Sorry, you need to enable JavaScript to visit this website.

മൂന്നരലക്ഷത്തിലേറെ പേര്‍ അനുമതി പത്രമില്ലാത ഹജ് നിര്‍വഹിച്ചു

മിന- ഈ വര്‍ഷം മൂന്നരലക്ഷത്തിലേറെ പേര്‍ അനുമതി പത്രമില്ലാതെ ഹജ് നിര്‍വഹിച്ചതായി കണക്കാക്കുന്നു. മക്കയിലുള്ള സ്വദേശികളും വിദേശികളുമാണ് ഇങ്ങനെ തസ്‌രീഹില്ലാതെ ഹജ് നിര്‍വഹിച്ചവരില്‍ ബഹുഭൂരിഭാഗവുമെന്ന് കരുതുന്നു. അനുമതി പത്രമില്ലാത്തവരെ മക്കയില്‍ പ്രവേശിക്കുന്നത് തടയാന്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിരുന്നു.
 
സൗദി അറേബ്യയില്‍നിന്നുള്ള 6,12,953 പേരാണ് ഹജ് നിര്‍വഹിച്ചത്. 2,40,000 പേര്‍ക്കാണ് ഹജ് അനുമതി പത്രം നല്‍കിയത്. അവശേഷിക്കുന്നവര്‍ തസ്‌രീഹ് നേടാതെയാണ് ഹജ് നിര്‍വഹിച്ചത്. ഇക്കൂട്ടത്തില്‍ സൗദികളും വിദേശികളുമുണ്ട്. നിയമ വിരുദ്ധമായി ഹജ് നിര്‍വഹിച്ചവരില്‍ ബഹുഭൂരിഭാഗവും മക്ക നിവാസികളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
 
ഈ വര്‍ഷം ഹജ് കര്‍മം നിര്‍വഹിച്ചവരുടെ അന്തിമ കണക്ക് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ടു. ആകെ 23,71,675 പേരാണ് ഹജ് കര്‍മം നിര്‍വഹിച്ചത്. വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ 17,58,722 പേരും സൗദി അറേബ്യയില്‍ നിന്നുള്ള 6,12,953 പേരുമാണ് ഹജ് നിര്‍വഹിച്ചത്. തീര്‍ഥാടകരില്‍ 10,44,548 പേര്‍ വനിതകളാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 34,140 പേരാണ് ഹജിനെത്തിയത്. ഗള്‍ഫ് രാജ്യങ്ങള്‍ ഒഴികെയുള്ള അറബ് രാജ്യങ്ങളില്‍ നിന്ന് 3,95,410 പേര്‍ ഹജ് നിര്‍വഹിച്ചു. അറബ് രാജ്യങ്ങള്‍ ഒഴികെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് 10,49,496 പേര്‍ ഹജ് കര്‍മം നിര്‍വഹിച്ചു.

Latest News