ജിദ്ദ-ജിദ്ദയില്‍നിന്ന് പുറത്തു പോകാതെ തന്നെ എട്ട് രാജ്യങ്ങളെ തൊട്ടറിയാന്‍ അവസരമൊരുക്കുന്ന ലിറ്റില്‍ ഏഷ്യയിലേക്ക് സന്ദര്‍ശക പ്രവാഹം. വാരാന്ത്യങ്ങളില്‍ മാത്രമല്ല, മറ്റു ദിവസങ്ങളിലും ധാരാളം പേര്‍ ഇവിടെ എത്തി എട്ട് ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച അനുഭൂതി സ്വന്തമാക്കുന്നു.
തായ്‌ലന്റ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫിലിപൈന്‍സ്, ഇന്തോനേഷ്യ, വിയറ്റ്‌നാം, സിംഗപ്പൂര്‍, ചൈന എന്നീ രാജ്യങ്ങളാണ് ലിറ്റില്‍ ഏഷ്യയിലുള്ളത്. ഈ രാജ്യങ്ങളിലെ സംസ്‌കാരം മനസ്സിലാക്കനും ഭക്ഷണ വൈവിധ്യങ്ങള്‍ രൂചിക്കാനും അവസരമുണ്ട്. നവംബര്‍ 30 ന് ആരംഭിച്ച ലിറ്റില്‍ ഏഷ്യ മാര്‍ച്ച് മൂന്ന് വരെ തുടരും.
എട്ട് രാജ്യങ്ങളെ തൊട്ടറിയാനുതകുന്ന സാസ്‌കാരിക പരിപാടികളും ആസ്വദിക്കാം. വിശാലമായ പ്രദേശത്ത് ഒരുക്കിയ ലിറ്റില്‍ ഏഷ്യ കണ്ടു മടങ്ങുന്ന സൗദികളും വിദേശികളും ഒരു പോലെ പറയുന്നത് ഓരോ രാജ്യവും സന്ദര്‍ശിച്ചതു പോലെ അനുഭവപ്പെടുന്നുവെന്നാണ്.
രാജ്യങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ ഓര്‍ക്കാനായി വാങ്ങുന്ന സാധനങ്ങള്‍ ഇവിടെയും വാങ്ങാന്‍ കിട്ടും. വിവിധ രുചികള്‍ ആസ്വദിക്കുന്നതൊടപ്പം ഓരോ രാജ്യത്തേയും ഷോപ്പിംഗും അനുഭവിച്ചറിയാം.
മെറ്റാവേഴ്‌സില്‍ ആദ്യ ബലാത്സംഗം;പെണ്‍കുട്ടിയുടെ ഡിജിറ്റൽ അവതാരത്തിന് പീഡനം, പോലീസ് അന്വേഷിക്കുന്നു
ലിറ്റില്‍ ഏഷ്യ പ്രദേശത്ത് സന്ദര്‍ശകര്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിച്ചുകൊണ്ട് വൈറ്റ് ബീച്ചുമുണ്ട്. വിവിധയിനം കളിപ്പാട്ടങ്ങള്‍ വാങ്ങാനും സൗദി കലകളായ അര്‍ദയടക്കം നിരവധി സാംസ്‌കാരിക പരിപാടികള്‍ ആസ്വദിക്കാനും അവസരമൊരുക്കുന്നതാണ് വൈറ്റ് ബീച്ച്. വെളുത്ത മണല്‍ വിരിച്ച കടല്‍ തീരമായാണ് പ്രദേശം സജ്ജീകരിച്ചിരിക്കുന്നത്. ഇതിന്റെ രൂപകല്‍പന തന്നെ സന്തോഷത്തിന്റെയും ഉത്സാഹത്തിന്റെയും അന്തരീക്ഷം ഒരുക്കിക്കൊണ്ടാണ്.
എഷ്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായ ആനകളും ലിറ്റില്‍ ഏഷ്യയില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ആനയെ തൊട്ടടുത്ത് നിന്ന് കാണാനും ഭക്ഷണം നല്‍കാനും സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്. ഇത്രയധികം ആനകളെ ഒന്നിച്ച് അണി നിരത്തുന്ന പരിപാടി സൗദിയില്‍ ഇതാദ്യമാണെന്ന് സന്ദര്‍ശകര്‍ അഭിപ്രായപ്പെടുന്നു. ആനകളെ കുളിപ്പിക്കുന്ന രീതിയും സജ്ജീകരണങ്ങളും ജീവനക്കാര്‍ വിശദീകരിക്കുന്നു. ആനക്കുളി വീക്ഷിക്കാനും അവസരമുണ്ട്.
ശനി മുതല്‍ ബുധന്‍ വരെ ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 12 വരെയും വ്യാഴം വെള്ളി ദിവസങ്ങളില്‍ നാലു മുതല്‍ ഒരു മണിവരെയും ആണ് പ്രവേശനം. വാരാന്ത്യങ്ങളില്‍ 55 റിയാലും മറ്റു ദിവസങ്ങളില്‍ 35 റിയാലുമാണ് നിരക്ക്. അഞ്ചുവയസ്സിന് താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. വേഗം ടിക്കറ്റെടുത്തോളൂ. എട്ടു രാജ്യങ്ങള്‍ കണ്ടു മടങ്ങാം.