തൃശൂർ - ആടിയും പാടിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ തൃശൂർ തേക്കിൻ കാട് മൈതാനത്ത് സ്ത്രീകൾ സ്വീകരിച്ചപ്പോൾ പൂരനഗരിയിൽ 'എന്റെ അമ്മമാരേ, സഹോദരിമാരേ' എന്ന് മലയാളത്തിൽ വിളിച്ചായിരുന്നു മോഡിയുടെ പ്രസംഗ തുടക്കം. ഇതിനെ നിറഞ്ഞ ഹർഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.
എല്ലാവർക്കും പുതുവത്സരാംശംസകൾ. ഇന്നലെയായിരുന്നു മന്നം ജയന്തി ദിനം. മന്നത്ത് പത്മനാഭന്റെ ജന്മ ജയന്തിക്ക് ശ്രദ്ധാജ്ഞലി അർപ്പിക്കുകയാണ്. കേരളത്തിലെ എന്റെ അമ്മമാരേ, സഹോദരിമാരേ.... ഇത്രയുമധികം സ്ത്രീകൾ എന്നെ അനുഗ്രഹിക്കാൻ എത്തിയതിൽ ഒരുപാട് സന്തോഷമുണ്ട്. കാശിയുടെ പാർലമെന്റ് അംഗമാണ് ഞാൻ. കാശി ഭഗവാൻ ശിവന്റെ മണ്ണാണ്. അവിടെനിന്നും വടക്കുംനാഥന്റെ മണ്ണിലേക്ക് എത്തിയത് അനുഗ്രഹമായി ഞാൻ കാണുന്നു. കുട്ടിമാളു അമ്മ, അക്കാമ്മ ചെറിയാൻ, റോസമ്മ പുന്നൂസ് തുടങ്ങിയ സ്വാതന്ത്ര്യസമര പോരാളികളുടെ നാടാണ് കേരളം.
കാർത്യായനി അമ്മ, ഭഗീരഥിയമ്മ തുടങ്ങി നിരവധി പേർക്ക് ജന്മം നൽകിയ നാടാണ് കേരളം. ദേശീയ അവാർഡ് വരെ നേടിയ ആദിവാസി കലാകാരി നഞ്ചിയമ്മ, അവർ അദ്ഭുത കലാകാരിയാണ്. പി.ടി ഉഷയെ പോലെയുള്ളവരെയും സൃഷ്ടിച്ച നാടാണ് കേരളം. എല്ലാവരെയും കാണാനായതിൽ സന്തോഷമുണ്ട്.
കഴിഞ്ഞ പത്തുവർഷത്തിനിടെ സ്ത്രീ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് നാം നടപ്പിക്കായത്. എന്നിട്ട്, ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്നത് എന്റെ (മോഡിയുടെ) ഗ്യാരന്റിയെക്കുറിച്ചാണ്. ലോക്‌സഭയിലും നിയമസഭയിലും സ്ത്രീകൾക്ക് സംവരണം നൽകുന്നത് തീരുമാനമെടുക്കാതെ വച്ചു. എന്നാൽ, ഈ സർക്കാർ അതിൽ തീരുമാനമെടുത്തു. നാരീശക്തി നിയമമാക്കി. മുത്തലാഖ് മൂലം മുസ്‌ലിം സ്ത്രീകൾ ബുദ്ധിമുട്ടിയപ്പോൾ അവരെ അതിൽനിന്ന് മോചിപ്പിക്കാനും നമുക്കായി. രാജ്യത്ത് സ്ത്രീകൾക്ക് പത്തുകോടി ഉജ്വല കണക്ഷൻ നൽകി. ഇതെല്ലാം സാധ്യമായത് എങ്ങനെയാണ്? മോഡിയുടെ ഗ്യാരന്റിയാണ്. 11 കോടി സഹോദരിമാർക്ക് പൈപ്പ് വെള്ളം നൽകി, ശൗചാലയം നിർമിച്ചുനൽകി. അങ്ങനെ വൈവിധ്യമാർന്ന പദ്ധതികൾ നടപ്പാക്കിയത് മോഡിയുടെ ഗ്യാരന്റി വഴിയാണ്. ഈ നാട്ടിലെ ദരിദ്രർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ എന്നിവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. തൃശൂരിൽ നിന്നുയരുന്നത് പുതിയ കേരള സന്ദേശമാണെന്നും മോഡി പറഞ്ഞു.
കേന്ദ്രമന്ത്രി വി മുരളീധരന്റെ പരിഭാഷക്കു ശേഷം പ്രസംഗം വീണ്ടും ആരംഭിക്കുന്ന ഓരോ തവണയും കേരളത്തിലെ അമ്മമാരേ, സഹോദരിമാരേയെന്ന് മലയാളത്തിൽ അഭിസംബോധന ചെയ്താണ് മോഡി പ്രസംഗം തുടർന്നത്.