കോഴിക്കോട് - പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളനത്തില്‍ സമസ്തയിലെ യുവ നേതാക്കളെ ഒഴിവാക്കിയെന്ന കാര്യത്തെ കുറിച്ച് താന്‍ കേട്ടിട്ടില്ലെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. സമസ്തയിലെ യുവ നേതാക്കളില്‍ ചിലരെ പ്രാസംഗികരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. വിവാദങ്ങള്‍ക്കിടയില്‍ ഇ.കെ വിഭാഗം സുന്നികളുടെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായ മലപ്പുറം പട്ടിക്കാട് ജാമിയ നൂരിയയുടെ അറുപത്തിയൊന്നാം വാര്‍ഷിക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സമസ്തയിലെ ഹമീദ് ഫൈസി അമ്പലക്കടവ് ഉള്‍പ്പെടെയുള്ള യുവ നേതാക്കളില്‍ ചിലരെ പ്രാസംഗികരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മുസ്‌ലീം ലീഗ് എടുക്കുന്ന നിലപാടുകള്‍ക്കെതിരെയാണ് ഇവരുടെ പ്രവര്‍ത്തന ശൈലിയെന്നതിന്റെ പേരിലാണ് ഒഴിവാക്കിയതെന്നാണ് ആരോപണം. സമ്മേളനം നടത്താന്‍ അനുവദിക്കില്ല എന്ന് മുന്നറിയിപ്പ് നല്‍കി ജാമിയ ക്യാമ്പസില്‍ ലഘുലേഖ പ്രചാരണം നടന്നു. കൂടാതെ പോഷക സംഘടനകളും ഈ വിഷയത്തില്‍ പ്രതിഷേധ കുറിപ്പ് ഇറക്കി. എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറിയായ ഹമീദ് ഫൈസിക്ക് പുറമെ സത്താര്‍ പന്തല്ലൂര്‍, സലാഹുദ്ദീന്‍ ഫൈസി തുടങ്ങിയവരെയും പ്രഭാഷകരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ വിഷയം ലീഗ് -സുന്നി പോരിലേക്കാണ് നീങ്ങുന്നത്.