തൃശൂർ - പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പൂര നഗരയിൽ ഉജ്വല വരവേൽപ്പ്. നെടുമ്പാശ്ശേരിയിൽനിന്ന് ഹെലികോപ്ടറിൽ കുട്ടനെല്ലൂർ ഗവ. കോളേജിന്റെ ഹെലിപ്പാഡിൽ എത്തിയ പ്രധാനമന്ത്രി ഇപ്പോൾ റോഡ് ഷോയുമായി തേക്കിൻ കാട് മൈതാനിയിലേക്ക് തിരിച്ചിരിക്കുകയാണ്.
തൃശൂർ സ്വരാജ് റൗണ്ട് മുതൽ നായ്ക്കനാൽ വരെയുള്ള റോഡ് ഷോ പൂർത്തിയാക്കിയാണ് പ്രധാനമന്ത്രി വേദിയിലെത്തുന്നത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, നടനും തൃശൂരിലെ ബി.ജെ.പിയുടെ നിയുക്ത സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിയും റോഡ്‌ഷോയിൽ മോഡിക്കൊപ്പം പങ്കെടുത്തു.
രണ്ടുലക്ഷം സ്ത്രീകൾ പങ്കെടുക്കുമെന്ന് ബി.ജെ.പി അറിയിച്ച മഹിളാ സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി തൃശൂർ തേക്കിൻകാട് മൈതാനത്ത് എത്തുന്നത്.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ, ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നുമണി, നടി ശോഭന, സാമൂഹിക പ്രവർത്തക ഉമ പ്രേമൻ, വ്യവസായി ബീന കണ്ണൻ, പത്മശ്രീ ജേതാവ് ഡോ. ശോശാമ്മ ഐപ്പ്, ക്ഷേമപെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് പിച്ചച്ചട്ടിയെടുത്തു സമരം നടത്തിയ മറിയക്കുട്ടി, വൈക്കം വിജയലക്ഷ്മി, ശോഭാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്നുണ്ട്. കേന്ദ്രമന്ത്രി വി മുരളീധരൻ, പ്രകാശ് ജാവഡേക്കർ, രാധ മോഹൻ അഗർവാൾ, എ.പി അബ്ദുല്ലക്കുട്ടി, ടോം വടക്കൻ, അനിൽ ആന്റണി, കെ സുരേന്ദ്രൻ, എം.ടി രമേശ് തുടങ്ങിയവരും പ്രധാനമന്ത്രിയോടൊപ്പം പ്രവർത്തകർക്ക് ആവേശം പകരാൻ എത്തിയിട്ടുണ്ട്.