സി.പി.ഐ അഖിലേന്ത്യ സെക്രട്ടറിയായിരുന്ന എ.ബി. ബർദാന്റെ ഓർമ ദിവസമായിരുന്നു ഇന്നലെ
മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന് 1990 ലെ സ്വാതന്ത്ര്യ ദിനത്തിൽ അന്ന് പ്രധാനമന്ത്രിയായിരുന്ന വി.പി. സിംഗ് പ്രഖ്യാപിച്ചതിനു പിന്നാലെ വിധ്വംസക ശക്തികൾ കലാപം അഴിച്ചുവിട്ടപ്പോൾ മണ്ഡൽ ശുപാർശകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജെ.എൻ.യുവിൽ എ.ഐ.എസ്.എഫ് ശക്തമായി മുന്നോട്ടു വന്നു. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ എ.ഐ.എസ്.എഫ് സംഘടിപ്പിച്ച യോഗത്തിൽ എ.ബി. ബർദാൻ മണ്ഡലിനെ എതിർക്കുന്നവർ രാജ്യത്തെ പിറകോട്ടു വലിക്കാൻ ശ്രമിക്കുന്നവരാണെന്നും മണ്ഡൽ ശുപാർശകൾ നടപ്പിലാക്കാൻ വേണ്ടിയുള്ള പോരാട്ടത്തിൽ സി.പി.ഐ അടിപതറാതെ നിലകൊള്ളുമെന്നും പ്രഖ്യാപിച്ചു.
ദശകങ്ങൾക്കു മുമ്പ് ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുകയാണ്. ഒരു തെരഞ്ഞടുപ്പു കാലം. ഇടതുമുന്നണി യോഗങ്ങളിൽ കറങ്ങി നടക്കുകയാണ് ഞങ്ങൾ കുറച്ചുപേർ. രാത്രി വളരെ വൈകി വട്ടിയൂർക്കാവിൽ എത്തുമ്പോൾ വലിയ ആൾക്കൂട്ടം. ഏതോ ദേശീയ നേതാവ് പ്രസംഗിക്കുകയാണ്. നല്ല പ്രസംഗം. ഒന്ന് എത്തിനോക്കിയിട്ട് പോകാമെന്നു കരുതി. എ.ബി. ബർദാനാണ് പ്രസംഗിക്കുന്നത്. പിടിച്ചു നിർത്തുന്ന പ്രസംഗം എന്നു പറയുന്നത് അക്ഷരാർത്ഥത്തിൽ എന്താണെന്ന് ബോധ്യപ്പെട്ടു. ഒരു മണിക്കൂറോളം നീണ്ട പ്രസംഗം ഒറ്റ നിൽപിൽനിന്ന് കേട്ടിട്ടാണ് മടങ്ങിയത്.
പിന്നീട് എ.ഐ.എസ.്എഫിന്റെ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുമ്പോൾ സമ്മേളനത്തിൽ പല തവണ ബർദാന്റ പ്രസംഗം കേട്ടു. സഖാവായിരുന്നു അക്കാലത്ത് പാർട്ടി ദേശീയ നേതൃത്വത്തിൽ എസ്.എഫിന്റെ ചുമതലക്കാരൻ. ആത്മാർത്ഥതയും കണിശതയും കൃത്യതയുമുള്ള വാക്കുകൾ. വ്യക്തമായ കാഴ്ചപ്പാടും അത് അവതരിപ്പിക്കാൻ അസാമാന്യമായ ശേഷിയുമുള്ള നേതാവായിരുന്നു ബർദാൻ. പാർട്ടിയിലെ ചുമതലക്കാരൻ എന്ന നിലയിൽ വിദ്യാർത്ഥി പ്രസ്ഥാനത്തിന് ശരിയായ ദിശാബോധം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
ദൽഹിയിലെത്തിയതിനു ശേഷമാണ് എ.ബി. ബർദാനെ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞത്. അന്നും കേന്ദ്ര സെക്രട്ടറിയേറ്റിൽ എ.ഐ.എസ്.എഫിന്റെ ചുമതലക്കാരൻ അദ്ദേഹമാണ്. ബാബ്‌രി മസ്ജിദിനെതിരെ ഹിന്ദുത്വ ഭീകരവാദികൾ നടത്തിയ ആക്രമണം, അതിനു മുന്നോടിയായ രഥയാത്ര, ബോംബേ കലാപം തുടങ്ങിയ സംഘപരിവാർ ഹിംസകൾക്കെതിരായ ചെറുത്തുനിൽപിന്റെ മുൻനിരയിൽ ബർദാനുണ്ടായിരുന്നു. 1990 ൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിന് അനുകൂലമായി സി.പി.ഐ സ്വീകരിച്ച ശക്തമായ നിലപാട് പാർട്ടി പ്രവർത്തകരെയും ജനങ്ങളെയും ശരിയായി ബോധ്യപ്പെടുത്തുന്നതിൽ സഖാവ് വലിയ പങ്കു വഹിച്ചു.
മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന് 1990 ലെ സ്വാതന്ത്ര്യദിനത്തിൽ അന്ന് പ്രധാനമന്ത്രിയായിരുന്ന വി.പി. സിംഗ് പ്രഖ്യാപിച്ചതിനു പിന്നാലെ വിധ്വംസക ശക്തികൾ കലാപം അഴിച്ചുവിട്ടപ്പോൾ മണ്ഡൽ ശുപാർശകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജെ.എൻ.യുവിൽ എ.ഐ.എസ്.എഫ് ശക്തമായി മൂന്നോട്ടു വന്നു. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ എ.ഐ.എസ്.എഫ് സംഘടിപ്പിച്ച യോഗത്തിൽ എ.ബി. ബർദാൻ, മണ്ഡലിനെ എതിർക്കുന്നവർ രാജ്യത്തെ പിറകോട്ടു വലിക്കാൻ ശ്രമിക്കുന്നവരാണെന്നും മണ്ഡൽ ശുപാർശകൾ നടപ്പിലാക്കാൻ വേണ്ടിയുള്ള പോരാട്ടത്തിൽ സി.പി.ഐ അടിപതറാതെ നിലകൊള്ളുമെന്നും പ്രഖ്യാപിച്ചു. സ്വാമി അഗ്‌നിവേശും ആ യോഗത്തിൽ പങ്കെടുത്തു.
ഭട്ടിൻഡയിൽ ചേർന്ന സി.പി.ഐ 11 ാം കോൺഗ്രസ് സ്വീകരിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന പുതിയ രാഷ്ട്രീയ ലൈനിന്റെ ശക്തനായ വക്താവായിരുന്നു എ.ബി. ബർദാൻ. ഇടതുപക്ഷ പാർട്ടികളുടെ, വിശേഷിച്ച് രണ്ടു കമ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യം ഇടതുപക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുന്നതിന്റെ മുന്നുപാധിയാണ് എന്ന വ്യക്തമായ ധാരണയിലാണ് പാർട്ടി കോൺഗ്രസ് തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ പി.കെ.വി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. സി.പി.ഐ- സി.പി.എം ഐക്യം കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കണമെന്ന് വിശ്വസിച്ച നേതാവാണ് ബർദാൻ. ജെ.എൻ.യുവിൽ എ.ഐ.എസ്.എഫ് - എസ്.എഫ.്‌ഐ ഐക്യത്തിലുണ്ടാകുന്ന വിള്ളൽ പോലും നിസ്സാരമായി കാണാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. കമ്യൂണിസ്റ്റ് ഐക്യത്തിന് വിള്ളലുണ്ടാക്കുന്ന പ്രവൃത്തികൾ ചെയ്യുന്നു എന്ന പേരിൽ ഞങ്ങളെപ്പോലെയുള്ള വിദ്യാർത്ഥി പ്രവർത്തകരോടു പോലും അദ്ദേഹം അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്.
15 ാമത്തെ വയസ്സിൽ എ.ഐ.എസ്.എഫിന്റെ സജീവ പ്രവർത്തകനായി പൊതുജീവിതം ആരംഭിച്ചതു മുതൽ 2016 ൽ 92 ാമത്തെ വയസ്സിൽ മരിക്കുന്നതുവരെ ഇന്ത്യയിലെ തൊഴിലാളിവർഗ രാഷ്ട്രീയത്തിനും ജനാധിപത്യ പ്രസ്ഥാനത്തിനും വേണ്ടിയുള്ള വിശ്രമ രഹിതമായ പോരാട്ടമായിരുന്നു എ.ബി. ബർദാന്റെ ജീവിതം. പ്രസ്ഥാനത്തിന്റെ ഉത്തമതാൽപര്യമല്ലാതെ, സ്വന്തം വ്യക്തിതാൽപര്യമെന്നൊന്ന് അദ്ദേഹത്തിന് ഒരിക്കലും ഉണ്ടായിരുന്നില്ല.