Sorry, you need to enable JavaScript to visit this website.

പട്ടിക്കാട് ജാമിഅ സമ്മേളനത്തിൽ യുവനേതാക്കളെ വെട്ടി; ജാമിഅ ഫെസ്റ്റ് നിർത്തി കാസർക്കോട്ട് പ്രതിഷേധം 

- മുസ്‌ലിം ലീഗ് ഇടപെടലെന്ന് ആരോപണം

മലപ്പുറം - സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിലുള്ള പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിന്റെ 61-മത് വാർഷിക 59-ാമത് സനദ് ദാന സമ്മേളനത്തിന്റെ പ്രോഗ്രാമിൽ സമസ്തയിലെ യുവജന വിഭാഗം നേതാക്കളെ വെട്ടിമാറ്റിയെന്ന് ആരോപണം. ക്രിസ്മസ് വിമർശം, സമസ്ത-സി.ഐ.സി പ്രശ്‌നം തുടങ്ങിയവയിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തിലുള്ള സംഘത്തിനെതിരെ വിമർശം ഉന്നയിച്ചവരെയാണ് പ്രോഗ്രാമിൽ തഴഞ്ഞതെന്നാണ് പറയുന്നത്.
 സമസ്തയുടെ യുവജന-വിദ്യാർത്ഥി സംഘടനകളായ എസ്.വൈ.എസിന്റെയും എസ്.കെ.എസ്.എസ്.എഫിന്റെയും നേതൃത്വത്തിലുള്ള ചില ലീഗ് വിരുദ്ധ നേതാക്കളെ തഴഞ്ഞുവെന്നാണ് ആരോപണം. അബ്ദുൽഹമീദ് ഫൈസി ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ, റഷീദ് ഫൈസി വെള്ളായിക്കോട്, സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, സുപ്രഭാതത്തിലെ മുസ്തഫ മുണ്ടുപാറ എന്നിവരെയാണ് ഒഴിവാക്കിയതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടി. യുവനേതാക്കളെ തഴഞ്ഞതിൽ പ്രതിഷേധിച്ച് ഇന്ന് കാസർകോട്ട് നടക്കേണ്ട ജാമിഅ ഫെസ്റ്റ് നിർത്തിയതായി സമസ്ത സത്യസരണി ഗ്രൂപ്പ് വ്യക്തമാക്കി.
 സമസ്തയുടെ ആദർശം പറഞ്ഞവരെ സമസ്തയുടെ സമുന്നത സ്ഥാപനത്തിലെ പരിപാടികളിൽനിന്ന് തഴഞ്ഞതിന് കടുത്ത വില നൽകേണ്ടിവരുമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് ഒരു വിഭാഗം പറയുന്നത്. സ്ഥാപനത്തിന്റെ പ്രസിഡന്റ് കൂടിയായ പാണക്കാട് സാദിഖലി തങ്ങളെ പ്രതിക്കൂട്ടിൽ നിർത്തിയാണ് സമസ്തക്കുള്ളിലെ ലീഗ് വിരുദ്ധരുടെ ആരോപണങ്ങൾ. 
 നാളെ വൈകീട്ട് അഞ്ചിന് കർണാടക സ്പീക്കർ യു.ടി ഖാദർ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനം ഏഴാം തിയ്യതി സനദ് ദാന സമ്മേളനത്തോട്കൂടിയാണ് സമാപിക്കുക. 
 മാണിയൂർ അഹമദ് മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള പ്രാർത്ഥനയോടെ ആരംഭിക്കുന്ന സമാപന സമ്മേളനം ബഹ്‌റൈൻ പാർല്ലമെന്റിന്റെ ഡെപ്യൂട്ടി സ്പീക്കർ ശൈഖ് അഹ്മദ് അബ്ദുൽവാഹിദ് ഖറാത്തയാണ് ഉദ്ഘാടനം ചെയ്യുക. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷയിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സനദ് ദാനം നിർവഹിക്കുന്ന സമ്മേളനത്തിൽ സമസ്ത ജനറൽസെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ സനദ് ദാന പ്രസംഗം നടത്തും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉപഹാര സമർപ്പണം നിർവഹിക്കും.
 സമസ്ത നേതാക്കളായ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, എം.ടി അബ്ദുല്ല മുസ്‌ലിയാർ, കൊയ്യോട് പി.പി ഉമർ മുസ്‌ലിയാർ, അബ്ദുസ്സമദ് പൂക്കോട്ടൂർ, ലീഗ് ദേശീയ ഉപാധ്യക്ഷൻ എം.പി അബ്ദുസ്സമദ് സമദാനി എം.പി തുടങ്ങിയവർ പ്രസംഗിക്കും.

താഴെയുള്ളവയും വായിക്കൂ...

'രാഷ്ട്രീയ ഹിജഡ'; പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിച്ച്‌ സമസ്ത സത്യസരണി ഗ്രൂപ്പ്

വെട്ടിലാക്കി സുഖു; അയോധ്യയിലെ പ്രതിഷ്ഠയ്ക്ക് ക്ഷണിച്ചില്ലെങ്കിലും പങ്കെടുക്കുമെന്ന് കോൺഗ്രസിന്റെ ഹിമാചൽ മുഖ്യമന്ത്രി

'കുത്തിത്തിരിപ്പും വ്യക്തി ഹത്യയുമല്ല'; മുതുകാടിന് എതിരായ ആരോപണത്തിൽ കഴമ്പുണ്ടെന്ന് അഡ്വ. ഹരീഷ് വാസുദേവൻ

VIDEO - ഭിന്നശേഷിക്കാരുടെ പേരിൽ അഴിമതിയോ? ആരോപണങ്ങൾക്ക് മറുപടിയുമായി ഗോപിനാഥ് മുതുകാട്

Latest News