മിനാ- ഹജിന്റെ ഭാഗമായ അറഫാ സംഗമത്തിനിടെ മസ്തിഷ്‌കാഘാതം ബാധിച്ച പാക് തീർഥാടകയെ എയർ ആംബുലൻസിൽ മക്ക കിംഗ് അബ്ദുല്ല ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നൽകി. തിങ്കളാഴ്ച വൈകീട്ട് അറഫയിൽ നിന്ന് മുസ്ദലിഫയിലേക്ക് തിരിക്കുന്നതിനു തൊട്ടു മുമ്പാണ് തലച്ചോറിൽ രക്തം കട്ടപിടിച്ച് തീർഥാടകക്ക് മസ്തിഷ്‌കാഘാതം ബാധിച്ചത്. ഇവരെ ഉടൻ തന്നെ വിദഗ്ധ ചികിത്സക്കായി മക്കയിലെ ആശുപത്രിയിലേക്ക് നീക്കുന്നതിന് റെഡ് ക്രസന്റ് കൺട്രോൾ റൂമിൽ ബന്ധപ്പെട്ട് എയർ ആംബുലൻസ് സഹായം തേടുകയായിരുന്നു. അറഫയിൽ നമിറ ആശുപത്രിയിലെ ഹെലിപാഡിൽ നിന്നാണ് തീർഥാടകയെ മെഡിക്കൽ സംഘത്തിന്റെ അകമ്പടിയോടെ കിംഗ് അബ്ദുല്ല ആശുപത്രിയിലേക്ക് നീക്കിയത്. ഈ വർഷത്തെ ഹജിന് അഞ്ച് എയർ ആംബുലൻസുകളാണ് ഒരുക്കി നിർത്തിയിരുന്നത്. ഇവക്ക് ഇറങ്ങുന്നതിന് മക്കയിലും പുണ്യ സ്ഥലങ്ങളിലുമായി 12 ഹെലിപാഡുകളും സജ്ജീകരിച്ചിട്ടുണ്ട്.