വിമാന യാത്രക്കാര്‍, പ്രത്യേകിച്ച് പ്രവാസികളായ യാത്രക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് വിമാനത്തില്‍ കൊണ്ടു വരുന്ന ലഗേജുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കല്‍. വിദേശ രാജ്യങ്ങളില്‍ ചോര നീരാക്കി പണിയെടുത്ത് കിട്ടുന്ന പൈസ കൊണ്ടാകും നാട്ടില്‍ പോകുമ്പള്‍ കുടുംബത്തിനും കൂട്ടുകാര്‍ക്കുമെല്ലാം പല വിധ സാധനങ്ങളും മറ്റും വാങ്ങിക്കൊണ്ടു പോകുക. വിമാനത്തില്‍ കൊണ്ടു പോകുന്ന ലഗേജിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിക്കുകയോ, കീറുകയോ, നശിച്ചു പോകുകയോ ഇല്ലെങ്കില്‍ നഷ്ടപ്പെടുകയോ ചെയ്താല്‍ പെട്ടെന്ന് എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ച് പലര്‍ക്കും അറിവുണ്ടായിരിക്കില്ല. ഇത്തരം കാര്യങ്ങള്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ സംഭവിക്കുന്നത് പതിവാണ്. ഏറ്റവും ആദ്യം തന്നെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.
വിമാനത്തില്‍ കൊണ്ടു പോകുന്ന ലഗേജിന് വിമാനക്കമ്പനികളുടെ നിയന്ത്രണത്തിലുള്ളപ്പോള്‍ ഏതെങ്കിലും കേടുപാടുകള്‍ സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യുമ്പോള്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം വിമാനക്കമ്പനികള്‍ക്കാണ്. ലഗേജുകള്‍ക്കോ അതിനുള്ളിലുള്ള സാധനങ്ങള്‍ക്കോ കേടുപാടുകള്‍ സംഭവിച്ചാല്‍ അത് നന്നാക്കിക്കൊടുക്കുകയോ അല്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യേണ്ട നിയമപരമായ ബാധ്യത വിമാനക്കമ്പനികള്‍ക്ക് ഉണ്ട്. എന്നാല്‍ നേരത്തെ കേടുപാടുകള്‍ ഉള്ളതോ ഇല്ലെങ്കില്‍ പാക്കിംഗ് മൂലം സംഭവിച്ച കേടുപാടുകള്‍ക്കോ ഒന്നും വിമാനക്കമ്പനി ഉത്തരവാദിയായിരിക്കില്ല. ലഗേജിന്റെ വീലുകള്‍, ഹാന്‍ഡിലുകള്‍ തുടങ്ങി ഏത് ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍ പോലും അതിന്റെ ഉത്തരവാദി വിമാനക്കമ്പനിയാണ്.
ലഗേജ് വിമാനത്തില്‍ അയക്കുന്നതിന് തൊട്ടു മുന്‍പും വിമാനക്കമ്പനിയില്‍ നിന്ന് കിട്ടിയ ശേഷവും അതിന്റെ ഫോട്ടോ മൊബൈല്‍ ഫോണിലോ മറ്റോ എടുത്തുവെയ്ക്കുന്നത് വളരെ ഉപകരിക്കും. ലഗേജിന് കേടുപാടുകള്‍ സംഭവിച്ചത് ഇതിലൂടെ തെളിയിക്കാനാകും. ലഗേജിന് കേടുപാടുകള്‍ സംഭവിച്ചാല്‍ വിമാനത്താവളത്തില്‍ നിന്ന് ലഗേജ് ലഭിച്ച ഉടന്‍ തന്നെ അക്കാര്യം വിമാനത്താവളത്തിനുള്ളിലുള്ള വിമാനക്കമ്പനി അധികൃതരെ അറിയിക്കുകയും ഇക്കാര്യം അവര്‍ രേഖപ്പെടുത്തി എന്ന് ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതാണ്. ലഗേജ് നഷ്ടപ്പെട്ടാലും ഇത് തന്നെ ഉടന്‍ ചെയ്യണം. നിശ്ചിത ദിവസത്തിനുള്ളില്‍ വിശദമായ പരാതി എഴുതി നല്‍കുകയെന്നത് ഏറ്റവും പ്രധാനമാണ്. രാജ്യാന്തര വിമാനമാണെങ്കില്‍ ലാന്‍ഡ് ചെയ്ത് ഏഴു ദിവസത്തിനുള്ളിലും ആഭ്യന്തര വിമാനമാണെങ്കില്‍ ലാന്‍ഡ് ചെയ്ത് 24 മണിക്കൂറിനുള്ളിലും വിശദമായ പരാതി നല്‍കിയിരിക്കണം. സമയപരിധി കഴിഞ്ഞുള്ള പരാതികള്‍ വിമാനക്കമ്പനികള്‍ക്ക് സ്വീകരിക്കാതിരിക്കാം. പരാതിയില്‍ എല്ലാ കാര്യങ്ങളും വളരെ വിശദമായി തന്നെ രേഖപ്പെടുത്തണം. ലഗേജിന്റെ ഫോട്ടോ നേരത്തെ എടുത്തുവെച്ചിട്ടുണ്ടെങ്കില്‍ അതും കൂടി പരാതിക്കൊപ്പം നല്‍കണം.
എന്നാല്‍ ഏറ്റവും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. ചില വസ്തുക്കള്‍ ലഗേജില്‍ ഉള്‍പ്പെടുത്തരുതെന്ന് വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് ചിലപ്പോള്‍ നിര്‍ദ്ദേശം നല്‍കിയേക്കും. അത്തരം വസ്തുക്കള്‍ ഉള്‍പ്പെടുത്തിയാല്‍ അതിന് കേടുപാടുകള്‍ സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ വിമാനക്കമ്പനി ഉത്തരവാദിയായിരിക്കില്ല. വിലപിടിപ്പുള്ള ചെറിയ വസ്തുക്കളാണെങ്കില്‍ ഹാന്‍ഡ് ബാഗില്‍ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. ലഗേജ് പൂര്‍ണ്ണമായും നഷ്ടപ്പെട്ടാല്‍ യാത്രക്കാരന്‍ പറയുന്ന മുഴുവന്‍ നഷ്ടപരിഹാരവും ലഭിക്കില്ല. ഒരു നിശ്ചിത തുക വരെ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയേ നിയമപ്രകാരം വിമാനക്കമ്പനികള്‍ക്കുള്ളൂ. വില കൂടിയ വസ്തുക്കള്‍ ലഗേജില്‍ ഉണ്ടെങ്കില്‍ അത് ഇന്‍ഷൂറന്‍സ് ചെയ്താല്‍ പിന്നെ യാതൊരു ടെന്‍ഷനും വേണ്ട.
ലഗേജ് നഷ്ടപ്പെട്ടാല്‍ ചട്ടം അനുസരിച്ച്, അധികൃതര്‍ക്ക് ബാഗുകള്‍ ട്രാക്ക് ചെയ്യാനും നിശ്ചിത ദിവസത്തിനുള്ളില്‍ (സാധാരണയായി 21 ദിവസം) യാത്രക്കാരന് തിരികെ നല്‍കാനും കഴിയുന്നില്ലെങ്കില്‍ നഷ്ടപ്പെട്ടതായി കണക്കാക്കും. അതിന്റെ നഷ്ടപരിഹാരം വിമാനക്കമ്പനികള്‍ യാത്രക്കാരന് നല്‍കണം. നഷ്ടപ്പെട്ട ബാഗുകള്‍ അന്വേഷിച്ച് ആരും എത്തിയില്ലെങ്കില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ലഗേജിലെ സാധനങ്ങള്‍ പിന്നീട് ലേലം ചെയ്ത് വില്‍ക്കുകയാണ് ചെയ്യുക.