണ്ട്. അയാളെ തനിക്ക് അറിയില്ല. ജീവിതത്തില്‍ ഒരിക്കല്‍ പോലും അയാളെ കണ്ടിട്ടില്ല. ഇനിയൊരിക്കല്‍ കൂടി കാണാന്‍ സാധ്യതയുമില്ല. എന്നിട്ടും അപകടമുണ്ടായതോടെ അദ്ദേഹം എന്നെ കാത്തുനിന്നു. സമ്പത്തിലും ആയുസിലും മക്കളിലും അദ്ദേഹത്തിനും അയാളെ ഈ രീതിയില്‍ വളര്‍ത്തി വലുതാക്കിയ രക്ഷകര്‍ത്താക്കള്‍ക്കും ദൈവം അനുഗ്രഹം നല്‍കുമാറാകട്ടേ. മറ്റൊരാളാണെങ്കില്‍ എന്റെ കാറില്‍ ഇടിച്ച ശേഷം എളുപ്പത്തില്‍ സ്ഥലംവിടാവുന്നതേയുള്ളൂവെന്നും മഹ്മൂദ് പറഞ്ഞു.

 

Latest News