കൊച്ചി- ഡ്രൈ ഡേ ദിവസങ്ങളില്‍ ഉള്‍പ്പെടെ ചില്ലറയായും കുപ്പിയായും മദ്യവില്‍പ്പന നടത്തുന്ന വെണ്ണല ആലിന്‍ ചുവട് അംബേദ്കര്‍ റോഡ് സ്വദേശി നെല്ലിതുരുത്തിപ്പറമ്പില്‍ തക്കാളി എന്ന് വിളിക്കുന്ന സൂരജ് (28) എക്‌സൈസ് പ്രത്യേക സംഘത്തിന്റെ പിടിയിലായി.
ഇയാള്‍ക്കെതിരെ മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി പരാതികള്‍ ഉണ്ടായിരുന്നെങ്കിലും മദ്യവുമായി പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇയാളെ നിരീക്ഷിച്ചിരുന്ന എക്‌സൈസ് സംഘം ആക്രി സാധനങ്ങള്‍ എടുക്കുന്നവരുടെ വേഷത്തിലെത്തി മദ്യം ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇയാളുടെ വീടിന് സമീപത്തെ മതില്‍ കെട്ടിനുള്ളില്‍ നിന്ന് മദ്യം എടുത്ത് എക്‌സൈസ് സംഘത്തിന് കൊടുക്കുകയായിരുന്നു.
മതില്‍ കെട്ടിനകത്ത് നിന്ന് അരലിറ്ററിന്റെ അഞ്ച് കുപ്പി മദ്യം കൂടി എക്‌സൈസ് കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ വീടിനോട് ചേര്‍ന്ന് ചാരായം വാറ്റുന്നതിന് പാകമാക്കി വച്ചിരിക്കുന്ന വാഷ് ഇയാള്‍ എക്‌സൈസിന് കാണിച്ച് കൊടുക്കുകയായിരുന്നു. 17 ലിറ്റര്‍ വാഷ് കണ്ടെടുത്തു. മദ്യം വീട്ടില്‍ സൂക്ഷിക്കാതെ വീടിന് സമീപത്തുള്ള പറമ്പിലും മറ്റ് കാടുപിടച്ചസ്ഥലങ്ങളിലും കൊണ്ട് പോയിട്ട് ആവശ്യക്കാര്‍ വരുമ്പോള്‍ എടുത്ത് കൊടുക്കുന്നതായിരുന്നു വില്‍പനയുടെ രീതി.
എറണാകാളും റേഞ്ച് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍. ജി. അജിത്ത് കുമാര്‍, കെ. ആര്‍. സുനില്‍, സിറ്റി മെട്രോ ഷാഡോ പ്രിവന്റീവ് ഓഫീസര്‍ എന്‍. ഡി. ടോമി, എന്‍. എം. മഹേഷ്, സി. ഇ. ഒമാരായ സന്തോഷ് പി. ആര്‍, നീതു ടി. എസ്. എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.