(കോട്ടക്കൽ) മലപ്പുറം - കോട്ടക്കൽ നഗരസഭ തിരിച്ചുപിടിച്ച് മുസ്‌ലിം ലീഗ്. ചെയർപേഴ്‌സനായി മുസ്‌ലിം ലീഗിലെ ഡോ. കെ ഹനീഷ തെരഞ്ഞെടുക്കപ്പെട്ടു.
ഒരു സി.പി.എം കൗൺസിലറുടെ വോട്ട് ഉൾപ്പെടെ ഏഴിനെതിരേ 20 വോട്ടുകൾ നേടിയാണ് ഹനീഷ, സി.പി.എമ്മിന്റെ ചെയർപേഴ്‌സൺ സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്. ഒരു സി.പി.എം കൗൺസിലർ വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നു. ഒൻപതാം വാർഡ് അംഗം സി.പി.എമ്മിലെ ഫഹദ് നരിമടയ്ക്കലാണ് ലീഗിന് വോട്ട് ചെയ്തത്. ഇടത് കൗൺസിലർ അടാട്ടിൽ റഷീദയാണ് വോട്ടെടുപ്പിൽനിന്നും വിട്ടു നിന്നത്.
നഗരസഭാ അധ്യക്ഷയായിരുന്ന ലീഗിലെ ബുഷ്‌റ ഷബീർ പാർട്ടിയിലെ അഭ്യന്തര പ്രശ്‌നങ്ങളെ തുടർന്ന് നേരത്തെ രാജിവെച്ചിരുന്നു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഇടത് പിന്തുണയോടെ ഔദ്യോഗിക സ്ഥാനാർത്ഥിയെ തോൽപ്പിച്ച് ലീഗ് വിമത മുഹ്‌സിന അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർന്ന് ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ട് ഇവരെ രാജിവെപ്പിച്ച് വിമത ഭീഷണി അവസാനിപ്പിച്ചതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങി, ലീഗ് ചെയർപേഴ്‌സൺ സ്ഥാനം തിരിച്ചുപിടിച്ചത്. മുസ്‌ലിം ലീഗിന് 19 അംഗങ്ങളുള്ള നഗരസഭയിൽ സി.പി.എമ്മിന് ഒൻപതും ബി.ജെ.പിക്ക് രണ്ടും അംഗങ്ങളാണുള്ളത്.