മിന - ഹജ് സേവന മേഖലയില്‍ സൗദി അറേബ്യ നടത്തുന്ന പ്രയത്‌നങ്ങള്‍ക്ക് ലോകം മുഴുവന്‍ സാക്ഷിയാണെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പറഞ്ഞു. രാജകുമാരന്മാരെയും ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖിനെയും പണ്ഡിതരെയും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികളെയും മന്ത്രിമാരെയും സൈനിക, സുരക്ഷാ വകുപ്പ് മേധാവികളെയും മറ്റും മിനാ കൊട്ടാരത്തില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു രാജാവ്.

ഹജ്, ഉംറ തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന്റെയും അവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെയും ചുമതല നല്‍കി ഈ രാജ്യത്തെ അല്ലാഹു ആദരിച്ചു. രാഷ്ട്ര സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ കാലം തൊട്ട് തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന് സര്‍വ ശേഷിയും രാജ്യം പ്രയോജനപ്പെടുത്തുന്നു. ഇത് സൗദി അറേബ്യക്ക് അഭിമാനമാണ്. ഈ കര്‍ത്തവ്യം നിര്‍വഹിക്കുന്നത് രാജ്യം തുടരും.

ഹജ് തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തുന്ന പ്രയത്‌നങ്ങള്‍ക്ക് തീര്‍ഥാടകരും ലോകം മുഴുവനും സാക്ഷിയാണ്. ഇത് നിങ്ങളുടെ കര്‍ത്തവ്യമാണ്. ഇതിന് ദൈവത്തില്‍ നിന്ന് പ്രതിഫലം ലഭിക്കും. രാജ്യത്തിനും വിശുദ്ധ സ്ഥലങ്ങള്‍ക്കും ആര്‍ജിത നേട്ടങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതിന് സൈനികര്‍ നടത്തുന്ന ജീവത്യാഗം അഭിമാനകരമാണ്. രാജ്യത്തിന് സംരക്ഷണം നല്‍കുന്നതിന് ജീവത്യാഗം നടത്തിയ വീരസൈനികരെ അനുഗ്രഹീതമായ ഈ ദിവസം നാം ഓര്‍ക്കുന്നു. രാജ്യത്ത് സുരക്ഷാ ഭദ്രതയും സമാധാനവും അല്ലാഹു നിലനിര്‍ത്തുകയും ഇസ്‌ലാമിനും രാഷ്ട്രത്തിനും സേവനം നടത്തുന്നതിന് നമ്മെ സഹായിക്കുകയും ചെയ്യുമാറാകട്ടെയെന്നും രാജാവ് പറഞ്ഞു.
കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, മക്ക ഗവര്‍ണറും സെന്‍ട്രല്‍ ഹജ് കമ്മിറ്റി ചെയര്‍മാനുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍, ജിദ്ദ ഗവര്‍ണര്‍ മിശ്അല്‍ ബിന്‍ മാജിദ് രാജകുമാരന്‍, ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍, മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍, സാംസ്‌കാരിക മന്ത്രി ബദ്ര്‍ ബിന്‍ അബ്ദുല്ല രാജകുമാരന്‍, അമേരിക്കയിലെ സൗദി അംബാസഡര്‍ ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, നാഷണല്‍ ഗാര്‍ഡ് മന്ത്രി ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.