Sorry, you need to enable JavaScript to visit this website.

കമ്മ്യൂണിസ്റ്റുകൾ അധികാര ഗർവോടെ പെരുമാറരുത്; ജി സുധാകരൻ പറഞ്ഞത് എന്താണെന്ന് അറിയില്ലെന്നും പി ജയരാജൻ

- വോട്ടല്ല, നിലപാടാണ് പ്രധാനമെന്നും സി.പി.എം നേതാവ്

കോഴിക്കോട് - കമ്മ്യൂണിസ്റ്റുകാർ ജനങ്ങളോട് വിനീതവിധേയരാവണമെന്നും അധികാര ഗർവോടെ പെരുമാറരുതെന്നും സി.പി.എം സംസ്ഥാന സമിതി അംഗവും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാനുമായ പി ജയരാജൻ പറഞ്ഞു.
  കിട്ടുന്ന വോട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം കമ്മ്യുണിസ്റ്റുകാരുടെ നിലപാടിനെ വിലയിരുത്താനാവില്ല. തെരഞ്ഞെടുപ്പുകളിൽ തോറ്റെന്ന് കരുതി നിലപാടുകളെല്ലാം തെറ്റാണെന്ന് പറയാനാവില്ല. കമ്മ്യൂണിസ്റ്റുകാർക്ക് വോട്ടല്ല, നിലപാടാണ് പ്രധാനം. ജി സുധാകരൻ പറഞ്ഞത് എന്താണെന്ന് തനിക്കറിയില്ലെന്നും ചോദ്യത്തോടായി അദ്ദേഹം പ്രതികരിച്ചു.
 നാല് വോട്ടിനേക്കാളും സീറ്റിനെക്കാളും വലുത് നാടിന്റെ നിലനിൽപ്പാണെന്ന ദൃഢമായ നിലപാടെടുക്കുന്ന പാർട്ടിയാണ് സി.പി.എമ്മെന്നും അദ്ദേഹം അവകാശപ്പെട്ടു. മാധ്യമ പ്രവർത്തകൻ ജിബിൻ മൂഴിക്കൽ അനുസ്മരണത്തിന്റെ ഭാഗമായി നടന്ന 'ഗവർണർ പദവി; കൊളോണിയൽ അവശേഷിപ്പോ അനിവാര്യതയോ?' എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.  
 ജനങ്ങളോട് അധികാര ഗർവോടെ പെരുമാറുകയല്ല കമ്മ്യുണിസ്റ്റുകാർ ചെയ്യേണ്ടത്. കമ്മ്യൂണിസ്റ്റുകാർ ജനങ്ങളോട് നല്ല വിനീത വിധേയരാവണം. ജനങ്ങളുമായുള്ള ബന്ധം ദൃഢകരമാവണം. അത് സംബന്ധിച്ച് എവിടെയെങ്കിലും പോരായ്മ വരുന്നുണ്ടെങ്കിൽ പരിശോധിച്ച് തെറ്റ് തിരുത്താൻ പാർട്ടിക്കകത്ത് സംവിധാനമുണ്ട്. നിരന്തരം അത്തരം തെറ്റുതിരുത്തൽ പ്രക്രിയ നടത്തുന്ന പാർട്ടിയാണ് സി.പി.എം. 
 ഗവർണർ പദവി കൊളോണിയൽ അവശേഷിപ്പാണ്. ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ കോമാളി വേഷം മുൻ ഗവർണർ ജസ്റ്റിസ് പി സദാശിവം കെട്ടിയില്ല. വിഡ്ഢിവേഷങ്ങൾ കെട്ടുന്ന, കോമാളിത്തരം കാണിക്കുന്ന ഗവർണർക്ക് വിശ്വാസ്യതയില്ല. തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെതിരേയാണ് അദ്ദേഹത്തിന്റെ വെല്ലുവിളി. സർക്കാറിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വായിൽ തോന്നിയത് വിളിച്ചു പറയുന്നു. കേന്ദ്ര ഗവൺമെൻറിന്റെ ഏജൻറിനെ പോലെ പ്രവർത്തിക്കുന്നു. ഒരു ദിവസത്തെ സുൽത്താനെ പോലെ അധഃപതിച്ച നിലയിലാണ് പ്രവർത്തനം. ഗവർണർ സർക്കാറിനെ വെല്ലുവിളിച്ച് നിയമസഭ പാസാക്കിയ ബില്ലുകൾ കേന്ദ്രസർക്കാറിന് വേണ്ടി മാസങ്ങളോളം പിടിച്ചുവെക്കുന്നു. ബില്ലിന് മേൽ അടയിരിക്കുന്ന സമീപനമാണ് ഗവർണർ സ്വീകരിച്ചത്. ഭരണഘടനയെയും സുപ്രീം കോടതി വിധിയെയും ഗവർണർ പരിഹസിക്കുകയാണുണ്ടായതെന്നും ജയരാജൻ കുറ്റപ്പെടുത്തി.
 കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ പി.വി ജീജോ അനുസ്മരണ ഭാഷണം നടത്തി. സജീവൻ കല്ലേരി, ഹരീഷ് കൊളച്ചേരി, അജയ് ശ്രീശാന്ത് പ്രസംഗിച്ചു. 2015 ഡിസംബർ 22-നാണ് സുഹൃത്തുക്കൾക്കൊപ്പം യാത്രപോയ ജിബിൻ പതങ്കയം വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചത്.

Latest News