മിനാ- ഹജ് സേവന മേഖലയിൽ സൗദി സുരക്ഷാ സൈനികർ നടത്തുന്ന അതിരില്ലാത്ത പ്രവർത്തനങ്ങൾ എല്ലാവരുടെയും മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റുന്നു. കടുത്ത തിരക്കുകളിൽ പെടാതെ തീർഥാടകരെ സുരക്ഷാ സൈനികർ സംരക്ഷിക്കുകയും അവശരായ തീർഥാടകർക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുന്ന കാഴ്ചകളാണ് എങ്ങും. ഊന്നു വടിയുടെ സഹായത്തോടെ നടക്കുന്ന, അവശനായ തീർഥാടകനെ ടോയ്‌ലെറ്റിൽ പോകുന്നതിന് സുരക്ഷാ ഭടൻ സഹായിക്കുന്നതിനും പുണ്യഭൂമി സാക്ഷിയായി. ടോയ്‌ലെറ്റിലേക്ക് ചവിട്ടുപടി കയറുന്നതിന് സാധിക്കാതെ തീർഥാടകൻ പ്രയാസപ്പെടുന്നത് കണ്ടാണ് ഇയാളെ സഹായിക്കുന്നതിന് സുരക്ഷാ ഭടൻ ഓടിയെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. പുണ്യസ്ഥലങ്ങളിൽ വെച്ച് നടന്നവശനായ വൃദ്ധ തീർഥാടകന്റെ കാലുകൾ തണുത്ത വെള്ളം ഉപയോഗിച്ച് സുരക്ഷാ സൈനികർ തിരുമ്മിക്കൊടുക്കുന്നതും ഇന്നലെ കാണാനായി.