ദോഹ-ഏഷ്യയിലെ ഏറ്റവും വലിയ കാല്‍പന്തുകളി മാമാങ്കമായ എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ന് പന്തുരുളുവാന്‍ ദിവസങ്ങള്‍ ശേഷിക്കെ കാല്‍പന്തുകളിയാവേശം വാനോളമുയര്‍ത്തി ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക തീം ഗാനത്തിന് 'ഹദഫ്' ( ഗോള്‍) എന്നാണ് പേരിട്ടിരിക്കുന്നത്. എല്ലാ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ന്റെ ഔദ്യോഗിക ഗാനം ലഭ്യമാണ് .
കത്താറ സ്റ്റുഡിയോയും അവേക്കനിംഗ് മ്യൂസിക്കും അതിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ചാനലുകളിലൂടെയാണ് ഗാനത്തിന്റെ ലോഞ്ച് പ്രഖ്യാപിച്ചത്. 'നമുക്ക് ഒരു ഹദഫുമായി പുതുവര്‍ഷം ആരംഭിക്കാം. ലക്ഷ്യത്തിന്റെ പര്യായമായ അറബി വാക്കായ ഹദഫ് സൂചിപ്പിച്ച് ,' പ്രാദേശിക സംഘാടക സമിതി പറഞ്ഞു.
'പ്രചോദിപ്പിക്കുന്ന ഈ രചന ജീവിതത്തിലെ അഭിലാഷം, ഐക്യം, പ്രതിരോധം എന്നിവ ആഘോഷിക്കുന്നു . കളിക്കപ്പുറം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും പ്രത്യാശ സ്വീകരിക്കാനും സ്ഥിരോത്സാഹം കാണിക്കാനും എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നതാണ് ഈ ഗാനം. ദോഹ മെട്രോയുടെയും ഓള്‍ഡ് ദോഹ തുറമുഖത്തിന്റെയും ഉള്ളില്‍ നിന്നുള്ള രംഗങ്ങളുള്ള ഈ ഗാനം ഹേബ ഹമാദ എഴുതി ഖത്തറി ആര്‍ട്ടിസ്റ്റ് ഫഹദ് അല്‍ ഹജ്ജാജിയും കുവൈത്ത് ഹുമൂദ് അല്‍ ഖുദറും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.