കല്‍പറ്റ-വൈദേശികാധിപത്യത്തിനെതിരെ ഉജ്വല പോരാട്ടം നടത്തിയ കേരള വര്‍മ പഴശി രാജായുടെ നിണം വീണ മണ്ണും വയനാടന്‍ ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കുന്നു. പുല്‍പള്ളി പഞ്ചായത്ത് അതിര്‍ത്തിയില്‍ കര്‍ണാടകയോടു ചേര്‍ന്നുകിടക്കുന്ന മാവിലാംതോടാണ് പ്രകൃതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രമായി വളരുന്നത്. പഴശിരാജാ ലാന്‍ഡ് സ്‌കേപ് മ്യൂസിയമാക്കി വികസിപ്പിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിത്തുടങ്ങിയതോടെയാണ് മാവിലാംതോടില്‍ ജില്ലയ്ക്കു പുറത്തുനിന്നടക്കം സഞ്ചാരികള്‍ കൂട്ടമായി എത്താന്‍ തുടങ്ങിയത്.
ചരിത്രപ്രാധാന്യവും പ്രകൃതി സൗന്ദര്യവുമാണ് മാവിലാംതോടിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരെ 1796ല്‍ പോരാട്ടം തുടങ്ങിയ പഴശി രാജാവ് 1805 നവംബര്‍ 30ന് മലബാര്‍ സബ്കലക്ടര്‍ തോമസ് ബാബറിന്റെ തോക്കിനിരയായി മൃതിയടഞ്ഞ ഇടമാണ് മാവിലാംതോട്. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് വനവും കര്‍ണാടകയിലെ ബന്ദിപ്പുര കടുവാസങ്കേതത്തിന്റെ ഭാഗമായ ഗുണ്ടറക്കാടും അതിരിടുന്നതാണ് ഈ പ്രദേശം.
2.64 ഏക്കര്‍ വിസ്തീര്‍ണമുള്ളതാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള മാവിലാംതോട് വിനോദസഞ്ചാരകേന്ദ്രം. മൂന്ന് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലായിരുന്ന ഈ ഭൂമി 2005-06ല്‍ ജില്ലാ പഞ്ചായത്ത് വിലയ്ക്കുവാങ്ങുകയായിരുന്നു. ചരിത്രപ്രാധാന്യം കണക്കിലെടുത്തായിരുന്നു ഭൂമി വാങ്ങാനുള്ള ജില്ലാ പഞ്ചായത്ത് തീരുമാനമെന്ന് അക്കാലത്തെ പുല്‍പള്ളി ഡിവിഷന്‍ അംഗം കെ.എല്‍.പൗലോസ് പറഞ്ഞു. ടൂറിസം വികസനത്തിന് ഭൂമി 2015-16ലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു ഉപാധികളോടെ കൈമാറിയത്.
ചരിത്രകുതുകിയുമായിരുന്ന ടി.രവീന്ദ്രന്‍ തമ്പി വയനാട് കലക്ടറായിരുന്ന കാലത്താണ് മാവിലാംതോടില്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തോടിനു സമീപം സ്മാരകത്തറ നിര്‍മിക്കുന്നതിനു മുന്‍കൈയെടുത്തത് അദ്ദേഹമാണ്. വര്‍ഷങ്ങള്‍ക്കുശേഷമാണ് മാവിലാംതോടില്‍ ജില്ലാ പഞ്ചായത്ത് മണ്ഡപം ഒരുക്കി പഴശിരാജാവിന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിച്ചത്.
വടക്കേ മലബാറിലെ കോട്ടയം രാജകുടുംബത്തില്‍നിന്നുള്ള പഴശിരാജാ ബ്രിട്ടീഷുകാരുമായി നടത്തിയ പോരാട്ടത്തില്‍നിന്നുള്ള ഏടുകള്‍ കോര്‍ത്തിണക്കി സ്ഥാപിച്ച ലാന്‍ഡ് സ്‌കേപ് മ്യൂസിയമാണ് മാവിലാംതോടിന്റെ മുഖ്യ ആകര്‍ഷണം. കോണ്‍ക്രീറ്റും ചായവും ഉപയോഗിച്ചാണ് മ്യൂസിയത്തിലെ നിര്‍മിതികള്‍.
ബ്രിട്ടീഷുകാര്‍ ക്ഷണിച്ചതനുസരിച്ച് 1797ല്‍ തലശേരി കോട്ടയില്‍ ചര്‍ച്ചയ്ക്ക് എത്തുന്ന പഴശി രാജാ, ബോംബെ ഗവര്‍ണര്‍ ജോനാഥന്‍ ഡങ്കണ്‍, ബ്രിട്ടീഷ് സൈന്യാധിപന്‍ സ്റ്റുവര്‍ട്ട് എന്നിവരുമായി ചര്‍ച്ച നടത്തുന്ന പഴശി രാജാ, ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി സമാധാന കരാറില്‍ ഒപ്പുവയ്ക്കുന്ന പഴശി രാജാ,
നായര്‍ പടത്തലവന്‍ എടച്ചന കുങ്കന്‍, കുറിച്യ പടത്തലവന്‍ തലക്കല്‍ ചന്തു എന്നിവരുടെ സാന്നിധ്യത്തില്‍ 1802ല്‍ നടത്തുന്ന യുദ്ധപ്രഖ്യാപനം, ഏറ്റുമുട്ടലില്‍ മരിച്ച പഴശി രാജാവിനു സൈനിക ബഹുമതി നല്‍കുന്ന സബ് കലക്ടര്‍ തോമസ് ബാബര്‍, പഴശി രാജാവിന്റെ മൃതദേഹം സ്വന്തം പല്ലക്കില്‍ മാനന്തവാടിക്ക് കൊണ്ടുപോകുന്ന ബാബര്‍... ഇങ്ങനെ നീളുന്നതാണ് മ്യൂസിയത്തിലെ കോണ്‍ക്രീറ്റ് ശില്‍പങ്ങള്‍. മാവിലാംതോടില്‍ എത്തുന്നതില്‍ ചരിത്ര വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് വിജ്ഞാനം പകരുന്നതാണ് അട
ിക്കുറുപ്പ് സഹിതമുള്ള ശില്‍പങ്ങള്‍.
പുല്‍പ്പള്ളി ടൗണില്‍നിന്നു ഏകേദശം ഏഴ് കിലോമീറ്റര്‍ അകലെയാണ് മാവിലാംതോട്. വിനോദസഞ്ചാര കേന്ദ്രത്തില്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് പ്രവേശനം. കേന്ദ്രം മോടി കൂട്ടുന്നതിനും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഡി.പി.ആര്‍ തയാറാക്കിയിട്ടുണ്ടെന്ന് ഡി.ടി.പി.സി സെക്രട്ടറി കെ.ജി.അജേഷ് പറഞ്ഞു.