ജിദ്ദ - ഈ മാസം 15 മുതൽ വാടക പെയ്‌മെന്റുകൾ ഈജാർ നെറ്റ്‌വർക്കിലെ ഡിജിറ്റൽ ചാനലുകളിൽ മാത്രമായി പരിമിതപ്പെടുത്തി തുടങ്ങുമെന്ന് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി അറിയിച്ചു. ജനുവരി 15 മുതൽ മുഴുവൻ പുതിയ പാർപ്പിട വാടക കരാറുകളിലും പെയ്‌മെന്റ് ഡിജിറ്റൽ ചാനലുകളിൽ മാത്രമായി പരിമിതപ്പെടുത്തും. ഈജാർ നെറ്റ്‌വർക്കിലെ ഡിജിറ്റൽ ചാനലുകൾക്ക് പുറത്ത് നടത്തുന്ന വാടക പെയ്‌മെന്റുകൾക്ക് ജനുവരി 15 മുതൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകില്ല. ജനുവരി 15 മുതൽ വാടക പെയ്‌മെന്റ് ഈജാർ നെറ്റ്‌വർക്കിലെ ഡിജിറ്റൽ ചാനലുകളിൽ മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനം വാണിജ്യ വാടക കരാറുകൾക്ക് ബാധകമല്ല.
പുതിയ ക്രമീകരണം നിലവിൽവരുന്ന ദിവസം മുതൽ പുതിയ പാർപ്പിട വാടക കരാറുകളിൽ ഇ-രസീത് നൽകുന്നത് പടിപടിയായി നിർത്തിവെക്കും. രസീത് നൽകാതെ തന്നെ ഡിജിറ്റൽ ചാനലുകളിൽ ഒന്നിലൂടെ പണമടക്കുമ്പോൾ പെയ്‌മെന്റ് സ്വയമേവ തീർപ്പാക്കുകയാണ് ചെയ്യുക. വാടക കരാർ പെയ്‌മെന്റുകൾക്ക് ഇ-പെയ്‌മെന്റ് സേവനം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന മന്ത്രിസഭാ തീരുമാന പ്രകാരമാണ് പുതിയ പരിഷ്‌കാരം നടപ്പാക്കുന്നത്. പാർപ്പിട വാടക പെയ്‌മെന്റ് ഡിജിറ്റൽ ചാനലുകളിൽ മാത്രമായി പരിമിതപ്പെടുത്തുന്നത് ഗുണഭോക്താക്കൾക്ക് ഏറെ ഉപകാരപ്പെടും.
വാടകക്കാരന് തന്റെ സാമ്പത്തിക ബാധ്യതകൾ ഡിജിറ്റൽ ചാനലുകളിലൂടെ എളുപ്പത്തിൽ അടക്കാനും വാടക കരാറിൽ രജിസ്റ്റർ ചെയ്ത പാട്ടക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ തുക നിക്ഷേപിക്കാനും സാധിക്കും. റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി അംഗീകാരമുള്ള റിയൽ എസ്റ്റേറ്റ് ബ്രോക്കർ വഴി ഈജാർ നെറ്റ്‌വർക്കിൽ വാടകക്കാരനും കെട്ടിട ഉടമയും വാടക കരാർ ഡോക്യുമെന്റ് ചെയ്ത ശേഷം ഡിജിറ്റൽ പെയ്‌മെന്റ് ചാനലുകൾ ഉപയോഗിച്ച് വാടക തവണകൾ അടക്കുകയാണ് വേണ്ടത്. ഡിജിറ്റൽ ചാനലുകൾ വഴി അടക്കുന്ന വാടക തുക അഞ്ചു പ്രവൃത്തി ദിവസത്തിനകം വാടക കരാറിൽ രജിസ്റ്റർ ചെയ്ത പാട്ടക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ എത്തും.