Sorry, you need to enable JavaScript to visit this website.

മണൽകൊള്ളയും പരിസ്ഥിതി പ്രശ്നങ്ങളും

പുഴകളിൽ നിന്നുള്ള മണൽകൊള്ള നിശ്ശബ്്ദം തുടരുകയാണ്.കർശനമായ പരിസ്ഥിതി നിയമങ്ങൾ നിലനിൽക്കുമ്പോഴാണ് വടക്കൻ കേരളത്തിലെ പുഴകളിൽ അനധികൃത മണൽ വാരൽ നടക്കുന്നത്.അശാസ്ത്രീയമായ രീതിയിലും അനുമതിയില്ലാതെയുള്ള ഈ മണൽവാരൽ പുഴയുടെ പരിസ്ഥിതി ഘടനയെ കുറച്ചൊന്നുമല്ല നശിപ്പിക്കുന്നത്.പുഴകളുടെ പ്രതലങ്ങളുടെ നിരപ്പ് നഷ്ടമാകുകയും പലയിടങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ട് അപകടങ്ങൾക്ക് ഇടയാക്കുകയും ചെയ്യുന്നുണ്ട്.
പുഴകളിൽ നിന്ന്് മണൽവാരുന്നത് സംബന്ധിച്ച് ഇപ്പോഴും ഭിന്നാഭിപ്രായങ്ങൾ വിദഗ്ദധർക്കിടയിൽ പോലും നിലനിൽക്കുന്നുണ്ട്.മണലെടുപ്പ് പുഴയുടെ ഘടനയെ മാറ്റുമെന്നും വരൾച്ചക്ക് കാരണമാകുമെന്നും പ്രബലമായ അഭിപ്രായമുണ്ട്.മണൽ നഷ്ടപ്പെടുന്നതോടെ ചെളിയൂറുന്ന പുഴയിൽ വൻമരങ്ങൾ വരെ വളർന്ന് വരുന്നത് മലബാറിലെ മിക്ക പുഴകളിലെയും കാഴ്ചയാണ്.വെള്ളം ശേഖരിച്ച് നിർത്താനുള്ള ശേഷി പുഴകൾക്ക് നഷ്ടമാകുകയും അതോടെ വരൾച്ചയെ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുമെന്നതാണ് ശാസ്ത്രീയ പഠനങ്ങൾ ചൂണ്ടിക്കാട്ടി വിദഗ്ദധ പറയുന്നത്.അതേസമയം 2018 ന് ശേഷം കേരളത്തിലുണ്ടായ രണ്ട് മഹാപ്രളയങ്ങളുടെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് പുഴകളിലെ ആഴം കുറഞ്ഞതാണെന്നാണ്.മണൽ അടിഞ്ഞു കൂടി പുഴകളുടെ അടിത്തട്ട് ഉയരുകയും പെരുംമഴക്കാലത്ത് വെള്ളം സംഭരിക്കാനോ ഒഴുക്കാനോ ഉള്ള സ്ഥലം പുഴകളിൽ ഇല്ലാതായതായും ഈ വാദമുന്നയിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.പരിസ്ഥിതി സംരക്ഷകർ ഈ വാദത്തെ എതിർക്കുന്നുണ്ടെങ്കിലും പുഴകളിൽ നിന്ന് മണൽ നീക്കം ചെയ്യണമെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിൽ ഭാരതപ്പുഴ ഉൾെപ്പടെയുള്ള പല നദികളിൽ നിന്നും നിശ്ചിത അളവിൽ മണൽ നീക്കം ചെയ്തിരുന്നു.ഇതിന് പിന്നാലെ കേരളത്തിലെ എല്ലാ പുഴകളിൽ നിന്നും മണൽ വാരുന്നതിനുള്ള അനുമതി സർക്കാർ നൽകിക്കഴിഞ്ഞിട്ടുമുണ്ട്.ഇതിന്റെ അടിസ്ഥാനത്തിൽ പുഴകളിൽ നിന്ന് സർക്കാർ അനുമതിയോടെ തന്നെ വലിയ തോതിലുള്ള മണൽ വാരൽ വൈകാതെ ആരംഭിക്കും.കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ നിയന്ത്രിതമായിട്ടായിരിക്കും ഈ മണലെടുപ്പ്.ഇത് മൂലം പുഴകളിൽ അധികമായി അടിഞ്ഞു കൂടിയ മണൽ എല്ലായിടത്തും ഒരുപോലെ എടുത്തുമാറ്റുമെന്നും പുഴകളുടെ ജലസംഭരണ ശേഷി പുനഃസ്ഥാപിക്കാനാകുമെന്നും പ്രതിക്ഷിക്കാം.
ഇപ്പോൾ നടക്കുന്ന അനധികൃത മണലെടുപ്പ് നിയമലംഘനമാണെന്ന് മാത്രമല്ല,പുഴകളുടെ ഘടനകളെ ഒട്ടും തന്നെ പരിഗണിക്കാത്തതുമാണ്.പോലീസിന്റെയോ നാട്ടുകാരുടെയോ കണ്ണെത്താത്ത സ്ഥലങ്ങളിൽ നിന്ന് മണൽ ആഴത്തിൽ കുഴിച്ചെടുക്കുകയാണ് ചെയ്യുന്നത്.ഇത് മൂലം ചിലയിടങ്ങളിൽ മാത്രം വലിയ കുഴികൾ രൂപപ്പെടുന്നു.പുഴകളിൽ വെള്ളം നിറയുമ്പോൾ ഈ കുഴികൾ കയങ്ങളായി മാറുകയും അതിൽ മുങ്ങി മരണങ്ങൾ വർധിക്കുകയും ചെയ്യും.
എം സാന്റിന്റെ വ്യാപനത്തോടെ പുഴമണലിന് ആവശ്യക്കാർ പൊതുവെ കുറഞ്ഞിരുന്നു.മണലൂറ്റുകാരിൽ നിന്ന് മണൽ വാങ്ങാൻ ആളില്ലാത്ത അവസ്ഥയുമുണ്ടായി.കടലിൽ നിന്നുള്ള ഉപ്പുകലർന്ന മണൽ പുഴമണലുമായി ചേർത്ത് വിൽപന നടത്തുന്നതായും അഭ്യൂഹങ്ങളുണ്ടായിരുന്നു.ഇത് കെട്ടിടങ്ങളുടെ ബലക്കുറവിന് കാരണമാകുമെന്ന ആശങ്കയുമുണ്ടായി.എന്നാൽ അടുത്ത കാലത്ത് എംസാന്റിന്റെ വിലയിലുണ്ടായിക്കൊണ്ടിരിക്കുന്ന വർധന,എംസാന്റ് ഉപയോഗിച്ചുള്ള നിർമാണ രീതി ദീർഘകാലത്തേക്ക് നല്ലതല്ലെന്ന അഭിപ്രായം എന്നിവ മൂലം മണൽ തേടിപ്പോകുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്.ഇത് അനധികൃത മണൽവാരൽ വർധിക്കാൻ കാരണമായിട്ടുണ്ട്.
നിയമം ലംഘിച്ചുള്ള മണലൂറ്റ് തടയപ്പെടേണ്ടതുണ്ട്.നിയമലംഘനവും പുഴനശീകരണവും നടക്കുന്നതിനൊപ്പം ക്രമസമാധാന പ്രശ്്‌നമായും മണൽവാരൽ പലയിടത്തും മാറുന്നുണ്ട്.ഇത്തരം സംഘങ്ങൾ പോലീസിനെ പോലും വെല്ലിവിളിച്ച് അക്രമകാരികളായി പലപ്പോഴും മാറുന്നുണ്ട്.ഗ്രാമങ്ങളിൽ പരിസ്ഥിതി പ്രവർത്തകർ ഇത്തരം സംഘങ്ങളിൽ നിന്ന് ഭീഷണിയും ആക്രമണവും നേരിട്ട സാഹചര്യങ്ങൾ മുമ്പുണ്ടായിട്ടുണ്ട്.ഇവരെ കുറിച്ച് പോലീസിന് വിവരം നൽകുന്നവരെ ആക്രമിക്കുന്നതും ഇതിന്റെ പേരിൽ ക്രമസമാധാന പ്രശ്്‌നങ്ങൾ ഉടലെടുക്കുന്നതും സാധാരണമാണ്.
പുഴയിൽ അധികമായി മണൽ ശേഖരമുണ്ടെങ്കിൽ അത് മാറ്റുന്നതിനുള്ള സർക്കാർ തീരുമാനം വേഗത്തിൽ നടപ്പാകേണ്ടതുണ്ട്.അനധികൃത മണലൂറ്റ് കുറക്കാൻ ഇത് ഇടയാക്കും.മണൽ സർക്കാർ ഏജൻസികളിലൂടെ നിയമാനുസൃതമായി ലഭിക്കുമ്പോൾ ആളുകൾ മറ്റു വഴികൾ തേടുന്നത് കുറയും.സർക്കാർ ഏജൻസികളുടെ മേൽനോട്ടത്തിലുള്ള മണലെടുപ്പിന് ശാസ്ത്രീയ അടിത്തറയുണ്ടാകുമെന്നും പുഴയുടെ ഘടനയെ നശിപ്പിക്കുന്ന രീതിയിൽ അതുണ്ടാകില്ലെന്നും പ്രതീക്ഷിക്കാം.
പുഴകളുടെ സൗന്ദര്യം,അതിലെ വെള്ളത്തിനൊപ്പം മണൽതീരങ്ങളുമാണ്.ഏറെക്കുറെ മരിച്ചു കഴിഞ്ഞ പുഴകളെ വീണ്ടെടുക്കാനുള്ള ശ്രമം കൂടിയായിരിക്കണം സർക്കാർ നിയന്ത്രണത്തിലുള്ള മണലെടുപ്പ്.പുഴകളിലെ പുൽകാടുകളെ നശിപ്പിച്ച് നിരപ്പായ മണൽപ്രതലം രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്.ഇത് പുഴകളുടെ ഒഴുക്കിന്റെ വേഗം വർധിപ്പിക്കുകയും അപകടക്കയങ്ങൾ ഇല്ലാതാക്കുകയും ചെയ്യും.മണലെടുപ്പിന് അനുമതി നൽകുന്ന സർക്കാർ അത് നടപ്പാക്കുമ്പോൾ പുഴകളുടെ സൗന്ദര്യ സംരക്ഷണത്തിന് കൂടി പ്രാധാന്യം നൽകണം. 
 

Latest News