കേരളത്തിലൊരു 'ഫലസ്തീനു'ണ്ട്; കൊയിലാണ്ടിക്കടുത്ത്

കൊയിലാണ്ടി- അങ്ങ് മധ്യപൗരസ്ത്യ ദേശത്ത് ഇസ്രായിലിന്റെ ആക്രമണത്തില്‍ പൊറുതിമുട്ടുകയാണ് ഫലസ്തീനെങ്കില്‍ ഇങ്ങ് കേരളത്തില്‍ അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചൊരു ഭവനം ഫലസ്തീന്റെ പേരിലുണ്ട്. ഇന്ത്യന്‍ നാവിക ചരിത്രത്തിലെ എക്കാലത്തേയും സുവര്‍ണ നാമത്തിനുടമ കുഞ്ഞാലി മരക്കാരുടെ പിന്മുറക്കാരന്‍ പി. വി. മുഹമ്മദ് മരക്കാറാണ് നാല് പതിറ്റാണ്ടു മുമ്പ് കൊയിലാണ്ടിക്കടുത്ത് നടുവത്തൂരില്‍ പണിത വീടിന് ഫലസ്തീന്‍ എന്ന പേര് നല്‍കിയത്. 

1985ലാണ് വീടിന് പി. വി. മുഹമ്മദ് മരക്കാര്‍ ഫലസ്തീനെന്ന പേര് നല്‍കിയത്. മാത്രമല്ല പി. എല്‍. ഒ ചെയര്‍മാന്‍ യാസര്‍ അറഫാത്തിന്റെ പേര് തന്റെ മകന് നല്‍കുകയും ചെയ്തു. 

അക്കാലത്ത് കെ. എസ്. ആര്‍. ടി. സിയിലായിരുന്നു പി. വി. മുഹമ്മദ് മരക്കാര്‍ ജോലി ചെയ്തിരുന്നത്. തന്റെ 37-ാം വയസ്സില്‍ പണിത വീടിന് ഫലസ്തീനെന്ന പേര് നല്‍കിയത് അവരോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായിരുന്നു. 2006ല്‍ തന്റെ 57-ാം വയസ്സിലാണ് മരക്കാര്‍ മരിച്ചത്. 

ഖത്തറില്‍ പ്രവാസിയായ യാസര്‍ ഏതാനും വര്‍ഷം മുമ്പ് തന്റെ വീടിന്റെ ഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. എന്നാല്‍ പിതാവ് നല്‍കിയ ഫലസ്തീനെന്ന പേര് അദ്ദേഹം മാറ്റാന്‍ തയ്യാറായില്ല. സിവില്‍ എന്‍ജിനിയറായ യാസര്‍ തന്റെ പിതാവ് രാഷ്ട്രീയത്തിലും പ്രവര്‍ത്തിച്ചിരുന്നുവെന്ന് ഓര്‍ത്തു പറയുന്നുണ്ട്. ആദ്യകാലത്ത് സി. പി. ഐ അനുഭാവിയായിരുന്ന അദ്ദേഹം ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. പിന്നീട് ആള്‍ ഇന്ത്യ പീസ് ആന്‍ഡ് സോളിഡാരിറ്റി ഓര്‍ഗനൈസേഷന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഒടുവിലദ്ദേഹം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിലാണ് പ്രവര്‍ത്തിച്ചത്. 

പൂര്‍വ്വികരുടെ ഗ്രാമമായ കോട്ടക്കലില്‍ നിന്നും കൊയിലാണ്ടിക്കടുത്തേക്ക് താമസം മാറിയ മരക്കാര്‍ അറിയപ്പെടാത്ത കുഞ്ഞാലി മരക്കാര്‍ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.

Latest News